കടുത്ത വേനലില്‍ കള്ളിമാലിക്കാര്‍ക്ക് കുടിവെള്ളമെത്തിച്ച് യുവാവിന്റെ സേവനം
രാജാക്കാട്: ജലക്ഷാമം മുതലെടുത്ത് മലിനജലം പോലും കുടിവെള്ളം എന്ന പേരില്‍ വിറ്റ് പലരും ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ സ്വന്തം ചെലവില്‍ കിലോമീറ്ററുകള്‍ അകലെനിന്നു ശുദ്ധ ജലം കൊണ്ടുവന്ന് നാട്ടുകാര്‍ക്ക് സൗജന്യമായി നല്‍കുകയാണു കള്ളിമാലി ചിറ്റടിച്ചാലില്‍ ഷൈജു എന്ന ചെറുപ്പക്കാരന്‍.
കടുത്ത ജലക്ഷാമം നേരിടുന്ന കള്ളിമാലി ഗ്രൗണ്ട് ഭാഗത്ത് കഴിഞ്ഞ ആഗസ്റ്റോടെ തന്നെ ഉറവുകള്‍ വറ്റിവരണ്ടു. പാറക്കെട്ട് നിറഞ്ഞ പ്രദേശമായതിനാല്‍ കിണറുകള്‍ നാമമാത്രമാണ്. പലരും വന്‍ തുക ചെലവിട്ട് കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചെങ്കിലും വെള്ളം കിട്ടാതെ പരാജയപ്പെട്ടു. ജലനിധി പദ്ധതി ഉണ്ടെങ്കിലും വെള്ളമില്ലാത്തതു മൂലം പ്രയോജനപ്പെടുന്നില്ല. ഏറെ ദൂരെനിന്നും വാഹനത്തില്‍ ജലം എത്തിച്ചാണു നാട്ടുകാര്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. പഞ്ചായത്ത് സൗജന്യമായി ഓരോ കുടുംബത്തിനും ആഴ്ച്ചയില്‍ രണ്ട് തവണ 200 ലിറ്റര്‍ വീതം കുടിവെള്ളം നല്‍കുന്നുണ്ടെങ്കിലും അത്യാവശ്യങ്ങള്‍ക്ക് പോലും തികയാറില്ല. വാങ്ങുന്ന വെള്ളത്തിനു ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നത് സാധാരണക്കാരായ പ്രദേശവാസികള്‍ക്ക് താങ്ങാന്‍ പറ്റാതായി. ഈ സാഹചര്യത്തിലാണു അയല്‍ക്കാരുടെ ദുരിതം കണ്ട് വാഹന ഡ്രൈവറായ ഷൈജു ചില്ലിപ്പൈസ പോലും വാങ്ങാതെ നാട്ടുകാര്‍ക്ക് സ്വന്തം നിലയില്‍ വെള്ളം എത്തിച്ചു നല്‍കുവാന്‍ തുടങ്ങിയത്.
ജീപ്പില്‍ പിടിപ്പിച്ച ടാങ്കില്‍ നാലു കിലോമീറ്റര്‍ അകലെ നിന്നും ശുദ്ധ ജലം ശേഖരിച്ച് എന്നും രാവിലെ ആറരയോടെ ഗ്രൗണ്ട് ഭാഗത്ത് എത്തിക്കുന്നു. അപ്പോഴേക്കും വീട്ടമ്മമാരും കൊച്ചു കുട്ടികള്‍ പോലും പാത്രങ്ങളുമായി ഷൈജുവിനെ കാത്ത് നില്‍ക്കുന്നുണ്ടാകും.തുടര്‍ന്ന് വെള്ളം ചെറിയ ടാങ്കുകളിലേയ്ക്ക് പകര്‍ത്തി ഓരോ വീടിനും 50 ലിറ്റര്‍ വീതം നല്‍കുകയാണു. പ്രദേശത്തെ നാല്‍പ്പതോളം കുടുംബങ്ങളിലെ അംഗങ്ങള്‍ സന്തോഷപൂര്‍വ്വം ഈ ജീവജലം സ്വീകരിച്ച് തലച്ചുമടായി വീടുകളില്‍ എത്തിക്കുന്നു. ഒരു മാസമായി മുടക്കങ്ങാതെ തുടരുകയാണ് ഈ സേവനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."