മംഗളാദേവി ചിത്രാപൗര്‍ണമി മഹോത്സവം
കുമളി: കേരളവും തമിഴ്‌നാടും സംയുക്തമായി സംഘടിപ്പിക്കുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി മഹോത്സവത്തിന് എത്തിയ ആയിരക്കണക്കിന് ഭക്തര്‍. വനമധ്യത്തിലെ പുരാതന ക്ഷേത്രമായ മംഗളാദേവിയില്‍ തമിഴ് കേരള രീതിയിലുള്ള ആചാരങ്ങളിലാണ് പൂജകള്‍ നടന്നത്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങള്‍ സംയുക്തമായി ഉത്സവത്തിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇന്നലെ രാവിലെ ആറുമുതല്‍ ഭക്തര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചുതുടങ്ങി. കുമളിയില്‍ നിന്നും മംഗളാദേവിയിലേക്ക് ട്രിപ്പ് ജീപ്പുകള്‍ സര്‍വിസ് നടത്തി. തമിഴ്‌നാട്ടില്‍ നിന്നും കുമളിയില്‍ നിന്നും ഭക്തര്‍ കാല്‍നടയായും ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ടായിരുന്നു. തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദപരമായാണ് ഉത്സവാഘോഷത്തിന് ഭക്തര്‍ എത്തിയത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു.
ഭക്തജനങ്ങള്‍ക്ക് മാര്‍ഗ്ഗമധ്യേ വിവിധയിടങ്ങളില്‍ കുടിവെള്ള സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ജില്ലാ പൊലിസിന്റെ നേതൃത്വത്തില്‍ 426 ഉദ്യോഗസ്ഥര്‍ നാല് ഡിവിഷനുകളായി തിരിഞ്ഞ് സുരക്ഷ ഒരുക്കി. വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ജല അതോറിറ്റി, റവന്യൂ, ശുചിത്വമിഷന്‍ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് ജില്ലാ ഭരണകൂടം സൗകര്യങ്ങള്‍ ഒരുക്കിയത്. ആരോഗ്യവകുപ്പ് താല്‍ക്കാലിക ഡിസ്‌പെന്‍സറികളും ആംബുലന്‍സ് സൗകര്യം ഒരുക്കിയിരുന്നു.
ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍, തേനി കലക്ടര്‍ എന്‍. വെങ്കിടാചലം, ഇടുക്കി എ.ഡി.എം കെ.കെ.ആര്‍ പ്രസാദ്, ആര്‍.ഡി.ഒ പി.ജി. രാധാകൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍, കട്ടപ്പന ഡി.വൈ.എസ്.പി എന്‍.സി രാജ്‌മോഹന്‍, വനംവകുപ്പ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍, ഭക്ത സംഘടനകള്‍ തുടങ്ങിയവര്‍ ചിത്രാപൗര്‍ണ്ണമി മഹോത്സവത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."