കോര്‍പ്പറേറ്റുകളുടെ സ്വന്തം സര്‍ക്കാര്‍
നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ പാര്‍ട്ടി വിജയക്കുതിപ്പു തുടങ്ങിയതോടെ സെന്‍സെക്‌സ് 600 പോയിന്റ് ഉയര്‍ന്ന് 40,000 എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് ശ്രദ്ധിച്ചിരുന്നില്ലേ. വാസ്തവത്തില്‍ എക്‌സിറ്റ് പോളുകള്‍ എന്‍.ഡി.എ വമ്പന്‍ ജയം നേടുമെന്നു പ്രവചിച്ചപ്പോഴേ സെന്‍സെക്‌സും നിഫ്റ്റിയും കുതിപ്പു തുടങ്ങിയിരുന്നു. ഓഹരിവിപണി ബി.ജെ.പിയുടെ ജയത്തെ സ്വാഗതം ചെയ്യുന്നതില്‍ നിന്നുതന്നെ ആ പാര്‍ട്ടിയുടെ കോര്‍പ്പറേറ്റ് സമീപനം പ്രകടമാണ്.
മുതലാളിത്തപ്രീണനം തുടര്‍ന്നുവന്നിരുന്ന കോണ്‍ഗ്രസിനെതിരേയാണ് ഇത് എന്നുകൂടി ഓര്‍ക്കണം. നല്ല കാലത്തു കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പു ഫണ്ടിലേയ്ക്കു കാര്യമായ സംഖ്യ സംഭാവന ചെയ്ത രാജ്യത്തെ വന്‍കിട കമ്പനികള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ പിന്നാലെപ്പോയത് അവരുടെ ഭരണത്തില്‍ കോര്‍പ്പറേറ്റുകളുടെ കാര്യം കുശാലാണെന്ന തിരിച്ചറിവുകൊണ്ടു തന്നെയാണ്.
ഈ തെരഞ്ഞെടുപ്പിലും എന്‍.ഡി.എയ്ക്കായി ശതകോടികളാണു രാജ്യത്തിനകത്തെയും പുറത്തെയും കോര്‍പറേറ്റ് ഭീമന്മാര്‍ വാരിയെറിഞ്ഞത്. എണ്ണവിലയില്‍ സര്‍ക്കാര്‍ ഇടപെടുകയില്ലെന്ന ഉറപ്പു മതി അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്. ആരുമറിയാതിരുന്ന ഗൗതം അദാനിയെ ഇന്നത്തെ നിലയിലേയ്ക്ക് ഉയര്‍ത്തിയതും മോദിയും അമിത് ഷായും തന്നെയാണല്ലോ.
2014ല്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 165 ദിവസം കൊണ്ടു മോദി ഇന്ത്യ വിട്ടു പറന്നത് 52 രാജ്യങ്ങളിലേയ്ക്കാണ്. രാജ്യത്തിന്റെ ഖജനാവിനു 355 കോടി നഷ്ടം വരുത്തിയ ആ യാത്രകളൊന്നും വിനോദത്തിനു വേണ്ടിയുള്ളതായിരുന്നില്ല. ആ യാത്രകളില്‍ കുത്തകക്കമ്പനികളുടെ ആളുകള്‍ മോദിയെ അനുഗമിച്ചിരുന്നു.
ഗൗതം അദാനിയുടെയും അനില്‍ അംബാനിയുടെയും കമ്പനികളുടെ പ്രതിനിധികള്‍ മോദിക്കൊപ്പം പോയി ഒപ്പിട്ടത് 18 കരാറുകളിലാണെന്നു വിവരാവകാശനിയമം അനുസരിച്ചു ലഭ്യമായ വിവരങ്ങളില്‍ പറയുന്നു. 16 രാജ്യങ്ങളുമായാണു കരാറൊപ്പിട്ടത്. ഇതില്‍ 13 എണ്ണവും അദാനി ഗ്രൂപ്പിനു വേണ്ടിയുള്ളവയായിരുന്നു. ബാക്കി അഞ്ചെണ്ണം ഒപ്പിട്ടത് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ (എ.ഡി.എ.ജി) കമ്പനികളുമായിരുന്നു.
