ബജറ്റ് വിഹിതം അപര്യാപ്തം; വഖ്ഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ താളംതെറ്റുന്നു
കൊച്ചി: ബജറ്റ് വിഹിതത്തിന്റെ അപര്യാപ്തത സംസ്ഥാന വഖഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പദ്ധതികളെ താളം തെറ്റിക്കുന്നു. വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തുന്ന ഒരു കോടി 32 ലക്ഷം രൂപയില്‍ നിന്നും അപേക്ഷകരുടെ എണ്ണത്തിനുസരിച്ച് ആനുപാതികമായി ബജറ്റ് വിഹിതം വര്‍ധിപ്പിച്ചു നല്‍കാത്തത് മൂലമാണ് ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ അവതാളത്തിലായത്.
കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള ചികിത്സാധനസഹായമായ 15,000 രൂപ 2018 ജൂണിനു ശേഷമുള്ള അപേക്ഷകര്‍ക്ക് ഇനിയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അപേക്ഷകരില്‍ പലരും മരണപ്പെട്ടിട്ടും തുക വിതരണം ചെയ്യാനാകാത്തതില്‍ വ്യാപകമായി പരാതികളുയര്‍ന്നിട്ടുണ്ട്.ഇതിനുപുറമേ ഖത്വീബ്, മദ്‌റസ അധ്യാപകര്‍, ഖാദിം തുടങ്ങിയ തസ്തികകളില്‍ കുറഞ്ഞത് പത്തു വര്‍ഷം സേവനമനുഷ്ഠിച്ചവര്‍ക്ക് നല്‍കേണ്ട പ്രതിമാസ പെന്‍ഷന്‍ തുകയായ 1,000 രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഗുണഭോക്താക്കള്‍ക്ക് മുഴുവനായി വിതരണം ചെയ്യാനും സാധിച്ചിട്ടില്ല. ഇപ്പോള്‍ നല്‍കുന്നത് തന്നെ നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്ക് വിതരണം ചെയ്യാനുള്ള തുകയില്‍ നിന്നാണ്.
കൊവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ടവരായ നിരവധി പേരാണ് ഈ വിഭാഗത്തിലുള്ളത്. വിവിധ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായഹസ്തം നീട്ടിയപ്പോള്‍ ഈ വിഭാഗക്കാര്‍ അവഗണിക്കപ്പെട്ടു. കൊവിഡ് കാലത്തെ വരുമാന നഷ്ടത്തിനും ദുരിതത്തിനും ഈ വിഭാഗത്തിന് വലിയൊരളവ് വരെ വഖഫ് ധനസഹായം കൈത്താങ്ങാകുമായിരുന്നു.
നിര്‍ധന യുവതികളുടെ 10,000 രൂപ വിവാഹ ധനസഹായം 2016 മെയ് മാസത്തിന് ശേഷമുള്ള അപേക്ഷകര്‍ക്ക് ഇനിയും നല്‍കിയിട്ടില്ല.
ടി.കെ ഹംസ ചെയര്‍മാനായി ചുമതലയേറ്റതിന് ശേഷവും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് തുക ബോര്‍ഡിന് അനുവദിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. അതിനിടെ നിര്‍ധനരായ ആയിരക്കണക്കിന് അപേക്ഷകര്‍ക്ക് ധനസഹായം നല്‍കാത്ത സാഹചര്യത്തിലും മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ വഖഫ് ബോര്‍ഡ് വക സംഭാവന നല്‍കിയത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, വഖഫ് മന്ത്രി എന്നിവര്‍ക്ക് നിരവധി നിവേദനങ്ങളാണ് വഖഫ് ബോര്‍ഡ് നല്‍കിയത്. കൊവിഡ് ദുരിതം പരിഗണിച്ചെങ്കിലും വിവിധ വിഭാഗങ്ങളിലുള്ള അപേക്ഷകരുടെ സഹായ ധന വിതരണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."