ഹാട്രിക് ഹീറോസ്
ചേതന്‍ ശര്‍മ (ഇന്ത്യ)
1987 ലോകകപ്പ്
3-51, ന്യൂസിലന്‍ഡിനെതിരേ- നാഗ്പൂര്‍
ഇന്ത്യയിലും പാകിസ്താനിലുമായി നടന്ന ഈ ലോകകപ്പിലാണ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക് പിറക്കുന്നത്. അതും ഒരു ഇന്ത്യന്‍ താരത്തിന്റെ പേരില്‍. ഇന്ത്യയുടെ പേസ് ബൗളര്‍ ചേതന്‍ ശര്‍മയണ് ലോകകപ്പില്‍ ആദ്യ ഹാട്രിക് നേടി ചരിത്രത്തില്‍ ഇടം നേടിയത്. നാഗ്പൂരില്‍ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാരായ റൂഥര്‍ഫോര്‍ഡ്, ഇയാന്‍ സ്മിത്ത്, എവന്‍ ചാറ്റ്ഫീല്‍ഡ് എന്നിവരെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ലോകകപ്പില ആദ്യ ഹാട്രിക് നേട്ടം ചേതന്‍ ശര്‍മ ആഘോഷമാക്കിയത്.
സഖ്‌ലെയ്ന്‍ മുഷ്താഖ്
(പാകിസ്താന്‍)
1999
3-16, സിംബാബ്‌വേക്കെതിരേ-
ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയം
ആദ്യ ഹാട്രിക് പിറന്നതിനു ശേഷം രണ്ടു ലോകകപ്പുകള്‍ക്കിപ്പുറം ഏഴാം ലോകകപ്പിലാണ് അടുത്ത ഹാട്രികിന് ലോകം സാക്ഷിയാകുന്നത്. സിംബാബ്‌വേക്കെതിരേ പാകിസ്താന്റെ സഖ്‌ലെയ്ന്‍ മുഷ്താഖ് ആണ് ലോകകപ്പിലെ രണ്ടാം ഹാട്രിക് സ്വന്തമാക്കിയത്. 272 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്‌വേ ഏഴിന് 123ല്‍ നില്‍ക്കുമ്പോഴാണ് മുഷ്താഖിന്റെ ഹാട്രിക് പ്രകടനം. സിംബാബ്‌വേയുടെ ഹെന്റി ഒലോങ്കയായിരുന്നു ആദ്യ ഇര. മുഷ്താഖിന്റെ കറങ്ങിത്തിരിഞ്ഞ സ്പിന്‍ ബോളിനുമുന്നില്‍ വട്ടം കറങ്ങിയ ഒലോങ്കയെ വിക്കറ്റ് കീപ്പര്‍ മോയിന്‍ഖാന്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. അടുത്ത പന്തില്‍ ആദം ഹക്കിളിനെ പുറത്താക്കിയ മുഷ്താഖ് അടുത്ത പന്തില്‍ പോമ്മി എംബാഗ്‌വയെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഹാട്രിക് നേടി.
ചാമിന്ദവാസ് (ശ്രീലങ്ക)
2003
6-25, ബംഗ്ലാദേശിനെതിരേ - ഓവല്‍
ഒരിന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ മൂന്നു പന്തുകളില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുക. അപ്രാപ്യം എന്നു കരുതിയത് സാധ്യമാക്കുകയായിരുന്നു ചാമിന്ദവാസ്.
