രണ്ട് കൂട്ടരും വിട്ടുവീഴ്ച്ച ചെയ്യണമായിരുന്നു; ജോസ് കെ മാണി മുന്നണി വിട്ടതില്‍ യു.ഡി.എഫ് നേതൃത്വത്തെ വിമര്‍ശിച്ച് കെ മുരളീധരന്
കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം യു.ഡി.എഫ് വിട്ട സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. രണ്ട് പേരും ചില്ലറ വിട്ടുവീഴ്ച്ചകള്‍ നടത്തേണ്ടതായിരുന്നു. കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് മുന്നണിക്കു പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍ മുന്നണി വിട്ടുപോകുന്നത് പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണിയും ആര്. ബാലകൃഷ്ണപിള്ളയും വീരേന്ദ്ര കുമാറും എല്ലാം ചേര്‍ന്നതായിരുന്നു പ്രബലമായ യു.ഡി.എഫ് മുന്നണി. അവരുടെ പിന്മുറക്കാര് എല്‍.ഡി.എഫിനോടൊപ്പമാണ്. പലപ്പോഴും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടാവുന്നുവെന്നും ചര്‍ച്ചചെയ്താല്‍ തീരുന്ന പ്രശ്നമേ അവര്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂ എന്നുമാണ് തനിക്ക് തോന്നുന്നത്.
കെ. കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ല. അദ്ദേഹം കൂടുതല്‍ ആള്‍ക്കാരെ എടുത്തിട്ടേ ഉള്ളൂ. അദ്ദേഹത്തിന്റെ കാലത്ത് കേരള കോണ്‍ഗ്രസില്‍ രണ്ട് തവണ പിളര്‍പ്പുണ്ടായി. ആദ്യത്തെ പിളര്‍പ്പ് നടന്നപ്പോള്‍ അച്യുതമേനോന് മുഖ്യമന്ത്രിയും കരുണാകരന് ആഭ്യന്തരമന്ത്രിയുമായിരുന്നു. അന്ന് കെ.എം ജോര്‍ജും കെ.എം മാണിയുമായി പിരിഞ്ഞപ്പോള്‍ രണ്ട് പേരും മുന്നണിയിലുണ്ടായിരുന്നു. രണ്ട് പേരും മന്ത്രിമാരുമായിരുന്നു.
കൂടുതല്‍ കക്ഷികളെ യു.ഡി.എഫിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. അധികാര തുടര്‍ച്ചയ്ക്ക് വേണ്ടി എന്ത് വൃത്തികേടും ചെയ്യാന്‍ മടിക്കാത്ത മുന്നണിയാണ് ഇടതുമുന്നണി. ഇന്നലെ വരെ മാണി സാറിനെ കുറിച്ച് പറഞ്ഞതൊക്കെ അവര്‍ വിഴുങ്ങി. ഞാനൊക്കെ അംഗമായിരുന്ന സഭയിലാണ് മാണി സാറിനെ ബജറ്റ് അവതരിപ്പിക്കാന്‍ പോലും സമ്മതിക്കാത്ത രീതിയിലുള്ള വൃത്തികെട്ട കളികള്‍ നടന്നത്. അതൊക്കെ വിഴുങ്ങി ജോസിനെ സ്വീകരിച്ചിരിക്കുകയാണെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."