മതേതര ഭാരതം മനസുകൊണ്ട് താലോലിക്കാത്തവര്‍
ലോകവ്യാപകമായി തീവ്ര വലതുപക്ഷ വിചാരങ്ങള്‍ പുഷ്ടിപ്പെടുകയാണ്. ഗാന്ധിസവും സോഷ്യലിസവും അധരങ്ങളില്‍ വരാത്ത വിധം ഇന്ത്യന്‍ പ്രഭാഷകര്‍ പോലും കൃത്യമായ ഒരു വലതുപക്ഷ പരിസരം വളര്‍ത്തിയെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകം ഒരുപാടു മാറിയിരിക്കുന്നു. എല്ലാ മാറ്റങ്ങള്‍ക്കും കാര്‍മികരാകുന്നത് ഭരണകൂട നയങ്ങളാണ്. ഭരണകൂടങ്ങള്‍ നിര്‍മിക്കപ്പെടുന്നത് പൊതുസമൂഹത്തിന്റെ രാഷ്ട്രീയ അവബോധത്തിന്റെ അരികുപറ്റിയുമാണ്. അമേരിക്ക, യൂറോപ്പ്, ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍, ഇസ്രാഈല്‍, ചൈന, മ്യാന്‍മര്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ വലതുപക്ഷ വ്യതിയാനം രൂക്ഷമായി പ്രകടമായിട്ടുണ്ട്. രാഷ്ട്രീയാധികാരം ലഭിക്കാന്‍ ജനപക്ഷ വിചാരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുപകരം വൈകാരികതകള്‍ ഉപയോഗപ്പെടുത്തുകയാണ്.
ഐ.എസ് മുന്നോട്ടുവച്ച ആശയവും അപകടകരമായ ദേശീയവാദമാണ്. ഇറാഖിലെ സദ്ദാം ഹുസൈന്‍ അന്ധമായ അറബ് ദേശീയത ഉണര്‍ത്തിയാണ് ഭരണം നേടിയതും നിലനിര്‍ത്തിയതും. ലിബിയയിലെ കേണല്‍ മുഹമ്മര്‍ ഗദ്ദാഫി, ഉഗാണ്ടയിലെ ഇദി അമീന്‍, ഇറാനിലെ ആയത്തുല്ല റൂഹുല്ല ഖുമൈനി തുടങ്ങിയ നേതാക്കള്‍ വൈകാരികതകളുടെ ഗുണഫലം തിരിച്ചറിഞ്ഞ് രാഷ്ട്രീയ ആയുധമാക്കിയവരാണ്.
ഗൃഹപാഠം ചെയ്യാതെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിഫലന സാധ്യതകള്‍ പഠിക്കാതെ താല്‍കാലിക നിലപാടുകളും സമീപനങ്ങളുമുണ്ടാക്കി സമൂഹത്തിന്റെ പൊതുശക്തിയും ചിന്തയും വഴിതിരിച്ചുവിട്ട നിരവധി അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. പ്രത്യക്ഷത്തില്‍ ഹിന്ദു, മുസ്‌ലിം ഐക്യം ലക്ഷ്യം വച്ചായിരിക്കാം നിസഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രക്ഷോഭം യോജിച്ചു പ്രവര്‍ത്തിച്ചത്. ഒന്നാം ലോക മഹായുദ്ധത്തില്‍ തുര്‍ക്കിയുടെ പരാജയത്തോടെ അവിടെയുണ്ടായിരുന്ന ഖലീഫയുടെ പദവിയെ സംബന്ധിച്ച മതപരമായ കോളിളക്കമായിരുന്നു ഖിലാഫത്ത്.
അത് അനേകം മുസ്‌ലിംകളെ ഇന്ത്യന്‍ രാഷ്ട്രീയ ധാരയിലേക്ക് കൊണ്ടുവരാന്‍ ഇടയാക്കി. കോണ്‍ഗ്രസ്, ഖിലാഫത്ത് ഐക്യം വാര്‍ത്തെടുക്കുന്നതില്‍ ഗാന്ധിജി വലിയ പങ്കാണ് വഹിച്ചത്. നിര്‍ഭാഗ്യവശാല്‍ അത് അപ്രതീക്ഷിതവും അനവസരത്തിലുമുള്ളതായി ചിലര്‍ക്കെങ്കിലും തോന്നുന്നു. ഈ ഐക്യദാര്‍ഢ്യം അല്‍പായുസായിത്തീര്‍ന്നു. തുര്‍ക്കികള്‍ തന്നെ ഖലീഫ പദവി എടുത്തുകളഞ്ഞതിനാല്‍ ഖലീഫ പദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു (അതുല്യനായ കേളപ്പന്‍, പേജ് 183) എടുത്തുചാടി വീണ്ടുവിചാരമില്ലാതെ വൈകാരികതകള്‍ക്ക് അടിമപ്പെട്ട് രൂപം കൊള്ളുന്ന ആശയങ്ങള്‍ അധിക കാലം ജീവിക്കാറില്ല. പക്ഷെ അചിന്തനീയ കഷ്ടനഷ്ടങ്ങള്‍ വരുത്തിവയ്ക്കും.
ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അന്ധമായ ദേശീയവാദം അപകടകരമായ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഒരു വിഭാഗമാളുകളെ ദേശസ്‌നേഹികളും അല്ലാത്തവരെ ദേശദ്രോഹികളാക്കി വിഭജിച്ച് അതിന്റെ പഴുതിലൂടെ അധികാരം ഉറപ്പിക്കുന്നതാണ് ഈ നടപടി.
അപകടകരമായ സാമൂഹിക അരാജകത്വമായിരിക്കും ഇതിന്റെ തിക്തഫലം. കാടുകയറിയ വംശീയത പ്രചരിപ്പിച്ചാണ് ഡൊണാള്‍ഡ് ട്രംപ് എന്ന വലതുപക്ഷ രാഷ്ട്രീയക്കാരന്‍ അമേരിക്കന്‍ ജനാധിപത്യത്തെ അട്ടിമറിച്ചത്. പണസ്വാധീനവും സാങ്കേതിക അറിവുകളുടെ വ്യാപകമായി ഉപയോഗപ്പെടുത്തലും ട്രംപിനു കൂടുതല്‍ സഹായകമായി.
ഭാരതത്തിലെ ബി.ജെ.പി നേതൃത്വം അമേരിക്കയില്‍നിന്ന് കടം കൊണ്ട വിധമാണ് പ്രചരണങ്ങള്‍ നടത്തിയത്.
താല്‍പര്യങ്ങള്‍
വരേണ്യവര്‍ഗ താല്‍പര്യവും വന്‍കിട പണക്കാരുടെ താല്‍പര്യവും ഐക്യപ്പെടുന്നു. ഇന്ത്യയിലെ മധ്യവര്‍ഗം നന്നായി ആഹാരം കഴിച്ചു തുടങ്ങിയതാണ് ലോകത്ത് ഭക്ഷ്യകമ്മി ഉണ്ടാവാനിടയാക്കിയതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ്് ജോര്‍ജ്ജ് ബുഷ് പ്രസ്താവിച്ചത് ചേര്‍ത്തുവായിക്കുക. അടിമത്തം അവസാനിച്ചുകാണാന്‍ ഇത്തരം രാഷ്ട്രീയ തമ്പുരാക്കന്മാര്‍ക്കു താല്‍പര്യമില്ല.
രാഷ്ട്രവികസനമല്ല ഇവരുടെ ലക്ഷ്യം. പുരാതന ബാബിലോണിയയിലെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ പുനരവതരണമാണ് ഇക്കൂട്ടര്‍ ലക്ഷ്യംവയ്ക്കുന്നത്. ഇപ്പോഴും രാഷ്ട്രീയ മേലാളന്‍മാര്‍ അടിസ്ഥാനവര്‍ഗത്തെ അധമ വര്‍ഗമായി പരിഗണിച്ചുവരുന്നു.
കണ്ടറിയാത്തവര്‍ കൊണ്ടറിയും
ഇന്ത്യന്‍ രാഷ്ട്രീയത്തെ ചില വര്‍ഗീയ താല്‍പര്യക്കാര്‍ സമര്‍ഥമായി ബലാല്‍ക്കാരം ചെയ്യുമ്പോള്‍ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കണ്ണുതുറന്നു കാര്യങ്ങള്‍ കാണാന്‍ തയാറായില്ല. ചില വ്യക്തികളുടെ അധികാര താല്‍പര്യത്തിനു പുറത്ത് വിശാലമായ ബൗദ്ധിക വ്യാപാരം നടത്താന്‍ പ്രധാന പാര്‍ട്ടികള്‍ക്ക് സാധ്യമായില്ല. ബി.ജെ.പിക്കു തനിച്ച് ലോക്‌സഭയില്‍ ഭൂരിപക്ഷമായി. ഭരണഘടനാ ഭേദഗതി ഉള്‍പെടെയുള്ള അതിരുവിട്ട കളികള്‍ കളിക്കാന്‍ ആര്‍.എസ്.എസ് നിര്‍ബന്ധിക്കും. രാമക്ഷേത്ര നിര്‍മാണം, കോമണ്‍ സിവില്‍ കോഡ് തുടങ്ങിയ അപകടകരമായ ചില കാര്യങ്ങളില്‍ ബി.ജെ.പി കൈവയ്ക്കാനിടയുണ്ട്.
ഇന്ത്യയുടെ മതേതര മുഖം ഇപ്പോള്‍ തന്നെ പാതി വികൃതമാണ്. 2024 മുന്‍പ് ചെയ്യാന്‍ കഴിയാവുന്നതിന്റെ പരമാവധി വിഭജന മതിലുകള്‍ മോദിയും സംഘവും പണിയുമെന്നുറപ്പ്.
