സര്‍ക്കാര്‍ കാര്യം മുറപോലെ ജനറല്‍ ആശുപത്രിയിലും തഥൈവ
കാസര്‍കോട്: സര്‍ക്കാര്‍ കാര്യം മുറപോലെയെന്നു പറയുന്നത് കാണാന്‍ കാസര്‍ക്കോട്ടെ ജനറല്‍ ആശുപത്രിയില്‍ എത്തിയാല്‍ മതി. ഏഴുനില കെട്ടിടം പണി പൂര്‍ത്തിയായപ്പോള്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും മുകള്‍ നിലകളിലേക്കു കയറിപോകാന്‍ റാമ്പില്ലാത്ത ഇന്ത്യയിലെ ഏക ആശുപത്രി കൂടിയാണ് ഈ ജനറല്‍ ആശുപത്രി. ഇതേ തുടര്‍ന്ന് റാമ്പ് സ്ഥാപിക്കണമെന്ന മുറവിളി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇപ്പോഴും ആശ്രയം ചവിട്ടുപടിയാണ്.
അതിനിടയില്‍ ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വര്‍ഷത്തില്‍ പത്തു മാസവും പണിമുടക്കുന്ന അവസ്ഥയിലാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനം. ലിഫ്റ്റ് തകരാറിലായി കിടന്നാല്‍ ഇത് നന്നാകണമെങ്കില്‍ പോലും മാസങ്ങളെടുക്കുന്ന അവസ്ഥയാണ് ആശുപത്രിയില്‍ നിലവിലുള്ളത്. ഇക്കാരണത്താല്‍ തന്നെ എണീറ്റു നില്‍ക്കാന്‍ പറ്റാത്ത രോഗികളെയും, ആശുപത്രിയില്‍ വച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങളും ജീവനക്കാരും, രോഗികളുടെ ബന്ധുക്കളും ചുമന്നുകൊണ്ട് മുകള്‍ നിലയില്‍നിന്ന് താഴേക്കു ഇറക്കേണ്ട അവസ്ഥയും ജനറല്‍ ആശുപത്രിയില്‍ സാധാരണ സംഭവങ്ങളായി മാറിയിട്ടുണ്ട്.
വര്‍ഷങ്ങളായി ആശുപത്രിയിലെ ശോചനീയാവസ്ഥ രോഗികളും ജീവനക്കാരും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ടെങ്കിലും ഇതുവരേയും പ്രയോജനമൊന്നുമുണ്ടായില്ല. ഇതോടെ ജനറല്‍ ആശുപത്രി രോഗികള്‍ക്കും ജീവനക്കാര്‍ക്കും ദുരിതക്കയമാണ് സമ്മാനിക്കുന്നത്.
എന്ന് തീരും ആശുപത്രിയുടെ ദയനീവസ്ഥ എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഇതിനു പുറമെ ഡോക്ടര്‍മാരുടെയും, ജീവനക്കാരുടെയും എണ്ണവും ആശുപത്രിക്കു ആവശ്യമായതിന്റെ പകുതി മാത്രമാണുള്ളത്. ഇത് നികത്താനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകാതെ വരുന്നത് ഇവിടെ ജോലിചെയ്യുന്നവരുടെ ഭാരം വര്‍ധിപ്പിക്കുന്നു.
ആശ്രയം ഇതരസംസ്ഥാനത്തെ ബ്ലഡ് ബാങ്കുകള്‍
ജനറലാശുപത്രിയിലെ ബ്ലഡ് ബാങ്ക് നവീകരിക്കുന്നതിനു വേണ്ടി ബ്ലഡ് സപ്രെഷന്‍ യന്ത്രവും അനുബന്ധ സാധനങ്ങളും ഇറക്കിയിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആധുനിക രീതിയിലുള്ള ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം ഇതുവരെ തുടങ്ങിയില്ല. യന്ത്രങ്ങള്‍ ഇറക്കിയ ശേഷമാണ് അധികൃതര്‍ ഇത് സ്ഥാപിക്കാനുള്ള കെട്ടിടം തെരയാന്‍ തുടങ്ങിയത്. ഒടുവില്‍ ആശുപത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരുഭാഗം ലാബിനു വേണ്ടി ഒരുക്കാനുള്ള തീരുമാനം കൈകൊണ്ടു. ഈ ഒരു തീരുമാനം കൈക്കൊള്ളാന്‍ തന്നെ വര്‍ഷങ്ങളെടുത്തു.
