പേര് ചോദിച്ച് മര്‍ദനം: കൊലക്കേസ് പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കാസര്‍കോട്: പേര് ചോദിച്ച് യുവാക്കളെ കാറില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. കുഡ്‌ലു വ്യൂവേഴ്‌സ് കോളനിയിലെ തേജ് എന്ന അജയകുമാര്‍ ഷെട്ടിയെയാണ് (23) കാസര്‍കോട് പൊലിസ് അറസ്റ്റ് ചെയ്തത്.
കൊലക്കേസ് ഉള്‍പ്പെടെ എട്ടോളം കേസില്‍ പ്രതിയായ ഇയാളെ ഇന്നലെ ഉച്ചയോടെയാണ് ബി.ജെ.പി ജില്ലാ ഓഫിസ് പരിസരത്തെ കറന്തക്കാട്ട്‌വച്ച് പൊലിസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാഞ്ഞങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളാണ് കറന്തക്കാട്ട്‌വച്ച് ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണത്തിനിരയായത്. സംഭവത്തിലെ മറ്റ് പ്രതികളെ പൊലിസ് അന്വേഷിച്ചു വരുന്നു. സുഹൃത്തിനെ കൂട്ടാനായി മംഗളൂരു വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ സി.എച്ച് ഫായിസ്, സുഹൃത്ത് അനസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.10 ഓടെ ഒരു സംഘം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
മംഗളൂരുവിലേക്കുള്ള യാത്രക്കിടയില്‍ കറന്തക്കാട്ടെ തളിപ്പടുപ്പ് മൈതാനിക്കു സമീപം കാര്‍ നിര്‍ത്തി ബ്ലൂടൂത്ത് കണക്ട് ചെയ്യുന്നതിനിടയിലാണ് അക്രമി സംഘം കാറിനടുത്തെത്തി പേര് ചോദിച്ച ശേഷം യുവാക്കളെ വലിച്ചിറക്കിയത്. ഇതേതാണ് സ്ഥലമെന്ന് അറിയുമോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മര്‍ദനം. സംഘ്പരിവാര്‍ ശക്തി കേന്ദ്രങ്ങള്‍ ആണ് ഇവിടം. മര്‍ദനത്തില്‍ പരുക്കേറ്റ ഫായിസിനെ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം, കാസര്‍കോട്ടെ ആബിദ് വധക്കേസിലെ ഒന്‍പതാം പ്രതിയാണ് അജയകുമാര്‍ ഷെട്ടി. 2014 ഡിസംബര്‍ 22 നാണു ആബിദ് കൊല്ലപ്പെട്ടത്. ബീരന്ത് വയലില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഈ വര്‍ഷം ജനുവരിയില്‍ അടുക്കത്ത് വയലില്‍ മറ്റൊരാളെ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചതും ഉള്‍പ്പെടെ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജയകുമാര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."