പ്രതിമാസ പ്രവാസി പെൻഷൻ പദ്ധതിയുമായി ജിദ്ദ കെഎംസിസി; 20 ലക്ഷം രൂപയുടെ സുരക്ഷാ പരിരക്ഷ
ജിദ്ദ: പ്രതിമാസ പ്രവാസി പെൻഷൻ പദ്ധതിയുമായി ജിദ്ദ കെഎംസിസി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയാണ് പ്രവാസികൾക്ക് പ്രതിമാസ പെൻഷൻ നൽകാനുള്ള തീരുമാനവുമായി രംഗത്തെത്തിയത്. ജിദ്ദ കെഎംസിസി നടത്തിവരുന്ന കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി വിജയകരമായ 12 മത്തെ വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പ്രവാസി ചരിത്രത്തിൽ തന്നെ വിപ്ലവകരമാവുന്ന പെൻഷൻ പദ്ധതി പ്രഖ്യാപിക്കുന്നത്. കാരുണ്യ ഹസ്തം കുടുംബ സുരക്ഷപദ്ധതി അംഗമായിരിക്കെ മരണപെട്ട നൂറ് കണക്കിന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം കോടിക്കണക്കിന് രൂപ നൽകാൻ ജിദ്ദ കെഎംസിസി ക്ക് സാധിച്ചുവെന്നും കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായ ആയിരക്കണക്കിന് പ്രവാസികൾക്ക് പുതിയ പെൻഷൻ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നും പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കർ അരിമ്പ്ര പത്രസമ്മേളത്തിൽ വ്യക്തമാക്കി.
2015 മുതൽ ഏതെങ്കിലും 5 വർഷം സുരക്ഷ പദ്ധതിയുടെ ഭാഗമായി എക്സ്റ്റിൽ പോയ 60 വയസ്സ് പൂർത്തിയായ പ്രവാസിക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി. പുതുതായി അംഗത്വമെടുക്കുന്നവർക്ക് 2021 മുതൽ തുടർച്ചയായ മൂന്ന് വർഷത്തെ അംഗത്വമുണ്ടെങ്കിൽ 60 വയസ് പൂർത്തിയാവുന്നതോടെ പ്രവാസം നിർത്തി നാട്ടിൽ പോയാൽ പെൻഷന് അർഹരാവും. പെൻഷൻ അർഹരായവർ മരണാനന്തര ചികിത്സ ആനുകൂല്യങ്ങൾക്ക് അർഹരാവുന്നതിന് തുടർന്നും നാട്ടിൽ നിന്നും 2021 മുതൽ അംഗത്വം തുടരേണ്ടതാണ് .
11 വർഷത്തിനിടെ 1 ലക്ഷത്തിലധികം പേർക്കാണ് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നേരിട്ട് കുടുംബ സുരക്ഷ പരിരക്ഷ നൽകിയത്. നാഷണൽ, സെൻട്രൽ, ജില്ല കമ്മിറ്റികളുടെ വിവിധ പദ്ധതികളിലായി കഴിഞ്ഞ കാലങ്ങളിൽ ജിദ്ദയിൽ മാത്രം 2 ലക്ഷം പ്രവാസികൾക്ക് കുടുംബ സുരക്ഷ പദ്ധതി പരിരക്ഷ ഉറപ്പ് വരുത്താൻ കഴിഞ്ഞിട്ടുണ്ട്. നടപ്പു വർഷം വിവിധ പദ്ധതികളിൽ നിന്നായി 2 കോടിയിലധികം രൂപ ജിദ്ദയിലെ പ്രവാസികൾക്ക് ആനുകൂല്യമായി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പദ്ധതിയിൽ നിന്നും ഗുണഭോക്താക്കൾക്ക് നൽകിയത് 10 കോടിയോളം രൂപയാണ്. 5 വർഷം തുടർച്ചയായി പദ്ധതി അംഗമായ വ്യക്തി എക്സിറ്റിൽ പോമ്പോൾ നാട്ടിലേക്കുളള ടിക്കറ്റിന്റെ തുക കമ്മിറ്റി നൽകുന്നുണ്ട്. ഒക്ടോബർ 16 ന് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുന്ന കാമ്പയിൻ ഉൽഘാടനത്തിൽ വെച്ച് അടുത്തിടെ മരണപെട്ട 14 പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം അടക്കം ഒരു കോടി രൂപക്കുള്ള ചെക്കുകൾ വിതരണം ചെയ്യും.