വിദേശരാജ്യങ്ങളുമായുള്ള പ്രധാനപ്പെട്ട കരാറുകളോരോന്നും മോദിയുടെ പ്രിയപ്പെട്ട കമ്പനികള്‍ക്കു ലഭിച്ചുകൊണ്ടേയിരുന്നു. 58,000 കോടിയുടെ റാഫേല്‍ ഇടപാടിനു പുറമെ സ്വീഡിഷ് വ്യോമയാനക്കമ്പനിയായ സാബ് എബിയുമായി ഇന്ത്യന്‍ നാവികസേനയ്ക്കു പൈലറ്റില്ലാ വിമാനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള 1000 കോടിയുടെ കരാറും ലഭിച്ചത് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനായിരുന്നു.
മോദിയുടെ ഇസ്‌റാഈല്‍ യാത്രകള്‍ മുസ്‌ലിംവിരോധം കൊണ്ടെന്നു ധരിച്ചവര്‍ക്കു തെറ്റി. അതും അംബാനിക്കു വേണ്ടിയായിരുന്നു. 65,000 കോടിയുടെ മിസൈല്‍ വികസനപദ്ധതിക്ക് ഇസ്‌റാഈലുമായുണ്ടാക്കിയ കരാറും അനില്‍ അംബാനി സ്വന്തമാക്കി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ഇസ്‌റാഈലുമായി ഇടപാടുകള്‍ നടത്തിയിരുന്നു. 2015ല്‍ റഷ്യയുമായി പ്രതിരോധബന്ധം ഊട്ടിയുറപ്പിച്ച 39,000 കോടിയുടെ വിമാന ഇടപാടും റിലയന്‍സ് ഡിഫന്‍സിനായിരുന്നു. എന്നാല്‍, മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ബാനറില്‍ ഇന്ത്യ സ്വീഡന് 100 ഒറ്റ എന്‍ജിന്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചുകൊടുക്കുന്നതിനുള്ള 60,000 കോടിയുടെ കരാര്‍ കിട്ടിയത് അദാനിക്കായിരുന്നു. 2016ല്‍ ഇറാനുമായുണ്ടാക്കിയ 500 ദശലക്ഷം ഡോളറിന്റെ ഇടപാടും അദാനിക്കു കിട്ടി.
അദാനി ഗ്രൂപ്പിന്റെ വളര്‍ച്ചാഗ്രാഫ് ഒന്നു പരിശോധിച്ചു നോക്കൂ. കോണ്‍ഗ്രസ് ഭരണകാലത്ത് അവഗണന നേരിട്ട അദാനി ഗ്രൂപ്പ് മോദി വന്നതോടെ ഒറ്റ വര്‍ഷംകൊണ്ടു 124.6 ശതമാനം വളര്‍ച്ചയാണു നേടിയത്. 2017 ജനുവരിയില്‍ 4.63 ബില്യന്‍ ലാഭമുണ്ടാക്കിയ അദാനി ഗ്രൂപ്പ് അതേവര്‍ഷം ഡിസംബര്‍ ആയപ്പോഴേയ്ക്കും 10.4 ബില്യണിന്റെ വളര്‍ച്ചയാണു നേടിയത്.
2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദാനിയെ കൈപിടിച്ചുയര്‍ത്തിയ മോദി പ്രധാനമന്ത്രിയായതോടെ തന്റെ നാട്ടുകാരനെ ഇന്ത്യയിലെ കോടീശ്വരന്മാരുടെ മുന്‍നിരയിലെത്തിച്ചതില്‍ അത്ഭുതപ്പെടാനില്ല. ഫോര്‍ബ്‌സിന്റെ 2018ലെ ഇന്ത്യയിലെ കോടീശ്വരപ്പട്ടികയില്‍ പത്താംസ്ഥാനത്തെത്തി അദാനി.
1988ല്‍ രൂപീകരിക്കപ്പെട്ട അദാനി ഗ്രൂപ്പ് വളര്‍ച്ചയില്‍ 1966 ല്‍ രൂപീകരിക്കപ്പെട്ട റിലയന്‍സ് ഗ്രൂപ്പിനെ കടത്തിവെട്ടിയതു മോദിയുടെ സഹായമൊന്നുകൊണ്ടു മാത്രമാണ്. 2014ല്‍ മോദി പ്രധാനമന്ത്രിയായതോടെ അഞ്ചുമാസം കൊണ്ടു ഗ്രൂപ്പ് മൂന്നിരട്ടി വളര്‍ച്ച നേടിയതായി ബ്ലൂംബര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡക്‌സ് വെളിപ്പെടുത്തുന്നു. 2014 മെയ് 2ന് 1.9 ബില്യനുണ്ടായിരുന്നതു സെപ്റ്റംബര്‍ 13 ആയപ്പോഴേക്കും 6 ബില്യനായി മാറി.
