ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി ഭരിക്കാനില്ലെന്നു യെദ്യൂരപ്പ
മംഗളൂരു: ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ ഒരുക്കമല്ലെന്നു മുന്‍ മുഖ്യ മന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്.യെദ്യൂരപ്പ വ്യക്തമാക്കി. കര്‍ണ്ണാടകയില്‍ ഓപ്പറേഷന്‍ താമര നടപ്പാക്കാനുള്ള കരുനീക്കവുമായി മാസങ്ങളായി യെദ്യൂരപ്പ രംഗത്തുണ്ടെങ്കിലും പദ്ധതി വിജയിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് യെദ്യൂരപ്പയുടെ പ്രസ്താവന. അതേസമയം, നിലവിലുള്ള മന്ത്രി സഭയെ താഴെ ഇറക്കി സംസ്ഥാനത്തെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് തള്ളിയിടുക എന്ന തന്ത്രമാണ് യെദ്യൂരപ്പ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 28ല്‍ 25 സീറ്റുകളും കരസ്ഥമാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയമസഭയിലേക്ക് വീണ്ടും തെരെഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ഇരുനൂറോളം സീറ്റുകള്‍ നേടിയെടുത്ത് പ്രതിപക്ഷ ഭയമില്ലാതെ സംസ്ഥാന ഭരണം നടത്താമെന്ന തന്ത്രമാണ് യെദ്യൂരപ്പ മനസ്സില്‍ കാണുന്നത്.
കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ 105 സീറ്റുകളുമായി ഭരണം പിടിക്കാനിറങ്ങിയ യെദ്യൂരപ്പക്ക് സത്യ പ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.
അതിനിടെ 80 സീറ്റുകള്‍ കരസ്ഥമാക്കിയ കോണ്‍ഗ്രസും 38 സീറ്റുകള്‍ കരസ്ഥമാക്കിയ ജെ.ഡി.എസും സഖ്യം രൂപീകരിച്ചതോടെ യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുകയും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം അധികാരത്തില്‍ വരുകയുമായിരുന്നു. തുടര്‍ന്ന് സഖ്യ സര്‍ക്കാരിനെ വീഴ്ത്തി അധികാരത്തിലേറാന്‍ പലതവണ യെദ്യൂരപ്പ നീക്കം നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടിരുന്നു.
പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തെരെഞ്ഞെടുപ്പ് ഫലം പുറത്തു വന്ന പിറ്റേ ദിവസം തന്നെ സര്‍ക്കാര്‍ നിലം പതിക്കുമെന്നും ബി.ജെ.പി മന്ത്രി സഭയുണ്ടാക്കുമെന്നും യെദ്യൂരപ്പ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നെങ്കിലും സ്വപ്നം ഫലിക്കാതെ വരുകയായിരുന്നു.
ഇതിനിടയില്‍ കോണ്‍ഗ്രസിലെ രണ്ടു വിമത എം.എല്‍.എമാര്‍ യെദ്യൂരപ്പയെയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എസ്.എം കൃഷ്ണയെയും കണ്ടു ചര്‍ച്ച നടത്തി. ഇതിനു പിന്നാലെയാണ് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി സംസ്ഥാന ഭരണം നടത്താനില്ലെന്നു യെദ്യൂരപ്പ വ്യക്തമാക്കിയത്. ജെ.ഡി.എസുമായി മുന്‍പ് സഖ്യമുണ്ടായ അനുഭവം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭരണത്തെ സസൂക്ഷമം നിരീക്ഷിച്ചു വരികയാണെന്നും ധൃതിപ്പെട്ടു തീരുമാനങ്ങള്‍ കൈകൊള്ളില്ലെന്നും പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ സുരക്ഷിതമാക്കി നിര്‍ത്താന്‍ സഖ്യത്തിന് നന്നേ പാടുപെടേണ്ടി വരും.
കഴിഞ്ഞ വര്‍ഷം എം.എല്‍.എമാരെ ആന്ദ്രയിലെ റിസോര്‍ട്ടിലേക്കു കൊണ്ട് പോയാണ് യെദ്യൂരപ്പയുടെ കുതിരക്കച്ചവട ശ്രമത്തില്‍ നിന്നും നേതാക്കള്‍ രക്ഷിച്ചത്. അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്ത ദിവസം മുഴുവന്‍ എം.എല്‍.എമാരും നിയമസഭയില്‍ ഹാജരായതോടെ അവിശ്വാസ പ്രമേയം പാസാവുമെന്നു കണ്ടു യെദ്യൂരപ്പ മുഖ്യ മന്ത്രി സ്ഥാനം രാജി വെക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."