പെയിന്റടി വിവാദം: വിശദീകരണവുമായി ബെഹ്‌റ
തിരുവനന്തപുരം: പൊലിസ് സ്‌റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ലെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ വിശ്വാസിനും ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും നല്‍കിയ വിശദീകരണത്തിലാണ് ബഹ്‌റ ഇക്കാര്യം അറിയിച്ചത്.
പെയിന്റ് ഏതാണെന്നു കണ്ടെത്താന്‍ കമ്പനിയുടെ പേര് സൂചിപ്പിച്ചതേ ഉള്ളൂവെന്നും സെന്‍കുമാര്‍ ഡി.ജി.പിയായിരുന്നപ്പോഴാണ് പൊലിസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ പെയിന്റ് മാറ്റുന്ന പദ്ധതി ആവിഷ്‌കരിച്ചതെന്നും കേന്ദ്ര സഹായത്താലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ബെഹ്‌റയുടെ വിശദീകരണക്കുറിപ്പിലുണ്ട്.
ബെഹ്‌റ സ്ഥാനമൊഴിയുന്നതിനു തൊട്ടുമുന്‍പാണ് വിവാദ ഉത്തരവിറങ്ങിയത്. സംസ്ഥാനത്തെ പൊലിസ് സ്‌റ്റേഷനുകള്‍ക്കും സി.ഐ, ഡിവൈ.എസ്.പി ഓഫിസുകള്‍ക്കും പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റ് അടിക്കണമെന്നായിരുന്നു ജില്ലാ പൊലിസ് മേധാവികള്‍ക്ക് അയച്ച ഉത്തരവിലുണ്ടായിരുന്നത്.
ബെഹ്‌റയുടെ ഉത്തരവില്‍ അഴിമതിയുണ്ടെന്ന സൂചനയെ തുടര്‍ന്ന് സെന്‍കുമാര്‍ സ്ഥാനമേറ്റ ഉടന്‍ ഉത്തരവ് പിന്‍വലിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊലിസ് ആസ്ഥാനത്തെ അഡീഷണല്‍ എ.ഐ.ജി ഹരിശങ്കറിനെയാണു ചുമതലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."