800 ദശലക്ഷമാളുകള്‍ ദിവസേന രണ്ടു ഡോളര്‍ പോലും വരുമാനമില്ലാതെ ജീവിക്കുന്ന രാജ്യത്ത് ഒരു ദിവസം അദാനി നേടിയത് 25 ദശലക്ഷം ഡോളറായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇതു ചൂണ്ടിക്കാട്ടിയെങ്കിലും ആരുമതിനു ചെവികൊടുത്തില്ല. 50 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 11,000ത്തിലേറെ തൊഴിലാളികളുള്ള അദാനി ഗ്രൂപ്പിന്റെ ഇന്നത്തെ വാര്‍ഷികവരുമാനം 11.9 ബില്യന്‍ ഡോളറാണ്.
ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും വേണമല്ലോ. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേയ്ക്കു പണം നിര്‍ലോഭമൊഴുകുന്നത് എവിടെനിന്നെന്നു പറയേണ്ടതില്ലല്ലോ. എന്നാല്‍, രസകരമായ കാര്യം, കഴിഞ്ഞവര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ചു ബി.ജെ.പിക്കു കൂടുതല്‍ തുക സംഭാവന നല്‍കിയത് അദാനി ഗ്രൂപ്പല്ല, പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്-144 കോടി. ഡി.എല്‍.എഫാണ് ഈ ട്രസ്റ്റിന് സംഭാവന നല്‍കുന്നത്. ഭാരതി ഗ്രൂപ്പ് (33 കോടി), ഷ്‌റോഫ് ഗ്രൂപ്പിന്റെ യു.പി.എല്‍ കമ്പനി (22 കോടി), ഗുജറാത്ത് ടറന്റ് ഗ്രൂപ്പ്(20 കോടി) എന്നിങ്ങനെ പോകുന്നു മറ്റു വ്യവസായ ഗ്രൂപ്പുകളുടെ സംഭാവന.
ഇതിലെവിടെയും റിലയന്‍സോ അദാനി ഗ്രൂപ്പോ ഇല്ലെന്നതു ശ്രദ്ധേയമാണ്. പ്രുഡന്റ് കോണ്‍ഗ്രസിനു നല്‍കിയതു 10 കോടി മാത്രമാണ്. ഭരണം ആര്‍ക്കു ലഭിക്കുമെന്ന് ഇവര്‍ക്ക് ആദ്യമേ അറിയാമല്ലോ. 2016-2017 സാമ്പത്തികവര്‍ഷം 1,034 കോടി രൂപയായിരുന്നു ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വരുമാനം. കോണ്‍ഗ്രസിന്റേത് 225.36 കോടിയും. ഏഴു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനം 1,559.17 കോടി! 2017-2018ലിത് ബി.ജെ.പിയുടേത് 1,027 കോടിയും കോണ്‍ഗ്രസിന്റേത് 199 കോടിയുമായി എന്ന് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 210 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളും ബി.ജെ.പിക്കു ലഭിച്ചു. കോണ്‍ഗ്രസിനു വെറും 5 കോടിയുടേതും.
വന്‍കിട കമ്പനികള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനകള്‍ക്കു പുറമെ നേതാക്കള്‍ക്കും ശതകോടികള്‍ നല്‍കാറുണ്ട്. അതു പലപ്പോഴും ബിനാമി പേരിലായിരിക്കുമെന്നു മാത്രം. അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി ഒറ്റവര്‍ഷംകൊണ്ട് 16,000 ഇരട്ടി ലാഭമുണ്ടാക്കിയെന്ന റിപ്പോര്‍ട്ട് ദ വയര്‍ വെബ്‌സൈറ്റ് പുറത്തുവിട്ടത് മറക്കാറായിട്ടില്ല. 50,000 രൂപ മാത്രം വരുമാനമുള്ള കമ്പനി ഒരു വര്‍ഷംകൊണ്ട് 80 കോടി വരുമാനം കരസ്ഥമാക്കിയതായാണു പോര്‍ട്ടല്‍ ചൂണ്ടിക്കാട്ടിയത്. ഇതിന്റെ പേരില്‍ ദ വയര്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവന്നു. ജയ് ഷായുടെ ആറു കോടി മാത്രം (രേഖകളില്‍) വരുമാനമുള്ള കമ്പനിക്ക് വിവിധ ബാങ്കുകളില്‍ നിന്ന് 95 കോടി കടം അനുവദിച്ചത് കോണ്‍ഗ്രസ് വിവാദമാക്കിയിരുന്നു.
