കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പുതിയ വിത്തിനം തയാര്‍
ചെറുവത്തൂര്‍: അത്യുല്‍പാദന ശേഷിയുള്ള ഒരു നെല്ലിനം കൂടി പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തയാറായി. തീരദേശ നെല്‍കൃഷിക്ക് അനുയോജ്യമായ ജെ.ഒ 583 ആണ് പുതിയ നെല്ലിനം. ജയ നെല്ലിന്റെയും ഓര്‍ക്കൈമയുടെയും സങ്കര ഇനമായാണ് ജെ.ഒ 583 വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ലവണത്തെ അതിജീവിക്കാന്‍ കഴിയുന്ന അത്യുല്‍പാദന ശേഷിയുള്ള ഇനമാണിത്. ഉപ്പ് കയറാത്ത സ്ഥലത്തും കൃഷിയിറക്കാവുന്ന ജൈവ ഇനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഏഴോം ഒന്ന്, ഏഴോം രണ്ട്, ഏഴോം മൂന്ന്, ഏഴോം നാല്, ജൈവ എന്നിവ കാര്‍ഷീക മേഖലക്ക് സംഭാവന ചെയ്ത പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ആറാമത്തെ ഇനമാണ് ഇത്.
ഡോ. ടി. വനജയുടെ 18 വര്‍ഷത്തെ പരീക്ഷണ നിരീക്ഷണ ഫലം കഴിഞ്ഞ ദിവസം പിലിക്കോട് കേന്ദ്രത്തില്‍ നടന്ന ഉത്തരമേഖലാ ശില്‍പശാലയില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു. 27 പ്രദേശങ്ങളില്‍ കൃഷിയിറക്കി നിലവിലുള്ള ഇനങ്ങളുമായി താരതമ്യ പഠനം നടത്തി മികച്ചതെന്ന് കണ്ടെത്തിയ ശേഷമാണ് മേഖലാ ശില്‍പശാലയില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ദേശീയ തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 17 പാഠശേഖരങ്ങളിലും ജെ.ഒ.583 കൃഷിയിറക്കി.
പ്രാദേശിക നെല്ലിനങ്ങളേക്കാള്‍ മികച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. സര്‍വകലാശാല ലവല്‍ കമ്മിറ്റിയുടേയും സംസ്ഥാന റിലീസ് കമ്മിറ്റിയുടേയും അംഗീകാരം ലഭിച്ച ശേഷം വിത്ത് കര്‍ഷകരുടെ കൈകളിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."