അഞ്ച് രൂപയുടെ ഭൂനികുതിയടക്കാന്‍ യാത്രാച്ചെലവ് അറുപത് രൂപ!
മയ്യില്‍: അഞ്ച് രൂപയുടെ ഭൂനികുതിയടക്കാന്‍ ചെലവഴിക്കേണ്ടത് അറുപത് രൂപ. മയ്യില്‍ വില്ലേജ് ഓഫിസിലെ ദുരവസ്ഥയാണിത്. മയ്യില്‍ കിഴക്കേപറമ്പില്‍ വിജനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വില്ലേജ് ഓഫിസില്‍ എത്തിച്ചേരാന്‍ മയ്യില്‍ ടൗണില്‍ നിന്നു രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കണം. അതും കാല്‍നടയായി. അതല്ലെങ്കില്‍ അറുപത് രൂപ നല്‍കി ഓട്ടോറിക്ഷയെ ആശ്രയിക്കണം.
ഇവിടെ എത്തിച്ചേരാന്‍ ബസ് സര്‍വിസോ മറ്റു പൊതുഗതാഗത സംവിധാനമോ ഇല്ല. 1998ല്‍ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.ഇ ഇസ്മാഈലാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാരിന് ദാനമായി ലഭിച്ച സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെ സ്വന്തമായി കെട്ടിടം പണിയുകയായിരുന്നു.
എന്നാല്‍ മതിയായ ഗതാഗത സൗകര്യമില്ലാത്ത സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വില്ലേജ് ഓഫിസിലേക്ക് ഇന്ന് പൊതുജനങ്ങള്‍ എത്തിച്ചേരുന്നതു തന്നെ ഏറെ സാഹസമാണ്.
ഗതാഗത സൗകര്യമുള്ള മറ്റൊരിടത്തേക്ക് വില്ലേജ് ഓഫിസ് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ അധികൃതര്‍ ഇത് അറിഞ്ഞ ഭാവം നടിക്കുന്നില്ല. സ്വന്തമായി കെട്ടിടമില്ലെന്ന സാങ്കേതികത്വമാണ് ഇതിന് തടസവാദമായി അധികൃതര്‍ ഉന്നയിക്കുന്നത്. നാല് ജീവനക്കാരുണ്ടാവേണ്ട ഇവിടെ ഏറെക്കാലമായി മൂന്നു പേര്‍ മാത്രമാണുള്ളത്.
മിക്ക ഉദ്യോഗാര്‍ഥികളും ഇവിടെ ജോലി ചെയ്യാന്‍ മടി കാണിക്കുന്നതായും ജീവനക്കാര്‍ പറയുന്നു. സ്വന്തമായി വാഹനം ഉള്ളവര്‍ക്കു മാത്രമേ ഇവിടെ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ എന്നതുതന്നെയാണ് കാരണം. സമീപത്തെവിടെയും ഒരു ഹോട്ടല്‍ പോലും ഇല്ലാത്തതിനാല്‍ ചായ കുടിക്കാനും ഉച്ചയൂണ് കഴിക്കാനും ഓഫിസ് അടച്ചിട്ട ശേഷം മയ്യില്‍ ടൗണ്‍ വരെ പോയി വരേണ്ട ദുരവസ്ഥയാണ് ജീവനക്കാര്‍ക്കുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."