ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍
തിരുവനന്തപുരം: മത്സ്യമേഖലയുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പതിന് ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ട്രോളിങ് സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കിയിരുന്നു. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് ട്രോളിങ് നിരോധനമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നിരോധനത്തിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
നിരോധന കാലയളവില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി പ്രവര്‍ത്തിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുന്‍പ് തീരം വിട്ടു പോകും. കടല്‍സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐ.ഡി കാര്‍ഡ് കൈയില്‍ കരുതേണ്ടതാണ്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകളോടെ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പൊലിസ് സൂപ്രണ്ടുമാര്‍, പി.പി ചിത്തരഞ്ജന്‍, പുല്ലുവിള സ്റ്റാന്‍ലി, ടി. രഘുവരന്‍, കെ.കെ രാധാകൃഷ്ണന്‍, ടി. പീറ്റര്‍, ഉമ്മര്‍ ഒട്ടുമാല്‍, ജാക്‌സണ്‍ പൊള്ളായില്‍, ചാള്‍സ് ജോര്‍ജ്, അലോഷ്യസ് ജോര്‍ജ്, എസ്. നാസ്സറുദ്ദീന്‍, ആര്‍. ഓസ്റ്റിന്‍, വൈ. അലോഷ്യസ്, കെ. നന്ദകുമാര്‍, ഡെമിനിക് ആന്റണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."