കൈക്കൂലി കേസ്; പ്രതി ചേര്‍ക്കപ്പെട്ടയാളെ നഗരസഭാ സെക്രട്ടറിയായി നിയമിക്കാന്‍ നീക്കം നടന്നതായി വെളിപ്പെടുത്തല്‍
ഏറ്റുമാനൂര്‍: കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ നഗരസഭാ സെക്രട്ടറിയുടെ പിന്‍ഗാമിയായി പ്രതിസ്ഥാനത്ത് ചേര്‍ക്കപ്പെട്ട അസിസ്റ്റ്ന്റ് സെക്രട്ടറിയെ നിയമിക്കാന്‍ നീക്കം നടന്നതായി വെളിപ്പെടുത്തല്‍. ഏപ്രില്‍ അവസാനം ചെയര്‍മാനും സെക്രട്ടറിയും കൂടി നഗരകാര്യ ഡയറക്ടര്‍ക്ക് ഇതു സംബന്ധിച്ച് കത്ത് അയച്ചിരുന്നു. ഇതിന് അനുകൂലമായി മറുപടി ലഭിച്ചപ്പോഴേക്കും സെക്രട്ടറി പിടിയിലായതിനാല്‍ ഇവരുടെ നീക്കം നടക്കാതെ പോകുകയായിരുന്നു.
സെക്രട്ടറി എസ്.ഷറഫുദ്ദീന്‍ വിരമിക്കുന്നതിന്റെ ഭാഗമായി നഗരസഭ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിനു മുന്നോടിയായി സ്റ്റിയറിങ് കമ്മറ്റി നടന്നിരുന്നു. ഈ ഒഴിവിലേക്ക് അസിസ്റ്റന്റ് സെക്രട്ടറിയായ സോണി മാത്യുവിന് ചാര്‍ജ് നല്‍കണമെന്ന ആവശ്യം ഈ യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ നഗരസഭാ ജീവനക്കാരനല്ലാത്ത സോണിയ്ക്ക് ചാര്‍ജ് നല്‍കാനാവില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കി. കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും ഹാജരില്ലാത്തതിനാല്‍ പിന്നീട് തീരുമാനം എടുക്കാമെന്ന നിലപാടില്‍ ചെയര്‍മാന്‍ യോഗം പിരിച്ചുവിടുകയായിരുന്നു.
സെക്രട്ടറി പിടിക്കപ്പെട്ട ശേഷം ഇന്നേ വരെ സോണി മാത്യു നഗരസഭാ ഓഫിസില്‍ ഹാജരായിട്ടില്ല. മറ്റാരോ മുഖേന ഫ്രണ്ട് ഓഫിസില്‍ അവധിക്കുള്ള അപേക്ഷ ഹാജരാക്കി. എന്നാല്‍ ഈ അപേക്ഷ അംഗീകരിക്കില്ല എന്നാണറിയുന്നത്. സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും പഞ്ചായത്ത് ജീവനക്കാരായതിനാല്‍ വിജിലന്‍സ് എഫ്.ഐ.ആറിന്റെ പകര്‍പ്പ് പഞ്ചായത്ത് ജില്ലാ ഡയറക്ടര്‍ക്കാണ് നല്‍കുക. അവിടെ നിന്നും എഫ്.ഐ.ആറിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ സോണി മാത്യുവിനെതിരേയും നടപടിയുണ്ടാകും.
ഇതിനിടെ വിജിലന്‍സ് പിടികൂടിയ നഗരസഭാ സെക്രട്ടറി അദ്ദേഹത്തിന്റെ കാലയളവില്‍ കാട്ടിയ അഴിമതികളെ കുറിച്ച് അന്വേഷിക്കണമെന്ന അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സിലില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞ് ബഹളമുണ്ടാക്കി. നഗരസഭാ കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ പൂഴ്ത്തിവെച്ച് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതുള്‍പ്പെടെയുള്ള അഴിമതികളെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ കാര്യങ്ങള്‍ ഇനി ചികയേണ്ടതില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞതോടെ ആരംഭിച്ച ബഹളം ഒരു മണിക്കൂറോളം നീണ്ടു.
അവസാനം കൂടുതല്‍ അന്വേഷണം നടത്തുവാന്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ അംഗീകാരം നല്‍കിയതോടെയാണ് അംഗങ്ങള്‍ ശാന്തരായത്.
നഗരസഭാ ജീവനക്കാരായി ഇപ്പോള്‍ സൂപ്രണ്ട്, ആര്‍.ഐ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ എച്ച്.ഐ എന്നിവരെ കൂടാതെ ആറ് പേരാണുള്ളത്. സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കാന്‍ സൂപ്രണ്ടും ആര്‍.ഐയും വിസമ്മതിച്ചതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ഡി ശോഭനയ്ക്ക് അധികചുമതല നല്‍കി. മറ്റ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ നേരത്തെ മാറ്റം വരുത്തിയിരുന്നു.
ഡി ആന്റ് ഓ ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സെക്രട്ടറിയും മറ്റ് ജീവനക്കാരും നേരിട്ട് ചെയ്യുന്നത് ഒഴിവാക്കി. സ്റ്റാന്റിങ് കമ്മറ്റിയുടെ പരിശോധനയ്ക്കു ശേഷം കൗണ്‍സിലിന്റെ അംഗീകാരത്തോടെ മാത്രം ഇത്തരം സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളും നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."