കെല്‍ നവീകരണത്തിന് 50 ലക്ഷം അനുവദിച്ചു
പാലക്കാട്: പുതുപ്പരിയാരത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി(കെല്‍) നവീകരണത്തിന് 50 ലക്ഷം അനുവദിച്ചതായി വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ നിയമസഭയില്‍ അറിയിച്ചു.ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ്.അച്ചുതാനന്ദന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
1977 നവംബര്‍ 11ന് കേരളത്തില്‍ കെല്ലിന്റെ മൂന്നാമത് യൂനിറ്റായാണ് പ്രവര്‍ത്തനം തുടങ്ങിയത്. 180 ഓളം ജീവനക്കാര്‍ തൊഴില്‍ ചെയ്തിരുന്ന സ്ഥാപനം രാജ്യത്തെ ഏറ്റവും ഗുണനിലവാരമുള്ള ഇലക്ട്രിക്കല്‍ സ്വിച്ച് ഗിയര്‍ നിര്‍മിച്ച് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു.
എറണാകുളത്ത് പിറവത്തിനടുത്തുള്ള കെല്ലിന്റെ മാമല യൂനിറ്റില്‍ നിര്‍മിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറിന് ആവശ്യമായ സ്‌പെയര്‍പാര്‍ട്‌സും കൊല്ലം കുണ്ടറ യൂനിറ്റിന് ആള്‍ട്രനേറ്റര്‍ നിര്‍മാണത്തിനാവശ്യമായ സ്‌പെയര്‍പാര്‍ട്‌സും ഇവിടെയാണ് ഉത്പാദിപ്പിച്ചിരുന്നത്.
നിര്‍ത്തിവെച്ചിരുന്ന ഇത്തരം അനുബന്ധ സാധനങ്ങളുടെ ഉത്പാദനം തുടരാനുള്ള സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കമ്പനി പ്രവര്‍ത്തിക്കുന്ന സിഡ്‌കോ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ , തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക , വൈദ്യുതി ബോര്‍ഡിന്റെ എയര്‍ ബ്രേക്കര്‍ സ്വിച്ച്, ഫ്യൂസ് യൂനിറ്റുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാവാത്ത സ്ഥിതി എന്നിവയ്ക്ക് പരിഹാരം കാണണമെന്നും സബ്മിഷനില്‍ ആവശ്യപ്പെട്ടിരുന്നു.
നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് കെല്‍ നവീകരണം സര്‍ക്കാര്‍ ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."