ലോകകപ്പ് ചരിത്രത്തില്‍ മാത്രമല്ല ലോകക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു പീറ്റര്‍മറിറ്റ്‌സ്ബര്‍ഗില്‍ അന്ന് അരങ്ങേറിയത്. 15 വര്‍ഷത്തിനിപ്പുറവും ചാമിന്ദവാസിന്റെ ആ പ്രൗഢിക്ക് കോട്ടം സംഭവിച്ചിട്ടില്ല. അതൊരു വാലന്റൈന്‍ ദിനമായിരുന്നു. വിക്കറ്റിനോടുള്ള ചാമിന്ദവാസിന്റെ പ്രണയം എത്രത്തോളമുണ്ടെന്ന് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ അറിഞ്ഞ ദിവസം. മുന്‍നിര ബാറ്റ്‌സ്മാര്‍ക്ക് ശ്വാസം എടുക്കാന്‍ പോലുമുള്ള സമയം നല്‍കിയില്ല ലങ്കന്‍ പേസര്‍. തന്റെ ക്ലാസ് വാസ് സ്വിങ്ങുകളിലൂടെ ബംഗ്ലാദേശിന്റെ ഹന്നാന്‍ സര്‍ക്കാരിനെയും മുഹമ്മദ് അഷ്‌റഫുലിനെയും ക്ലീന്‍ ബൗള്‍ഡാക്കിയ വാസ്, അടുത്ത പന്തില്‍ ഇശാനുള്‍ ഫഖിനെ സ്ലിപ്പില്‍ ജയവര്‍ധനയുടെ കൈകളിലെത്തിച്ച് പുതുചരിത്രം രചിച്ചു.
കെമര്‍ റോച്ച് (വെസ്റ്റ് ഇന്‍ഡീസ്)
2011
6-27, നെതര്‍ലന്‍ഡ്‌സിനെതിരേ-
ഫിറോസ് ഷാ കോട്‌ല
2011ല്‍ നെതര്‍ലന്‍ഡ്‌സിനെതിരേയായിരുന്നു കെമര്‍ റോച്ചിന്റെ വിക്കറ്റ്‌നേട്ടം. 30ാം ഓവറിലെ മൂന്നാം പന്തില്‍ പീറ്റര്‍ സീലറിനെ ബൗള്‍ഡാക്കിയ റോച്ച് അടുത്ത രണ്ടു പന്തുകളില്‍ ലൂട്ട്‌സിനെയും ബെറന്റ് വെസ്റ്റ്ഡിക്കസിനെയും വിക്കറ്റിനുമുന്നില്‍ കുരുക്കി.
ബ്രെറ്റ് ലീ (ആസ്‌ത്രേലിയ)
2003
3-14, കെനിയക്കെതിരേ- ഡര്‍ബന്‍
2003 ലോകകപ്പിലെ രണ്ടാമത്തെ ഹാട്രികും ലോകകപ്പിലെ നാലാമത്തെ ഹാട്രിക്കും ആസ്‌ത്രേലിയയുടെ പടക്കുതിരയായ ബ്രെറ്റ് ലീയുടെ പേരിലാണ്. ചാമിന്ദവാസിന്റെ വീരോചിതമായ ഹാട്രികിന് 11 ദിവസത്തിനിപ്പുറം പിറന്ന ഈ ഹാട്രികിനും മാറ്റൊട്ടും കുറയുന്നില്ല. കെനിയക്കെതിരേ നാലാം ഓവറിലായിരുന്നു ബ്രെറ്റ് ലീയുടെ ഈ നേട്ടം. 150 കി.മീറ്റര്‍ വേഗതയുള്ള ബ്രെറ്റ് ലീയുടെ ബോള്‍ കളിക്കാന്‍ ശ്രമിച്ച ഓപ്പണര്‍ കെന്നഡി ഓറ്റിയെന്റോയ്ക്കു തെറ്റി. ബോള്‍ എല്‍ബോയില്‍ കൊണ്ട് നേരേ വിക്കറ്റിലേക്ക്.
