ബിന്ദുവിന് കൊച്ചിയില്‍ നിന്നൊരു കൈത്താങ്ങ്
തിരുവമ്പാടി: ഭര്‍ത്താവും മകനും വീടും സ്ഥലവുമെല്ലാം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ ബിന്ദുവിന് ജീവിതോപാധിയുമായി കൊച്ചിയില്‍ നിന്ന് വിപിന്‍കുമാര്‍ എന്ന ചെറുപ്പക്കാരനെത്തി.
സര്‍വതും മണ്ണിനടിയിലായ കൂട്ടത്തില്‍ തയ്യല്‍ യന്ത്രവും നഷ്ടമായ ബിന്ദുവിന് പുതിയ തയ്യല്‍ യന്ത്രവുമായാണ് വിപിന്‍കുമാര്‍ എത്തിയത്.
കഴിഞ്ഞ ദിവസം കൂടരഞ്ഞിയിലെ വീട്ടിലെത്തി വിപിന്‍കുമാര്‍ ഇത് ബിന്ദുവിന് കൈമാറി.
കഴിഞ്ഞ ഓഗസ്റ്റ് 15-ന് രാത്രിയില്‍ കല്പിനി കൂരിയോട് മലയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ബിന്ദുവിനും കുടുംബത്തിനും ദുരന്തമായത്. ഭര്‍ത്താവ് പ്രകാശനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ പ്രബിനും മരിച്ചു.ബിന്ദുവിനും മറ്റ് മക്കളായ പ്രബിതയ്ക്കും പ്രിയയ്ക്കും പ്രകാശന്റെ അച്ഛന് ഗോപാലനും സാരമായി പരുക്കേറ്റു. ഇവരുടെ വീടും സ്ഥലവും വീണ്ടെടുക്കാനാകാത്ത വിധം നശിച്ചു.
ഇവരെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് വിപിന്‍കുമാര്‍ തിരുവമ്പാടിയിലെ മാധ്യമപ്രവര്ത്തകന് സി.ടി. രാജേഷുമായി ബന്ധപ്പെടുകയായിരുന്നു.ശനിയാഴ്ച ഉച്ചയോടെ കൂടരഞ്ഞിയിലെത്തിയ വിപിന്‍കുമാര്‍ രാജേഷിനും ബ്ലോക്ക് പഞ്ചായത്തംഗം ജിമ്മി ജോസിനുമൊപ്പം വീട്ടിലെത്തി തയ്യല്‍യന്ത്രം കൈമാറി.
പഞ്ചായത്ത് ഏര്‍പ്പാടാക്കിയ കാരാട്ടുപാറയിലെ വീട്ടിലാണ് ബിന്ദുവും മക്കളും താമസിക്കുന്നത്.
തൃപ്പൂണിത്തുറ ഉദയംപേരൂര്‍ സ്വദേശിയായ വിപിന്‍കുമാര്‍ എറണാകുളത്ത് ഇലക്ട്രോണിക് സ്ഥാപനത്തിലെ ജീവനക്കാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."