നവോത്ഥാന സംരക്ഷണ സമിതിയില്‍ ഭിന്നത
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറെ കൊട്ടിഘോഷിച്ച് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയില്‍ ഭിന്നത.
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തകര്‍ന്നടിഞ്ഞത് ശബരിമല വിഷയം ഉണ്ടാക്കിയ വോട്ടുചോര്‍ച്ച മൂലമല്ലെന്ന നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാറിന്റെ അഭിപ്രായമാണ് സമിതിയില്‍ കടുത്ത ഭിന്നതക്കിടയാക്കിയത്. സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശനും ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതനും പുന്നലയുടെ നിലപാടില്‍ കടുത്ത അതൃപ്തിയാണുള്ളത്. ഇന്ന് മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിനുശേഷം ചേരുന്ന പ്രത്യേക സമിതി യോഗത്തില്‍ അതൃപ്തി വ്യക്തമാക്കാനാണ് ഇരുവരുടെയും നീക്കം. വനിതാ മതിലിനോടനുബന്ധിച്ച് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് രൂപീകരിച്ചതാണ് നവോത്ഥാന സംരക്ഷണ സമിതി. അതിനിടെ, തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെതന്നെ നിര്‍ദേശപ്രകാരം സമിതി പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
തോല്‍വിക്കുകാരണം ശബരിമല വിഷയത്തെ തുടര്‍ന്ന് വിശ്വാസി സമൂഹം അകന്നതാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോയും സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയിരുന്നു. ഈ അഭിപ്രായം സി.പി.എം തിരുത്തണമെന്നാവശ്യപ്പെട്ടാണ് പുന്നല ശ്രീകുമാര്‍ രംഗത്തെത്തിയത്. തോല്‍വി ന്യൂനപക്ഷ ഏകീകരണം മൂലമാണെന്നും സി.പി.എം നിലപാട് തിരുത്തിയില്ലെങ്കില്‍ നവോത്ഥാന സമിതിയുമായി സഹകരിക്കില്ലെന്നുമാണ് കണ്‍വീനറായ പുന്നല വ്യക്തമാക്കിയിരിക്കുന്നത്. അതിനെതിരായ നിലപാടാണ് ചെയര്‍മാനും ജോയിന്റ് കണ്‍വീനറും സ്വീകരിച്ചിരിക്കുന്നത്.
തോല്‍വിക്ക് പ്രധാന കാരണം ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനുണ്ടായ ജാഗ്രതക്കുറവാണെന്ന് വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രി വിളിച്ച അനൗപചാരിക ചര്‍ച്ചയില്‍ തങ്ങളുടെ അതൃപ്തി വെള്ളാപ്പള്ളിയും സുഗതനും വ്യക്തമാക്കും. തുടര്‍ന്നും പുന്നല നിലപാട് മാറ്റിയില്ലെങ്കില്‍ അദ്ദേഹത്തെ സമിതിയില്‍ നിന്ന് ഒഴിവാക്കാനും നീക്കമുണ്ട്. എല്‍.ഡി.എഫിന്റെ തോല്‍വിക്കുകാരണം ശബരിമല അല്ലെന്ന് വ്യക്തമാക്കി പാര്‍ട്ടിയെ തള്ളി പിണറായി രംഗത്തെത്തിയതിലും വെള്ളാപ്പള്ളിക്കും സുഗതനും അതൃപ്തിയുണ്ട്. ഇക്കാര്യവും മുഖ്യമന്ത്രിയെ ഇന്ന് നേരിട്ടറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."