തിരിഞ്ഞുനോക്കാതെ അധികൃതര്‍
എടച്ചേരി: പുറമേരിയിലും, നാദാപുരത്തും ജല അതോരിറ്റി സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുകയാണ്.
ഹര്‍ത്താല്‍ ദിനമായതിനാല്‍ ഇന്നലെ വൈകുന്നേരം വരെ അധികൃതര്‍ ആരും തന്നെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. കൈ നാട്ടി- നാദാപുരം റോഡില്‍ പുറമേരിയിലെ വാട്ടര്‍ അതോറിറ്റി ഓഫിസിന്റെ തൊട്ട് താഴെ പോപ്പി മുക്കില്‍ മുബാറക് മസ്ജിദിന് സമീപത്താണ് റോഡിലൂടെ കുടിവെള്ളം കുത്തിയൊലിക്കുന്നത്.
ഓഫിസിന്റെ കീഴിലുള്ള പമ്പ് ഹൗസില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്ന സമയങ്ങളില്‍ ഇവിടെ മഴക്കാലത്തെ അനുസ്മരിപ്പിക്കും വിധം റോഡിലൂടെ കുടിവെള്ളം പരന്നൊഴുകുകയാണ്.
മാസങ്ങള്‍ക്കു മുന്‍പും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടി വെള്ളം ദിവസങ്ങളോളം പാഴായിപ്പോയിരുന്നു. പോപ്പി മുക്കിലുള്ള ചായക്കടയുടെ മുന്‍വശത്തെ മെയിന്‍ ഹോളിലെ പൈപ്പാണ് പൊട്ടിയിരിക്കുന്നത്. ഇത് റിപ്പേര്‍ ചെയ്യണമെങ്കില്‍ ഏതാണ്ട് റോഡിന്റെ പകുതി ഭാഗം വരെ വലിയ കുഴിയെടുക്കണം. ഇത്തരത്തില്‍ റോഡില്‍ കുഴിയുണ്ടാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമായി വരും. ഇത് കാരണം ഇവിടുത്തെ റിപ്പയര്‍ വര്‍ക്ക് നീണ്ടുപോകാനാണ് സാധ്യത.
നാദാപുരത്ത് പുളിക്കൂല്‍ മൊയിലോത്ത് മുക്കിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുകയാണ്. ജലക്ഷാമം രൂക്ഷമാവുമ്പോഴും ശുദ്ധജലം പാഴാകുന്നതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. കുടിവെള്ള സംരക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ നിരവധി സംവിധാനങ്ങളൊരുക്കുമ്പോഴും ഉള്ള ജലം റോഡിലൂടെ പരന്നൊഴുകുകയാണ്.
ജലവിതരണത്തിന്റെ ഉത്തരവാദിത്തമുള്ള പുറമേരി വാട്ടര്‍ അതോരിറ്റിയുടെ ഓഫിസിന്റെ തൊട്ട് മുന്‍പിലാണ് ഇപ്പോള്‍ കുടിവെള്ളം പാഴാവുന്നത്. എടച്ചേരി, പുറമേരി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പുറമേരി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും വരുന്ന പൈപ്പാണ് പൊട്ടിക്കിടക്കുന്നത്. കുടിവെള്ളം കിട്ടാക്കനിയാവാറുള്ള ഈ പ്രദേശത്ത് പൈപ്പ് പൊട്ടി ശൂദ്ധ ജലം പാഴാവുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."