എന്നാല്‍ യന്ത്രങ്ങള്‍ സ്ഥാപിച്ച് ബ്ലഡ് ബാങ്ക് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ ഇപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതിനിടയില്‍ ബ്ലഡ് ബാങ്കിന് ആവശ്യമായ ജനറേറ്റര്‍ ഇല്ലെന്ന വാദം ആശുപത്രി അധികൃതര്‍ ഉന്നയിച്ചെങ്കിലും ജനറേറ്റര്‍ എത്തിയിട്ട് ഒരു വര്‍ഷമാകാറായി. ഇപ്പോള്‍ പറയുന്നത് ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെ ഫ്‌ളോറിങ് ജോലി കഴിഞ്ഞില്ല, ഇതേ തുടര്‍ന്നാണ് ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങാത്തതെന്നാണ്. ഇതിനു വേണ്ടി കരാര്‍ നല്‍കിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ പ്രസ്തുത ജോലി എപ്പോള്‍ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ടിന് പോലും നിശ്ചയമില്ല.
ഇനി ഫ്‌ളോറിങ് ജോലികള്‍ പൂര്‍ത്തിയാക്കിയാലും പിന്നെയും കടമ്പകള്‍ ഏറെ കടക്കണം ബ്ലഡ് ബാങ്ക് പ്രവര്‍ത്തിപ്പിക്കാന്‍. ട്രെയ്‌നിങ് പൂര്‍ത്തിയായ ജീവനക്കാരും, അനുബന്ധ ജീവനക്കാരും ഉള്‍പ്പെടെയുള്ള ആളുകളെ നിയമിക്കുന്നതിന് പുറമെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയും ബന്ധപ്പെട്ട അധികാരികളില്‍നിന്നും നേടിയെടുക്കണം. ഇതൊക്കെ ശരിയാകുമ്പോഴേക്ക് യന്ത്രങ്ങളും, ജനറേറ്ററും ഉള്‍പ്പെടെ പുതിയത് വാങ്ങേണ്ടി വരുമോയെന്ന ചോദ്യമാണ് രോഗികളും ഇതര ജനങ്ങളും ചോദിക്കുന്നത്.
നിലവിലുള്ള ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കണ്ടാല്‍ ബ്ലഡ് ബാങ്കില്‍ ആളുകള്‍ പോകാന്‍ തന്നെ വൈമനസ്യം കാണിക്കും. ഇടുങ്ങിയ ചെറിയൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കില്‍ ആവശ്യത്തിനുള്ള ജീവനക്കാരും ഇല്ല. ആശുപത്രി ലാബിലെ ഒരു ജീവനക്കാരനാണ് ബ്ലഡ് ബാങ്കില്‍ താല്‍ക്കാലിക ചുമതലയിലുള്ളത്. മൂന്നു ഷിഫ്റ്റുകളിലായി ചുരുങ്ങിയത് ഒന്‍പത് ജീവനക്കാര്‍ ബ്ലഡ് ബാങ്കില്‍ വേണമെങ്കിലും ഇവിടെ ആകെയുള്ളത് നാല് പേരാണ്.
ആധുനിക ബ്ലഡ് ബാങ്കും ലാബും പ്രവര്‍ത്തന സജ്ജമായാല്‍ ജില്ലയിലെ ആയിരകണക്കിന് രോഗികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.രോഗികള്‍ക്ക് ആവശ്യമുള്ള ബ്ലഡിന്റെ ഘടകങ്ങള്‍ വേര്‍തിരിക്കുന്ന യന്ത്രമാണ് ബ്ലഡ് സപ്രെഷന്‍ യന്ത്രം. നിലവില്‍ മംഗളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇത്തരം രീതിയിലുള്ള സംവിധാനങ്ങള്‍ ഉള്ളതും, ജില്ലയിലെ രോഗികള്‍ ആശ്രയിക്കുന്നതും. അതല്ലെങ്കില്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോകണം. എന്നാല്‍ പരിയാരം പോകുന്നതിനേക്കാള്‍ ദൂരക്കുറവ് മംഗളൂരുവിലേക്കായതിനാല്‍ ഭൂരിഭാഗം ആളുകളും മംഗളൂരുവിലെ ആശുപത്രികളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കുകയാണ്.
ആധുനിക ലാബ് കൂടി ആശുപത്രിയില്‍ സജ്ജമായാല്‍ ഡെങ്കു, മലേറിയ, മലമ്പനി, എലിപ്പനി ഉള്‍പ്പെടെയുള്ള ഒട്ടനവധി മാരക പനികള്‍ ജനറല്‍ ആശുപത്രിയില്‍ വച്ച് തന്നെ പരിശോധനയില്‍ കൂടി കണ്ടെത്താന്‍ സാധിക്കും. പക്ഷെ എന്ന് പ്രവര്‍ത്തനം തുടങ്ങും ആധുനിക ബ്ലഡ് ബാങ്കും, ലാബും എന്ന ചോദ്യം ബാക്കിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."