ശബരിമലയിലെ സ്വര്‍ണത്തില്‍ കുറവില്ലെന്ന് ഓഡിറ്റിങ് വിഭാഗം
തിരുവല്ല: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണശേഖരത്തില്‍നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഓഡിറ്റിങ്ങില്‍ കണ്ടെത്തി. ആറന്മുളയില്‍ ഉള്ള സ്‌ട്രോങ് റൂം തുറന്ന് പരിശോധിച്ചില്ല. ഇവിടുത്തെ മഹസര്‍ രേഖകള്‍ പത്തനംതിട്ട ദേവസ്വം ഓഫിസില്‍ ഇന്നലെ എത്തിച്ച് സീനിയര്‍ ഓഡിറ്റര്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു.
പരിശോധനയില്‍ 40 കിലോ സ്വര്‍ണം ആറന്മുളയിലെ സ്‌ട്രോങ് റൂമില്‍ ഉണ്ടെന്ന് ഓഡിറ്റിങ് വിഭാഗം കണ്ടെത്തി. അതിനാലാണ് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കാതിരുന്നത്. മഹസര്‍ രേഖകള്‍ പരിശോധിച്ചാണ് ഓഡിറ്റിങ് വിഭാഗം വ്യക്തതവരുത്തിയത്. 10,413 സ്വര്‍ണം, വെള്ളി ഉരുപ്പടികളാണ് ആറന്മുള ക്ഷേത്രത്തോടു ചേര്‍ന്നുള്ള സ്‌ട്രോങ് റൂമിലുള്ളത്. നേരത്തെ കണക്കില്‍ കണ്ടെത്താത്ത നാല് ഉരുപ്പടികള്‍ ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയില്‍ കിട്ടുന്ന സ്വര്‍ണവും വെള്ളിയും പരമ്പരാഗതമായി ആറന്മുളയിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറുവര്‍ഷം മുന്‍പ് സ്‌ട്രോങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിരമിച്ചിട്ടും സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തി ചുമതല കൈമാറിയിരുന്നില്ല. ഇത് ഉദ്യോഗസ്ഥന്റെ ബാധ്യതയായി രേഖപ്പെടുത്തിയതിനാല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തടഞ്ഞു.
ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളുടെയും അളവ് തിട്ടപ്പെടുത്താന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.
ഇപ്പോള്‍ മഹസര്‍ രേഖകള്‍ പ്രകാരം ലഭിച്ച കാര്യങ്ങള്‍ ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
ശബരിമല അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫിസറും തിരുവാഭരണം കമ്മിഷനും ചേര്‍ന്നാണ് രേഖകളും സ്വര്‍ണശേഖരവും ഒത്തുനോക്കേണ്ടിയിരുന്നത്. ആറുവര്‍ഷമായി ഇവയുടെ പരിശോധന കാര്യക്ഷമായിരുന്നില്ല. അതേസമയം, ഇപ്പോഴത്തെ പരിശോധന മണ്ഡലകാലത്തിനുശേഷം പതിവായി നടത്താറുള്ള ഓഡിറ്റിങ്ങാണെന്നും മറിച്ചുള്ള പ്രചാരണം ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍ ആരോപിച്ചു.
പ്രചരിപ്പിക്കപ്പെട്ടത് വ്യാജ വാര്‍ത്തകളാണെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും പത്മകുമാര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."