കൊവിഡ് പരിശോധന കുറയുന്നു; കാരണം പറയാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതിന് യഥാര്‍ഥ കാരണം വ്യക്തമാക്കാതെ സര്‍ക്കാരിന്റെ ഒളിച്ചുകളി. ദിനംപ്രതിയുള്ള പരിശോധനകള്‍ ഒരു ലക്ഷം വരെയെങ്കിലും ഉയര്‍ത്തണമെന്ന ആവശ്യം ഉയരുമ്പോഴാണ് പ്രതിദിന സാംപിള്‍ പരിശോധന കുത്തനെ കുറച്ചത്.
പരിശോധനകള്‍ കൂടിയിട്ടുണ്ടെന്നും എന്നാല്‍ ഡാറ്റാ എന്‍ട്രിയിലെ അപാകതകളും ജീവനക്കാരുടെ കുറവും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ കാലതാമസമുണ്ടാക്കുകയാണെന്നുമാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം. ഇതേ തുടര്‍ന്ന് സ്വകാര്യ മേഖലയിലെ പരിശോധനാ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡേക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പരിശോധനാ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഐ.സി.എം.ആര്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തിയിരുന്നു. അതിനു ശേഷം ഡാറ്റാ എന്‍ട്രി കൂടുതല്‍ ബുദ്ധിമുട്ടാണെന്നും ഭാരിച്ച ജോലിയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡാറ്റാ എന്‍ട്രി കൂടി സാധിക്കില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ കിറ്റുകളുടെയോ പരിശോധനാ സംവിധാനങ്ങളുടെയോ കുറവില്ലെന്നിരിക്കെ, പരിശോധനകളുടെ എണ്ണം കൂട്ടാത്തത് രോഗികളുടെ എണ്ണം കുറച്ചുകാണിക്കാനാണെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ 73,000 വരെ പ്രതിദിന കൊവിഡ് ടെസ്റ്റുകള്‍ നടന്നിടത്ത് ഇപ്പോള്‍ 50,000ത്തോളം ടെസ്റ്റുകള്‍ മാത്രമാണ് നടക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റുകളില്‍ 70 ശതമാനം സര്‍ക്കാര്‍ ലാബുകളിലും 30 ശതമാനം സ്വകാര്യ ലാബുകളിലുമാണ് നടക്കുന്നത്. സ്വകാര്യ മേഖലയിലെ 30 ശതമാനം ടെസ്റ്റുകളില്‍ പോസിറ്റിവായ കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."