നീലേശ്വരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു ;അധികൃതര്‍ കാണുന്നില്ലേ..?
നീലേശ്വരം: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. റോഡരികിലും പുഴയോരത്തും പുഴകളിലുമാണ് ചാക്കുകളില്‍ കെട്ടിയ മാലിന്യങ്ങള്‍ തള്ളുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍, അറവു മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയാണ് ഇത്തരത്തില്‍ തള്ളുന്നത്. നെടുങ്കണ്ട മുതല്‍ മാര്‍ക്കറ്റ് ജങ്ഷന്‍ വരെ ദേശീയപാതയ്ക്കിരുവശവും മാലിന്യങ്ങളുടെ കൂമ്പാരമാണ്. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമായാണ് മാലിന്യം തള്ളുന്നത്.
നീലേശ്വരം, അച്ചാംതുരുത്തി പുഴകളില്‍ ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ ഒഴുകുകയാണ്. ഭക്ഷണാവശിഷ്ടങ്ങളിലെയും മറ്റും എണ്ണ പുഴയില്‍ കലരുന്നത് ജലജീവികളേയും സാരമായി ബാധിക്കുന്നു. കഴിഞ്ഞ ദിവസം ഓര്‍ച്ച റോഡരികില്‍ ഏഴു ചാക്കുകളിലായി മാലിന്യം തള്ളിയ സംഭവവുമുണ്ടായി.
പുഴയില്‍ കളയാനായി കൊണ്ടുവന്ന മാലിന്യം ആളനക്കം കണ്ട് റോഡരികില്‍ ഉപേക്ഷിച്ചതാണെന്നു നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങള്‍ കാക്കയും മറ്റും കൊത്തി കിണറ്റിലിടുന്നതു പതിവാണെന്നും ഇവര്‍ പറയുന്നു. ദേശീയപാതയോരത്തും പുഴയോരത്തും മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി കാമറ സ്ഥാപിക്കുമെന്നു പറയാന്‍ തുടങ്ങിയിട്ടു നാളേറെയായെങ്കിലും ഇതുവരെയായും പ്രാവര്‍ത്തികമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."