പന്തു കൈയില്‍ കൊണ്ടതിനു ശേഷം വേദനകൊണ്ട് ഗ്രൗണ്ടില്‍ വീണുരുണ്ട കെന്നഡിയെ സഹതാരമെത്തിയാണ് പിന്നീട് ഗ്രൗണ്ടില്‍നിന്ന് കൊണ്ടുപോയത്. അടുത്ത പന്തില്‍ കെനിയയുടെ ബ്രിജല്‍ പട്ടേലിനെ ക്യാപ്റ്റന്‍ പോണ്ടിങ്ങിന്റെ കൈകളിലെത്തിച്ച ബ്രെറ്റ് ലീ അടുത്ത പന്തില്‍ സ്ലോ യോര്‍ക്കറിലൂടെ ഡേവിഡ് ഒബുയേയും മടക്കി ഹാട്രിക് പൂര്‍ത്തിയാക്കി.
സ്റ്റീഫന്‍ ഫിന്‍
(ഇംഗ്ലണ്ട്)
2015
5-71, ആസ്‌ത്രേലിയക്കെതിരേ-
എം.സി.ജി ക്രിക്കറ്റ് സ്റ്റേഡിയം
ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം. ആറിന് 342 എന്ന മികച്ച സ്‌കോറുമായി ആസ്‌ത്രേലിയ. ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ഫൈനല്‍ ഓവര്‍ ഹാട്രികിനാണ് സക്ഷ്യം വഹിച്ചത്. അവസാന ഓവറിലെ അവസാന മൂന്നു പന്തുകളിലാണ് ഈ നേട്ടമെന്നത് ഏറെ ശ്രദ്ധേയം. ഫിന്നെറിഞ്ഞ നാലാം പന്തില്‍ ബ്രോഡിന് ക്യാച്ച് നല്‍കി ഹാഡിനും മാക്‌സ്‌വെല്ലിനെ അതി സമര്‍ഥമായി ലോങ്ങാഫില്‍ ക്യാച്ചെടുത്ത് ജോ റൂട്ടും മടക്കി. അവസാന പന്തില്‍ മിഡ് ഓഫില്‍ ആന്‍ഡേഴ്‌സിന് ക്യാച്ചു നല്‍കി ജോണ്‍സനും മടങ്ങിയതോടെ ഫിന്നിന് ഹാട്രിക്.
ജെ.പി ഡുമിനി
(ദക്ഷിണാഫ്രിക്ക)
2015
3-29, ശ്രീലങ്കയ്‌ക്കെതിരേ-
എസ്.സി.ജി ക്രിക്കറ്റ് സ്റ്റേഡിയം
ലോകകപ്പിലെ ഏറ്റവും ഒടുവിലത്തെ ഹാട്രികാണ് ഡുമിനിയുടേത്. ശ്രീലങ്കക്കെതിരേ ക്വാര്‍ട്ടര്‍ഫൈനലിലായിരുന്നു ഈ പ്രകടനം. നാലിന് 114 എന്ന് നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഡുമിനിയുടെ അപ്രതീക്ഷിത സ്പിന്‍ പ്രഹരം.
രണ്ടു വ്യത്യസ്ത ഓവറുകളിലായാണ് അദ്ദേഹത്തിന്റെ വിക്കറ്റ് നേട്ടം. ഡുമിനിയുടെ എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ എയ്ഞ്ചലോ മാത്യൂസ് മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി മടങ്ങി. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ കുലശേഖരയെ വിക്കറ്റ്കീപ്പര്‍ ഡീ കോക്കിന്റെ കൈയിലെത്തിച്ച ഡുമിനി അടുത്ത പന്തില്‍ തരിന്തു കൗശലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ഹാട്രിക് തികച്ചു.
