സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തില്‍ ഓഫിസ് ആരംഭിക്കാന്‍ ധാരണ
വടക്കാഞ്ചേരി: സ്ഥലപരിമിതി മൂലം പ്രതിസന്ധി നേരിടുകയും, പ്രവര്‍ത്തനം സ്തംഭനാവസ്ഥ സംജാതമാവുകയും ചെയ്യുന്ന വടക്കാഞ്ചേരി നഗരസഭക്ക് പുതിയ ആസ്ഥാന മന്ദിരമൊരുങ്ങുന്നു. സംസ്ഥാനപാതയോട് ചേര്‍ന്ന് വടക്കാഞ്ചേരി പൊലിസ് സ്റ്റേഷന് മുന്നിലുള്ള സര്‍ക്കാര്‍ കെട്ടിട സമുച്ഛയത്തില്‍ നഗരസഭ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായി.
ഇത് സംബന്ധിച്ച് ബുധനാഴ്ച്ച ജില്ലാ കലക്ടറേറ്റില്‍ യോഗം നടന്നു. പി.കെ ബിജു എം.പി, നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം എം.പി ജനങ്ങളുടേയും, ഉദ്യോഗസ്ഥരുടേയും ദുരിതം നേരിട്ട് മനസിലാക്കാന്‍ നഗരസഭ ഓഫിസും, തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വിവിധ ഓഫിസുകളും സന്ദര്‍ശിച്ചിരുന്നു ഏതാനും നാളുകള്‍ക്ക് മുമ്പ് ജില്ലാ കലക്ടര്‍ സര്‍ക്കാര്‍ കെട്ടിട സമുച്ചയവും, മിനി സിവില്‍ സ്റ്റേഷനുമൊക്കെ സന്ദര്‍ശിച്ച് സൗകര്യം വിലയിരുത്തിയിരുന്നു. വടക്കാഞ്ചേരിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടകീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 2010 ല്‍ കോടതി കോമ്പൗണ്ടില്‍മിനി സിവില്‍ സ്‌റ്റേഷനും, പൊലിസ് സ്റ്റേഷന് മുന്നില്‍ സര്‍ക്കാര്‍ കെട്ടിട സമുച്ചയവും പണി ആരംഭിച്ചത്. കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം അന്നത്തെ സ്പീക്കര്‍ കെ.രാധാകൃഷ്ണനാണ് നിര്‍വഹിച്ചത്.
2016 ഫെബ്രുവരി 4 ന് മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേഞ്ച് അടക്കമുള്ള ഓഫീസുകള്‍ ഇതുവരേയും മാറ്റി സ്ഥാപിക്കാനായിട്ടില്ല. നഗരസഭ ഭരണ സമിതി അധികാരമേറ്റയുടന്‍ കെട്ടിട സമുച്ഛയത്തില്‍ നരസഭ ഓഫിസ് ആരംഭിക്കാന്‍ നീക്കം നടത്തിയെങ്കിലും യു.ഡി.എഫ് പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാ തലത്തിലും ഇടത് ഭരണം എത്തിയതോടെയാണ് നഗരസഭ പുതിയ ആസ്ഥാന മന്ദിരം എന്ന നീക്കവും സജീവമായത്. സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തില്‍ നഗരസഭ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ അത് വടക്കാഞ്ചേരിയുടെ പുതിയ പ്രതീകമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."