ഇടതുപക്ഷ സാന്നിധ്യം
കേവലയുക്തിക്കു നിരക്കാത്തവരട്ടു പ്രത്യശാസ്ത്രചങ്ങലയില്‍നിന്ന് കമ്യൂണിസം രക്ഷപ്പെടണം. ഏകാധിപത്യ ശീലങ്ങങ്ങളുണ്ടെങ്കിലും കമ്യൂണിസ്റ്റ് ചൈന മുതലാളിത്ത ചൈനയായി രൂപാന്തരപ്പെട്ടത് മാറ്റങ്ങളോടു സന്ധിചെയ്തുകൊണ്ടുള്ള നിലപാടുകള്‍ സ്വീകരിച്ചാണ്. യന്ത്രവല്‍കരണത്തിനെതിരേ താലൂക്ക് ഓഫിസുകള്‍ മുദ്രാവാക്യം വിളിച്ച സഖാക്കള്‍ അല്‍പമൊക്കെ മാറിയെങ്കിലും ശബരിമല വിഷയം ഉള്‍പെടെ ജനപക്ഷത്തു നില്‍ക്കാന്‍ അവര്‍ പഠിച്ചില്ല. ത്രിപുരയിലും പശ്ചിമബംഗാളിലും കമ്യൂണിസ്റ്റുകാര്‍ കിടക്കയും പായയും തലയിണയും എടുത്തു അന്തിയുറങ്ങാന്‍ പോയത് ബി.ജെ.പി പാളയത്തിലാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ബി.ജെ.പിയിലേക്കുള്ള കൂടൊഴിയല്‍ വേഗത കൈവരിച്ചിട്ടില്ലങ്കിലും തീര്‍ത്തും മന്ദഗതിലല്ല. ജനാധിപത്യ, മതേതര സങ്കല്‍പങ്ങളോടു കൂറുപുലര്‍ത്തുന്ന, അടിസ്ഥാന വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വംശനാശം സംഭവിക്കാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വം കൂടി മനസുവയ്ക്കണം.
കടക്ക് പുറത്ത്
കേരളത്തിലെ വോട്ടര്‍മാര്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളോടു പറയാതെ പറഞ്ഞത് കടക്ക് പുറത്ത് എന്നു തന്നെയാണ്. ഇടതുപക്ഷം പരാജയ കാരണങ്ങള്‍ കണ്ടെത്തി വരുന്നതേയുള്ളൂ. മനുഷ്യര്‍ക്കു മനസ്സിലാകാത്ത, യുക്തി'ഭദ്രമല്ലാത്ത നിലപാടുകള്‍ തിരുത്തണം. തെരഞ്ഞെടുപ്പുകളില്‍ തോല്‍വിയും ജയവും അസാധാരണമല്ല. എന്നാല്‍ ദയനീയ പരാജയം നന്നായി പഠിച്ചുനോക്കണം.
നന്നാകാന്‍ ഇനിയും ധാരാളം സമയമുണ്ട്. കൈയിലുള്ള വരട്ടു പുസ്തകങ്ങളും കാലഹരണപ്പെട്ട ആശയങ്ങളും മാറ്റിവച്ച് പൊതുസമൂഹത്തിന്റെ മനസില്‍ ഇടം പിടിക്കുന്ന ആശയങ്ങള്‍ സ്വായത്തമാക്കണം.
വെടിനിറച്ച് കാത്തുനില്‍ക്കുന്നവര്‍
ഇറാനുമായി അമേരിക്ക ഒരു തുറന്ന യുദ്ധത്തില്‍ വന്നാല്‍ സഊദി അറേബ്യയും ഗള്‍ഫ് രാഷ്ട്രങ്ങളും പങ്കാളികളാകേണ്ടി വരും. അരുവിയുടെ താഴ്ഭാഗത്തുനിന്ന് വെള്ളം കുടിക്കുന്ന ആട്ടിന്‍കുട്ടിയോട് മേല്‍ഭാഗത്ത് നില്‍ക്കുന്ന ചെന്നായ പറഞ്ഞ ന്യായം നമുക്കറിയാം. കാരണങ്ങളുണ്ടാക്കി ആക്രമിക്കാന്‍ അമേരിക്ക സദാ തയാറാണ്. ബഗ്ദാദിലെ ആയുധപ്പുരകള്‍ രാസായുധം കൊണ്ട് നിറഞ്ഞതാണെന്ന് കള്ളം പറഞ്ഞാണ് അമേരിക്കയും സഖ്യകക്ഷികളും ഗള്‍ഫ് യുദ്ധം നടത്തി 50 ലക്ഷം പേരെങ്കിലും കൊന്നുതള്ളിയത്. അറബ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കിടയില്‍ സംശയത്തിനും പകയുടെയും മതിലുകള്‍ തീര്‍ത്തുപരസ്പരം ഏറ്റുമുട്ടിക്കാനുള്ള എല്ലാ നീക്കങ്ങളും അമേരിക്ക പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വരുംനാളുകള്‍ അറബ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."