അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ആരോഗ്യ ഗവേഷണ രംഗത്ത് ലോകനിലവാരത്തിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെയും പുതുതായി കാണപ്പെടുന്ന പകര്‍ച്ചവ്യാധികളെയും ഫലപ്രദമായി തടയുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലുള്ള സ്ഥാപനങ്ങള്‍ അനിവാര്യമാണ്. പ്രമുഖ സ്ഥാപനങ്ങളായ ഐ.സി.എം.ആര്‍, ആര്‍.ജി.സി.ബി, എന്‍.ഐ.എസ്.ടി, ഐ.ഐ.എസ്.ഇ.ആര്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറോളജി വിദഗ്ധന്‍ ഡോ. അഖില്‍ ബാനര്‍ജിയാണ് സ്ഥാപനത്തിന്റെ മേധാവി. കൊവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗനിര്‍ണയത്തിനാവശ്യമായ ആര്‍.ടി.പി.സി.ആര്‍, മറ്റു ഗവേഷണാവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡോക്യുമെന്റേഷന്‍ സിസ്റ്റം, ബയോസേഫ്റ്റി ലെവല്‍ ക്യാബിനറ്റ്‌സ്, കാര്‍ബണ്‍ ഡയോക്‌സൈഡ് ഇന്‍കുബേറ്റര്‍, സെന്‍ട്രിഫ്യൂജ്, ഇലക്‌ട്രോഫോറസിസ് യൂനിറ്റ്, വാട്ടര്‍ബാത്ത് സിസ്റ്റം, നാനോ ഫോട്ടോമീറ്റര്‍ തുടങ്ങി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."