ലസിത് മലിംഗ (ശ്രീലങ്ക)
2007
4-54, ദക്ഷിണാഫ്രിക്കക്കെതിരേ-
പ്രൊവിഡന്‍സ് സ്റ്റേഡിയം
ഈ മനുഷ്യന്‍ ഈ നേട്ടം കൊയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. തീപാറുന്ന പന്തുകളുമായി 2007 ലോകകപ്പുകളില്‍ എതിരാളികളെ വിറപ്പിച്ച മലിംഗ ദക്ഷിണാഫ്രിക്കക്കെതിരേയാണ് ആദ്യ ലോകകപ്പ് ഹാട്രിക് നേടിയത്. രണ്ടോവറുകളിലായാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 45ാം ഓവര്‍ എറിയാന്‍ വന്ന മലിംഗ അഞ്ചാം പന്തില്‍ ഷോണ്‍ പൊള്ളോക്കിനെ ബൗള്‍ഡാക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. അവസാന പന്തില്‍ ആന്‍ഡ്രൂ ഹോളിനെ ഉപുല്‍ തരംഗയുടെ കൈകളിലെത്തിച്ച മലിംഗ 47ാം ഓവറന്റെ ആദ്യ പന്തില്‍ തന്നെ മികച്ച ഫോമില്‍ കളിച്ചിരുന്ന കാലിസിനെ സംഗക്കാരയുടെ കൈകളിലെത്തിച്ച് ഹാട്രിക് പൂര്‍ത്തിയാക്കി. ഇതുകൊണ്ടും തീര്‍ന്നില്ല മലിംഗയുടെ വിക്കറ്റ് ദാഹം അടുത്ത പന്തില്‍ മക്കായ എന്‍ഡിനിയെ ക്ലീന്‍ ബൗള്‍ഡാക്കി തുടര്‍ച്ചയായി നാലു വിക്കറ്റുകള്‍ നേടി ഏവരേയും ഞെട്ടിച്ചു. മലിംഗയുടെ മികവില്‍ മത്സരത്തിലേക്ക് മടങ്ങിയെത്തിയ ലങ്കയ്ക്ക് പക്ഷേ വിജയിക്കാന്‍ സാധിച്ചില്ല. അഞ്ചു വിക്കറ്റുകള്‍ ശേഷിക്കേ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ നാലു റണ്‍സ് മതിയായിരുന്നു. എന്നാല്‍ മലിംഗയുടെ നാലു വിക്കറ്റ് പ്രകടനം ദക്ഷിണാഫ്രിക്കയെ സമ്മര്‍ദത്തിലാക്കിയെങ്കിലും അവര്‍ ഒരു വിക്കറ്റിനു ജയിച്ചു.
മലിംഗ
2011
6-38, കെനിയക്കതിരേ-
കൊളംബോ ക്രിക്കറ്റ് സ്റ്റേഡിയം
ലോകകപ്പുകളില്‍ ഏറ്റവുമധികം ഹാട്രിക് സ്വന്തമാക്കുന്ന ബൗളര്‍ എന്ന നേട്ടം കെനിയക്കെതിരേയുള്ള മത്സരത്തിലൂടെ മലിംഗ സ്വന്തം പേരില്‍ കുറിച്ചു.
റോച്ചിന്റെ ഹാട്രിക്കടക്കം ആറുവിക്കറ്റ് നേട്ടത്തിനു തൊട്ടടുത്ത ദിവസമായിരുന്നു മലിംഗയുടെ തകര്‍പ്പന്‍ പ്രകടനം.
ഇതും മുന്‍പത്തേതുപോലെ രണ്ട് വ്യത്യസ്ത ഓവറുകളിലായി പിറന്ന ഹാട്രികാണ്. മലിംഗയുടെ ഏഴാം ഓവറിന്റെ അവസാന പന്തില്‍ കെനിയന്‍ ബാറ്റ്‌സ്മാന്‍ തന്‍മയി മിശ്ര വിക്കറ്റിനു മുന്നില്‍ കുരുങ്ങി. അദ്ദേഹത്തിന്റെ എട്ടാം ഓവറിന്റെ ആദ്യ രണ്ടു പന്തുകളില്‍ അതി മനോഹരമായ യോര്‍ക്കറുകളിലൂടെ ഫീറ്ററിനെയും ഷെമിനെയും ബൗള്‍ഡാക്കി വീണ്ടും ലോകകപ്പില്‍ ഹാട്രിക് നേട്ടം കൈവരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."