അഴിത്തല പുലിമുട്ട് സഞ്ചാരികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം
അഴിത്തല: നൂറുകണക്കിനു വിനോദ സഞ്ചാരികളെത്തുന്ന അഴിത്തല പുലിമുട്ടില്‍ സുരക്ഷയില്ല. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ കടലിലിറങ്ങുന്നതും കുളിക്കുന്നതും പതിവാണ്. എന്നാല്‍ അപകടമുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്നാണ് ആക്ഷേപം.
കടലും പുഴയും ചേരുന്ന പ്രദേശത്തിന്റെ സൗന്ദര്യം നുകരാനാണു സഞ്ചാരികള്‍ ഇവിടെയെത്തുന്നത്. വിവാഹ ഫോട്ടോകളും വീഡിയോകളും ഹ്രസ്വചിത്രങ്ങളും എടുക്കാനും ഇവിടെ ആളുകള്‍ എത്താറുണ്ട്. വൈകുന്നേരങ്ങളിലാണ് തിരക്ക് കൂടുതല്‍.
അവധിക്കാലമായതു കൊണ്ടുതന്നെ ഇപ്പോള്‍ നിരവധി പേരാണ് എത്തുന്നത്. പുലിമുട്ടിലിരുന്നു മത്സ്യം പിടിക്കുന്നവരുമുണ്ട്.
കഴിഞ്ഞ ദിവസം മാവിലാകടപ്പുറം പുലിമുട്ടില്‍ നിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ റായ്ബറേലി സ്വദേശി അഷ്‌റഫ് കടലില്‍ വീണു മരിച്ചിരുന്നു. തീരദേശങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ട തീരദേശ പൊലിസ് സ്റ്റേഷനായി അഴിത്തലയില്‍ കെട്ടിടം നിര്‍മിച്ചിട്ടു രണ്ടുവര്‍ഷത്തിലധികമായി. ആവശ്യമായ തസ്തികകള്‍ അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും ഇതിന്റെ ഉദ്ഘാടനം നടന്നില്ല. ലൈഫ്ഗാര്‍ഡിന്റെ സേവനവും ഇവിടെ ലഭ്യമല്ല. നാട്ടുകാര്‍ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പു പോലും പാലിക്കാറില്ലെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."