സ്വന്തമായി 303 സീറ്റ് നേടിയ ബി.ജെ.പിയെ ഇനി ധൈര്യമായി കുത്തകക്കമ്പനികള്‍ക്കു വിശ്വസിക്കാം. 18 സീറ്റുള്ള ശിവസേന ബഹളമുണ്ടാക്കുകയാണെങ്കില്‍ പിടിച്ചുപുറത്തിടാനും അമിത് ഷായ്ക്കു കഴിയും. ഇന്ത്യയിലെ 543 ലോക്‌സഭാ സീറ്റുകളില്‍ 542 എണ്ണത്തിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ 353 ഉം നേടി എന്‍.ഡി.എ സഖ്യം കോര്‍പറേറ്റുകളുടെ പ്രതീക്ഷ കാത്തപ്പോള്‍ മോദിയെ ആശംസയറിയിക്കാന്‍ ആദ്യം വിളിച്ചവരില്‍ യു.എസ്- ഇസ്‌റാഈല്‍ രാഷ്ട്രത്തലവന്മാരുണ്ടായിരുന്നു. നമുക്കു രണ്ടുപേര്‍ക്കും കുറച്ചുകാര്യങ്ങള്‍ കൂടി ചെയ്യാനുണ്ടെന്നാണ് അഭിനന്ദനമറിയിച്ച ട്രംപിനു പറയാനുണ്ടായിരുന്നത്. ഇസ്‌റാഈലിനാകട്ടെ അവരുടെ പ്രധാന വരുമാനമാര്‍ഗമായ ആയുധക്കച്ചവടത്തിനു മോദിയുടെ കീഴിലുള്ള ഇന്ത്യയാണു കൂടുതല്‍ യോജ്യം.
വോട്ടര്‍മാരുടെ അക്കൗണ്ടുകളിലേയ്ക്കു ലക്ഷങ്ങളെത്തിയില്ലെങ്കിലും മോദിയുടെയും ഷായുടെയും അവരുടെ സ്വന്തക്കാരുടെയും ബിനാമി എക്കൗണ്ടുകള്‍ പത്തുതലമുറ ധൂര്‍ത്തടിച്ചാലും തീരാത്ത സമ്പത്തുകൊണ്ടു നിറയും. അതിനു മറയിടാനാണു പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെയും വര്‍ഗീയകലാപങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത്.
വീണ്ടും അധികാരത്തിലേറിയതോടെ ഇനി വേഗം രാമക്ഷേത്രം പണിതു യു.പിയിലെ വോട്ടര്‍മാരോടുള്ള വാഗ്ദാനം ബി.ജെ.പി പാലിക്കുമെന്നൊന്നും കരുതേണ്ടതില്ല. മികച്ച ഭൂരിപക്ഷം കിട്ടിയതിനാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു സ്ത്രീപ്രവേശനം നിരോധിച്ചു നിത്യ ബ്രഹ്മചാരിയായ അയ്യപ്പനോടുള്ള ഭക്തി പ്രകടിപ്പിക്കുമെന്നും പ്രതീക്ഷിക്കേണ്ട. അതെല്ലാം വോട്ടു നേടാനുള്ള ഉപായങ്ങള്‍ മാത്രം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഉത്തരേന്ത്യയിലെ സാധാരണക്കാരെ ചാക്കിട്ടുപിടിക്കാന്‍ സഹായിച്ച ശൗചാലയപദ്ധതികള്‍, ബാങ്ക് അക്കൗണ്ട്, ഭവനപദ്ധതികള്‍, സ്ത്രീകളുടെ പേരില്‍ ഗ്യാസ് സിലിണ്ടര്‍ തുടങ്ങി ചെറിയ നമ്പറുകള്‍ പ്രതീക്ഷിക്കാം, അത്ര മാത്രം. ഇന്തോനേഷ്യയിലെപ്പോലെ വല്ല ജനകീയ പ്രക്ഷോഭവും വന്നാല്‍ അതിര്‍ത്തിയില്‍ വെടി പൊട്ടുകയും ചെയ്‌തേക്കാം. ബി.ജെ.പിയെ അടുപ്പിക്കാത്ത കേരളത്തെയും തമിഴ്‌നാടിനെയും കേന്ദ്ര ഫണ്ട് നല്‍കാതെ പരമാവധി പൊരിക്കുന്നതും വൈകാതെ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."