2021 ലെ പുതിയ വർഷ പദ്ധതിയുടെ പ്രീമിയം 50 റിയാലും പെൻഷൻ വിഹിതമായി 10 റിയാലുമാണ് ഫീസ്. കൊവിഡ് കാരണം നാട്ടിൽ കുടുങ്ങി പോയ ആളുകൾക്ക് പദ്ധതിയിൽ അംഗത്വമെടുക്കാൻ കേരളത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ കൗണ്ടറുകൾ തുറക്കുകയും കോഡിനേറ്റർമാരെ ചുമത പെടുത്തുകയും ചെയ്യും. കൊവിഡ് മഹാമാരിക്കാലത്ത് ഏറ്റവും വലിയ റിലീഫ് ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ജിദ്ദ കെഎംസിസിയുടെ കൊവിഡനന്തര സമ്മാനമാണ് പ്രതിമാസ പ്രവാസി പെൻഷൻ. ഇതടക്കമുള്ള സംഘടനയുടെ സകല പദ്ധതികൾക്കും ജാതി മത കക്ഷിഭേദങ്ങളുടെ അതിർ വരമ്പുകളില്ലെന്നും കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി, സഊദി നാഷണൽ കമ്മിറ്റി, ജിദ്ദയിലെ വിവിധ ജില്ലാ കമ്മിറ്റികൾ നടത്തുന്ന കുടുംബ സുരക്ഷാ പദ്ധതികളിൽ തുടർച്ചയായി അംഗമാവുന്ന ജിദ്ദയിലെ ഒരു പ്രവാസിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയാണ് മരണാനന്തര അനുകൂല്യമായി 2021 മുതൽ കെഎംസിസി നൽകുകയെന്നനും നേതാക്കൾ പറഞ്ഞു.
ജീവിക്കാനായി കടൽ കടന്ന് കുടുംബം പോറ്റാൻ പതിറ്റാണ്ടുകൾ മരുഭൂമിയിൽ കഷ്ടപെട്ടിട് വെറും കയ്യോടെ നാട്ടിലേക്ക് മടങ്ങുന്നവർ നിരവധിയാണ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ പോലും ഇത്തരക്കാരുടെ ദുരവസ്ഥക്ക് മുന്നിൽ കണ്ണടക്കുമ്പോഴാണ് ചരിത്രത്തിലദ്യമായി ഒരു പ്രവാസി സംഘടന മരണം വരെ പ്രവാസിക്ക് പെൻഷൻ ലഭ്യമാക്കാൻ പ്രതിജ്ഞ ബദ്ധമായ പ്രതിബദ്ധതയോടെ പ്രായോഗിക മാർഗ്ഗം കണ്ടെത്തുന്നത്. കുടുംബനാഥൻ നഷ്ടപെട്ട ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവിത മാർഗ്ഗമൊരുക്കാൻ ഗൾഫ് രാജ്യങ്ങളിൽ കെഎംസിസി കമ്മിറ്റികൾ ഫലപ്രഥമായി നടപ്പാക്കിയ സുരക്ഷ പദ്ധതി 20 വർഷം മുമ്പ് ജിദ്ദയിൽ നിന്നാണ് തുടക്കം കുറിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് പ്രതിമാസ പ്രവാസി പെൻഷൻ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുളള തുടക്കവും ജിദ്ദയിൽ നിന്ന് ആരംഭിക്കുന്നതെന്നും ഇവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."