പെരുന്നാള്‍ അവധി: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; ആശങ്കയോടെ പ്രവാസികള്‍
ജിദ്ദ: ഗള്‍ഫ് നാടുകളില്‍ അവധിക്കാലം അടുത്തതോടെ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക് പ്രവാസികളെ ദുരിതത്തിലാക്കി. സഊദി അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ് തുടരുന്നു. സാധാരണയെ അപേക്ഷിച്ച് ഇക്കുറി നിരക്കില്‍ മൂന്ന് ഇരട്ടിയോളം വര്‍ധനവുണ്ടായതായി ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്.എന്നാല്‍ പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വിസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെ ജെറ്റ് എയര്‍വേയ്സ് സര്‍വിസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വിസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമായത്.
അതേ സമയം മൂന്നിരട്ടി ഈടാക്കിയാണ് എയര്‍ഇന്ത്യ എക്സ്പ്രസ് പ്രവാസി യാത്രക്കാരെ നിര്‍ബാധം കൊള്ളയടിക്കുന്നത്. അവധിക്കാലം ആസന്നമായിരിക്കെ വരും ദിവസങ്ങളില്‍ നിരക്ക് വീണ്ടും ഇരട്ടിക്കും. നേരിട്ട് സര്‍വിസ് നടത്താതെ വിമാനക്കമ്പനികളും പ്രവാസികളെ ചൂഷണം ചെയ്യുന്നതിനു മുന്‍കാലങ്ങളിലെക്കാളും കൂടുതല്‍ കരുത്തോടെ രംഗത്തെത്തിയിട്ടുണ്ട്. വരുന്ന നാലു മാസം ഗള്‍ഫില്‍ അവധിക്കാലമായതിനാല്‍ നിലവിലെ ചാര്‍ജിനേക്കാളും മൂന്നിരട്ടിയോളം വര്‍ധിപ്പിച്ച് എയര്‍ലൈനുകള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുന്നതില്‍ മത്സരമാണെന്ന് തന്നെ പറയാം. ജൂണ്‍ ആദ്യ വാരം ഗള്‍ഫ് നാടുകളില്‍ ഈദുല്‍ ഫിത്ര് അവധിക്കാലം ആരംഭിക്കുകയാണ്.
ഭൂരിഭാഗം സീറ്റുകളും വിമാനക്കമ്പനികളുടെ ബാക്ക് ഓഫിസുകള്‍ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. ശേഷിക്കുന്ന ഒഴിഞ്ഞു കിടക്കുന്ന സീറ്റുകള്‍ക്ക് പൊള്ളുന്ന നിരക്കുമാണ്. നേരത്തെ ബ്ലോക്ക് ചെയ്ത സീറ്റുകള്‍ പിന്നീട് ഘട്ടം ഘട്ടമായി തുറന്നു നല്‍കി ക്ലാസുകളായി വേര്‍തിരിച്ചു അഞ്ചിരട്ടിയിലധികം വില കൂട്ടി വില്‍ക്കുന്ന വിമാന കമ്പനികളുടെ പതിവ് രീതി ഇത്തവണ കുറച്ചു നേരത്തേ തുടങ്ങിയത്. ഗള്‍ഫ് പ്രവാസത്തില്‍ സാമ്പത്തിക ഞെരുക്കങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ നാട്ടില്‍ കുടുംബങ്ങളുമൊത്ത് കുറച്ചു കാലമെങ്കിലും കഴിയാമെന്ന് വിചാരിക്കുന്ന പ്രവാസികള്‍ക്കാണ് ഇത്തരം വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള മൂലം സ്വപ്നങ്ങള്‍ അന്യമാകുന്നത്. സഊദിയില്‍ നിന്നും കേരളത്തിലേക്ക് നിലവില്‍ 3000 റിയാലിന് മുകളില്‍ വരെ ടിക്കറ്റ് നിരക്ക് ഇടാക്കുന്നുണ്ട്.
അതേ സമയം ഇത്തവണ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്. അടുത്തമാസം യുഎഇയിലെ സ്‌കൂള്‍ അവധി ദിനങ്ങള്‍ കൂടി വരുമ്പോള്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും. സീറ്റുകളുടെ കുറവ് കാരണം വര്‍ഷാവസാനത്തിലും ഇത്തവണ ടിക്കറ്റ് നിരക്ക് താഴാനുള്ള സാധ്യത കുറവാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എയര്‍ഇന്ത്യ എക്സ്പ്രസില്‍ പോലും ഇപ്പോള്‍ തന്നെ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
എന്നാല്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ ഇതവണ ഒരുമാസം മുമ്പെ നിരക്ക് ഉയര്‍ന്നു. ജെറ്റ് എയര്‍വേയ്സ് സര്‍വിസ് പൂര്‍ണമായി നിലയ്ക്കുകയും ഇന്‍ഡിഗോയുടെ തിരുവനന്തപുരം , അഹമ്മദാബാദ് സര്‍വിസുകള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തതു കാരണം സീറ്റ് ദൗര്‍ലഭ്യം മൂലമാണ് ടിക്കറ്റ് നിരക്ക് വര്‍ധനവിന് കാരണം മുന്‍ വര്‍ഷങ്ങളില്‍ ദോഹയില്‍ നിന്നു കേരളത്തിലെത്തി അവധി കഴിഞ്ഞു മടങ്ങുന്നതിനു ശരാശരി ടിക്കറ്റ് നിരക്ക് 2,500 റിയാല്‍ ആയിരുന്നത് ഇത്തവണ 3,200 റിയാലിനു മുകളില്‍ വരെ എത്തുന്നതായി പ്രവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.
അതേ സമയം അവധി ദിനങ്ങളിലും വിശേഷ ദിനങ്ങളിലും വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വര്‍ധിക്കുന്നതിന് വിരാമമിടാന്‍ കൂടുതല്‍ സര്‍വിസ് കേരളത്തിലേയ്ക്ക് ഏര്‍പ്പെടുത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. പ്രവാസി സംഘടനകള്‍ പലതും ഈ ആവശ്യമുന്നയിച്ച് ഡല്‍ഹിയിലെ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തില്‍ പോയിട്ടുണ്ട്. പക്ഷേ, ഉള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതല്ലാതെ കൂടുതല്‍ സര്‍വിസുകള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകുന്നില്ല. ഇത് അനാവശ്യമായി തിരക്ക് സൃഷ്ടിച്ച് ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാക്കി യാത്രക്കാരെ കൊള്ളയടിക്കാനുള്ള തന്ത്രമാണെന്നാണ് പ്രവാസികളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."