കേരള ബാങ്ക്: ജീവനക്കാരുടെ കേഡര്‍ സംയോജനം പൂര്‍ത്തീകരിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: കേരള ബാങ്കിന്റെ മുന്നോട്ടുള്ള നടപടികളില്‍ ഏറ്റവും ശ്രമകരമായ ദൗത്യമായ സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ കേഡര്‍ സംയോജനം പൂര്‍ത്തീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്.
കേരള സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്, എംപ്ലോയീസ് ഓര്ഗനൈസേഷന്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്, എംപ്ലോയീസ് കോണ്‍ഗ്രസ്, എംപ്ലോയീസ് യൂണിയന് എന്നീ സംഘടനകളുടെ ഭാരവാഹികളാണ് കേഡര്‍ സംയോജന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് അവരുടെ രാഷ്ട്രീയപരമായ നിലപാടുകളാല്‍ പൊതു സമവായത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. എന്നാല്‍ തുടര്‍ന്നു നിശ്ചയിച്ചിട്ടുള്ള ശമ്പള പരിഷ്കരണം സംബന്ധിച്ച ചര്‍ച്ചകളിലും കേരള ബാങ്കിന്റെ സ്പെഷ്യല്‍ റൂള്‍സ് തയാറാക്കുന്ന ചര്‍ച്ചകളിലും അവരും പങ്കെടുക്കും.
സംസ്ഥാന, ജില്ല സഹകരണ ബാങ്കുകളിലെ തസ്തികകള്‍, നിയമന യോഗ്യത, നിയമന രീതി, ശമ്പള സ്കെയില്‍, പൊതു മാനദണ്ഡങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് കേഡര്‍ സംയോജന നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയത്. ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ ഉത്തരവ് ഈ മാസം 28 നകം പുറത്തിറക്കും. ജീവനക്കാരുടെ കേഡര്‍ സംയോജനത്തെ തുടര്‍ന്ന് ഉയര്‍ന്നു വരുന്ന പരാതികള്‍ പരിഹരിക്കുന്നതിനും പരിഹാരം കാണുന്നതിനും ഒരു റിട്ടയേഡ് ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിക്കും. ഒരു വര്‍ഷ കാലാവധി ആയിരിക്കും ഈ സമിതിക്ക് ഉണ്ടാവുക. നിലവില്‍ ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് സംയോജനം പൂര്‍ത്തീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."