വിജയരാഘവനെതിരായ കേസ്: യു.ഡി.എഫ് നേതൃത്വം തീരുമാനിക്കുമെന്ന് രമ്യാ ഹരിദാസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ അധിക്ഷേപിച്ച ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരായി നല്‍കിയ കേസ് മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് രമ്യാ ഹരിദാസ്.
തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിജയരാഘവന്‍ നടത്തിയ പ്രസ്താവന തനിക്ക് വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കിയത്. അതിനുശേഷം ആലത്തൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ തനിക്ക് താങ്ങും തണലുമായി നിന്നു. വ്യക്തിഹത്യയല്ല, മറിച്ച് രാഷ്ട്രീയ പ്രസ്താവനയാണ് നടത്തിയതെന്ന അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ല. രാഷ്ട്രീയ പ്രസ്താവനയാണെങ്കിലും അത് വേദനയും അപമാനവും ഉണ്ടാക്കി. പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ക്കും ഇത്തരമൊരു ആക്ഷേപം കേള്‍ക്കേണ്ടിവരരുതെന്ന് കരുതിയാണ് ഇടതുമുന്നണി കണ്‍വീനര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോയത്. കേസ് ഇപ്പോള്‍ കോടതിയിലാണ്.
തനിക്കെതിരെ ദീപാ നിശാന്ത് നടത്തിയ പ്രസ്താവനയെക്കുറിച്ച് ഇനിയൊന്നും പറയാനില്ല. അവര്‍ ആലത്തൂരിലെ വോട്ടറാണ്. ദീപാ നിശാന്തിന്റെ വോട്ടും തനിക്ക് ലഭിച്ചുവെന്നാണ് കരുതുന്നത്. തന്റേത് ജനപക്ഷ രാഷ്ട്രീയമാണ്. ജനങ്ങള്‍ക്ക് ഒപ്പംനിന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് ആഗ്രഹവും ലക്ഷ്യവുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."