പ്രളയാനന്തര കേരളത്തിന് വേണം; ജാഗ്രത
കേരളത്തിന്റെ സാമൂഹികവളര്‍ച്ചയെ നേരിട്ടു ബാധിക്കാന്‍ പോകുന്നതാണ് മഹാപ്രളയം സൃഷ്ടിച്ച ദുരന്തം. അത് കേരളീയരുടെ ദൈനംദിനജീവിതത്തെ ബാധിക്കുക സാമ്പത്തികമായി മാത്രമല്ല, ഭാവിജീവിതത്തെ രൂപപ്പെടുത്തേണ്ട സാമൂഹികസാഹചര്യങ്ങളെക്കൂടി ബാധിക്കും. എങ്കിലും ഇപ്പോള്‍ നമ്മുടെ മുമ്പിലെ പ്രധാനവിഷയങ്ങള്‍ അതിജീവനത്തിന്റെ മാര്‍ഗങ്ങളും അതിനാവശ്യമായ സമ്പത്തികസ്രോതസ്സ് കണ്ടെത്തലുമാണ്. ഇത്തരം വിഘാതങ്ങള്‍ മാറ്റിവേണം ദുരന്തബാധിതര്‍ക്കു മുന്നോട്ടുപോകാന്‍. ഈ ചുറ്റുപാടില്‍ അവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനും ഭാവിജീവിതത്തിലേക്കു കൈപിടിക്കാനും രാഷ്ട്രീയ ജാഗ്രത അനിവാര്യമാണ്. അതുണ്ടാവുമെന്നു കരുതാം. അത്തരം ഘട്ടത്തില്‍ നാം ചില കരുതലുകളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യണം. പുനരധിവാസ വര്‍ത്തമാനങ്ങളില്‍ അതുകൂടി വിഷയമാവുന്നത് ഇടപെടലിന്റെ സുതാര്യതയ്ക്കു ഗുണം ചെയ്യും.
കേരളത്തിന്റെ പൊതുസ്വഭാവം വച്ച് രാഷ്ട്രീയ ഇടപെടലിലും പക്ഷപാത സമീപനങ്ങള്‍ക്കു സാധ്യതകള്‍ ഏറെ. കാരണം, മുന്നണി ഭരണസംവിധാനത്തില്‍ ഏതൊക്കെ തരത്തിലാണ് ജനങ്ങളുമായി ഇടപെടേണ്ടതെന്നതിനു നിലവില്‍ ഒരു സാമ്പ്രദായിക രീതി നിലനില്‍ക്കുന്നുണ്ട്. അത് സ്വന്തംപാര്‍ട്ടിക്കാര്‍ക്കും സ്വന്തം സമുദായത്തിനും പരിഗണന നല്‍കലാണ്. ഈ പ്രവണതകള്‍ ഒരിക്കലും അനുവദിച്ചുകൂടാ. പ്രളയദുരന്തമുണ്ടാക്കിയത് ഏതെങ്കിലും വിഭാഗങ്ങളെയോ, രാഷ്ട്രീയപ്പാര്‍ട്ടികളെയോ നോക്കിയല്ല. ഇത്തരമൊരു ചിന്തയില്‍ നിന്നുവേണം പ്രളയാനന്തര കേരളം ആവശ്യപ്പെടുന്ന രാഷ്ട്രീയജാഗ്രത തിരിച്ചറിയേണ്ടത്.
പ്രളയം സാധാരണക്കാരിലുണ്ടാക്കിയ അരക്ഷിതബോധം ചെറുതല്ല. ഒന്നോ രണ്ടോ കുടുംബങ്ങളെ ബാധിച്ച ദുരിതവുമല്ല. നേരിട്ടു ബാധിച്ച ലക്ഷങ്ങളില്‍ വലിയ ശതമാനം കൂലിവേല ചെയ്തു ജീവിക്കുന്നവരാണ്. ഇവരിലുണ്ടാക്കുന്ന അരക്ഷിതബോധംമാറ്റിയെടുക്കാനുള്ള ക്രിയാത്മക വഴി രാഷ്ട്രീയ ഇടപെടലാണ്. അതുതന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന സാമൂഹിക ജാഗ്രത കാലക്രമത്തില്‍ കുറഞ്ഞുവരികയും ഇനി കാര്യങ്ങള്‍ ചെയ്യേണ്ടതു ഭരണകൂട നിര്‍ദേശ പ്രകാരമാണെന്ന ധാരണ വരികയും ചെയ്യുന്ന ഘട്ടമാണിത്. ഈ ഘട്ടത്തില്‍ സാമൂഹികമായ ഇടപെടലിന്റെ രീതികള്‍ മാറും. നേരത്തെ നടന്നതു ദേശത്തെയോ ജനത്തെയോ നോക്കാതെയുള്ള ഇടപെടലായിരുന്നു. ആ ഘട്ടത്തില്‍ അതാണ് അതിന്റെ രീതി. ദുരിതത്തില്‍പെട്ടവരെ രക്ഷിച്ചു സുരക്ഷിതകേന്ദ്രങ്ങളില്‍ എത്തിച്ച് അവര്‍ക്ക് ആവശ്യമായ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണത്. ഇന്നിപ്പോള്‍ ഏറെപ്പേര്‍ സ്വന്തം വീട്ടിലേക്കു തിരിച്ചുപോയിട്ടുണ്ട്. മറ്റൊരു വിഭാഗത്തിനു കിടപ്പാടം പൂര്‍ണമായും നഷ്ടടമായതുകൊണ്ടു തിരിച്ചുപോകാന്‍ പറ്റുന്നുമില്ല. വാസയോഗ്യമല്ലാത്ത വീടുകളുള്ള ഇവരുടെ പുനരധിവാസത്തിനു പ്രഥമപരിഗണന നല്‍കുക തന്നെ വേണം. ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുമ്പോള്‍ നല്ല രീതിയിലുള്ള രാഷ്ട്രീയജാഗ്രത ആവശ്യമാണെന്ന സൂചന നല്‍കുന്നുണ്ട് ചില മാധ്യമ വാര്‍ത്തകള്‍.
