ഉദ്ഘാടനം കാത്ത് അങ്കണവാടി കെട്ടിടം
കക്കട്ടില്‍: സമൂഹ്യനീതി വകുപ്പിന്റെ കുന്നുമ്മല്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കുളങ്ങരത്ത് പാറക്കുളത്തിനു സമീപം പ്രവര്‍ത്തിക്കുന്ന 49 നമ്പര്‍ അങ്കണവാടി കെട്ടിടം ഉദ്ഘാടനം പ്രതീക്ഷിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിക്ക് കെട്ടിടം പണിയാന്‍ പദ്ധതി വിഹിതമായി പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപയുടെ പ്രവൃത്തി കഴിഞ്ഞുവെങ്കിലും, തറ ടൈല്‍സ് പാകാനും, വൈദ്യൂതികരണവും ബാക്കിയായി നില്‍ക്കുകയാണ്. എന്നാല്‍ ഇവ പൂര്‍ത്തിയാക്കാതെ താല്‍ക്കാലികമായി പണിതീരാത്ത കെട്ടിടത്തിലേക്ക് മാറിയിരിക്കുകയാണ്.
ഇവിടെ റവന്യു പുറമ്പോക്കില്‍ അഞ്ച് സെന്റ് സ്ഥലം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ റവന്യു വകുപ്പ് സാമൂഹ്യക്ഷേമ വകുപ്പിനു കൈമാറിയിരുന്നു.
തുടര്‍ന്ന് ഒരുവര്‍ഷത്തിന് ശേഷം പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം പണി പൂര്‍ത്തിയാക്കുകയും ചെയ്തു. അടുത്ത പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി ബാക്കി പണി പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
മലിനജലം കെട്ടിക്കിടക്കുന്ന പാറക്കുളത്തിനടുത്തു തന്നെയുള്ള താല്‍ക്കാലിക ഷെഡില്‍ നിന്നും മോചനമായെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പണി പൂര്‍ത്തിയാവാതെ കിടക്കുകയാണ്.
ആവശ്യത്തിന് ഫര്‍ണീച്ചര്‍, കസേര, മേശ തുടങ്ങിയവയും ഇവിടെ വേണം .ഇരുപത്തി അഞ്ചോളം കുട്ടികള്‍ ഇവിടെയെത്തുന്നുണ്ട്. എന്നാല്‍ പഞ്ചായത്ത് ഭരണസമിതി ടൈല്‍സ് പാകാനും, വൈദ്യൂതീകരണവും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഒന്നര ലക്ഷം രൂപക്ക് കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതാണന്നും പ്രളയം കാരണം പ്രവൃത്തി വൈകീയതാണന്നും വാര്‍ഡ് അംഗം സി.വി അഷ്‌റഫ് അറിയിച്ചു.
ഏറെക്കാലം പ്ലാസ്റ്റിക് മേല്‍ക്കുര ഷെഡില്‍ പ്രവര്‍ത്തിച്ച കെട്ടിടം പണി പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് മാറാന്‍ കാത്തിരിക്കുകയാണീ നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."