മഹാരാഷ്ട്രയില്‍ കത്ത് കത്തുന്നു; ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ശിവസേന, വാളെടുത്ത് ശരത് പവാര്‍
മുംബൈ: കൊവിഡ് വ്യാപനം കാരണം അടച്ച ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണറും മുന്‍ ബി.ജെ.പി നേതാവുമായ ഭഗത് സിങ് കോശിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കയച്ച കത്തില്‍ കൂടുതല്‍ വിവാദം. കത്തില്‍ ഗവര്‍ണര്‍ ഉപയോഗിച്ച ഭാഷയ്‌ക്കെതിരേ എന്‍.സി.പി നേതാവ് ശരത് പവാര്‍ പ്രധാനമന്ത്രിക്കു കത്തയച്ചതിനു പിന്നാലെ, ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ട് ശിവസേനയും രംഗത്തെത്തി. ഗവര്‍ണറെ തിരിച്ചുവിളിച്ച് രാജ്ഭവന്റെ അന്തസ് നിലനിര്‍ത്തണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ ഗവര്‍ണര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എഡിറ്റോറിയലുമെഴുതി. കത്തില്‍ ഗവര്‍ണര്‍ ഉപയോഗിച്ച ഭാഷയാണ് പരക്കെ വിമര്‍ശിക്കപ്പെടുന്നത്. ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കണമെന്നാവശ്യപ്പെടുന്ന കത്തില്‍ മുഖ്യമന്ത്രിയോട്, വലിയ ഹിന്ദുത്വ ചിന്താഗതിക്കാരനായിരുന്ന താങ്കള്‍ ഇപ്പോള്‍ മതേതരനായോ എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ നടത്തിയിരുന്നു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ നടത്തിയ ഇത്തരം പരാമര്‍ശങ്ങള്‍ ഞെട്ടലുണ്ടാക്കിയെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കമുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടത്. താങ്കള്‍ മതേതരനായോ, ക്ഷേത്രങ്ങള്‍ തുറക്കാതിരിക്കാന്‍ താങ്കള്‍ക്കു ദൈവിക നിര്‍ദേശമുണ്ടോ തുടങ്ങിയ ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക്, തനിക്ക് ആരുടെയും ഹിന്ദുത്വ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്നും ക്ഷേത്രങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ചു തീരുമാനമെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."