ബഹിഷ്‌കരണത്തില്‍ പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും 'ഒറ്റക്കെട്ട് '
ശ്രീനഗര്‍: ജമ്മു കശ്മിരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നു പി.ഡി.പി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 (എ) യില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നു പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയാണ് അറിയിച്ചത്. നേരത്തെ, ഇതേ നിലപാടുമായി നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയും രംഗത്തെത്തിയിരുന്നു.
ശ്രീനഗറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മെഹബൂബ മുഫ്തി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ആര്‍ട്ടിക്കില്‍ 35 (എ) സംരക്ഷിക്കുന്ന വിഷയത്തില്‍ കശ്മിരും സംസ്ഥാനത്തെ ജനങ്ങളും ഏറെ അനുഭവിച്ചിട്ടുണ്ടെന്നും ഇനിയും അത്തരത്തിലുള്ള വഞ്ചന അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം നേരത്തേതന്നെ ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നെന്നും അവര്‍ വ്യക്തമാക്കി.
ജമ്മു കാശ്മിരിനു പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടുള്ള വകുപ്പാണ് ആര്‍ട്ടിക്കിള്‍ 35 (എ). ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെ തകര്‍ക്കാനുള്ള എല്ലാവിധ ശ്രമങ്ങളെയും എതിര്‍ക്കുമെന്നും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നുമായിരുന്നു നേരത്തെ നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കിയിരുന്നത്.
സംസ്ഥാനത്തു മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഒക്ടോബര്‍ ആദ്യ വാരം മുതല്‍ നവംബര്‍ ആദ്യവാരം വരെ നടത്താന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ നേരത്തെ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."