ദുരിതാശ്വാസ ക്യാംപില്‍ ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ നേരിട്ട് ഇടപെട്ടതും സഹായത്തിനായി എത്തിയ ഭക്ഷ്യവസ്തുക്കളും മറ്റും പാര്‍ട്ടി അധീനതയിലാക്കി സ്വന്തക്കാര്‍ക്കു പ്രത്യേക പരിഗണനയില്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ വസ്തുതാപരമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്കു ശക്തിയുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അവരുടേതായ താല്‍പര്യങ്ങള്‍ പ്രകടമാവുന്നെന്ന പരാതിയുമുണ്ട്. ഇതൊക്കെ ഒന്നാംഘട്ടത്തിലെ പരാതികളാണെങ്കില്‍ ഇനി ഉണ്ടാവാന്‍ സാധ്യതയുള്ള ഇടപെടല്‍ ശ്രദ്ധിക്കണം.
ദുരിതബാധിതരുടെ നഷ്ടത്തിന്റെ തോത് പ്രത്യക്ഷത്തില്‍ കണക്ക് നോക്കി പറയാന്‍ കഴിയില്ലെങ്കിലും ഏകദേശ ധാരണയുണ്ടാക്കാം. അതിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം ഉറപ്പുവരുത്താന്‍ പഞ്ചായത്ത് ഭരണകേന്ദ്രങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ക്കും മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലര്‍മാര്‍ക്കും കഴിയണം. ഇത് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണെങ്കിലും നഷ്ടത്തിന്റെ തോത് നിര്‍ണയിക്കാനും പുനരധിവാസ തുക തിട്ടപ്പെടുത്താനും പഞ്ചായത്തിന്റെ വിദഗ്ധസമിതിക്കാണ് കഴിയുക. ഏറക്കുറേ ഇതേരീതിയാണ് നിലവിലുണ്ടാവുക. അതില്‍ സര്‍വകക്ഷി പങ്കാളിത്തം കൂടി ഉണ്ടായാല്‍ ഏതെങ്കിലും തരത്തിലുള്ള താല്‍പര്യങ്ങള്‍ക്ക് സാധ്യത വിരളമാകും. ഇത്തരം സമിതികള്‍ ഉണ്ടായാലും ചിലരുടെ താല്‍പര്യങ്ങള്‍ നടന്നേക്കാവുന്നത് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിലൂടെയാവും. അന്നേരം അത്തരക്കാരെ ചോദ്യം ചെയ്യാനും അഴിമതി പുറത്തുകൊണ്ടുവരാനും പ്രദേശത്തുള്ളവര്‍ക്ക് കഴിയണം. ജാഗ്രതയുണ്ടാവുമ്പോള്‍ മറ്റു താല്‍പര്യങ്ങള്‍ അത്ര പെട്ടെന്നു കടന്നുവരില്ല.
അഴിമതിക്ക് ഏറെ സാധ്യതയുള്ളതാണ് പൊതുമരാമത്ത് ജോലികള്‍. കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഇത് അനുവദിച്ചുകൂടാ. എത്ര കൂടിയ തുക മുടക്കി നിര്‍മിച്ചാലും നമ്മുടെ റോഡിന്റെ ആയുസ്സ് ഒരു മഴക്കാലമാണ്. എന്തുകൊണ്ടാണതെന്നു പഠിക്കാന്‍ ഇതുവരെയായിട്ടില്ല. കഴിയാഞ്ഞിട്ടല്ല. വര്‍ഷാവര്‍ഷം റോഡ് പൊളിയേണ്ടത് ചില 'വര്‍ഗ'ങ്ങളുടെ ആവശ്യമായതുകൊണ്ടാണ്. ഇതൊക്കെ സംഭവിച്ച, സംഭവിക്കുന്ന കേരളത്തിലാണ് പുതിയ കേരളനിര്‍മിതിക്കുള്ള ശ്രമം.
അഞ്ചും പത്തും ലക്ഷത്തിന്റെയോ കോടിയുടെയോ നിര്‍മാണ പ്രവര്‍ത്തനമല്ല നടക്കാന്‍ പോവുന്നത്. കഴിഞ്ഞകാല അനുഭവങ്ങള്‍ നോക്കുമ്പോള്‍ അഴിമതിക്ക് സാധ്യത ഏറെയാണ്. അത് എന്ത് വിലകൊടുത്തും തടയണം. ഇത്തരം ഏജന്‍സികള്‍ക്ക് പ്രാദേശികം മുതല്‍ സംസ്ഥാന അടിസ്ഥാനം വരെയുള്ള രാഷ്ട്രീയ ബന്ധങ്ങളുണ്ടാവും. ഇവരാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെയും കരാര്‍ ഏജന്‍സികളുടെയും ഇടനിലക്കാര്‍. അവര്‍ തമ്മിലുള്ള ഇടപാടിന്റെ രഹസ്യ സ്വഭാവം അത്ര പെട്ടെന്നുവെളിച്ചത്ത് കൊണ്ടുവരാനാവില്ല. ഇന്നത്തെ അവസ്ഥയില്‍ ജനകീയ ഇടപെടലിനെതിരെയുള്ള നീരസം ആദ്യമുണ്ടാവുക പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നായിരിക്കും. കാരണം, ഇതൊക്കെ തങ്ങളുടെ പണിയാണ് എന്ന ചിന്തയാണ് അവര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."