തീപിടിത്ത കേസ് അട്ടിമറിക്കാന്‍ ശ്രമം; ഫൊറന്‍സിക് ഉദ്യോഗസ്ഥരെ ഐ.ജി ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫിസിലുണ്ടായ തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് കണ്ടെത്തിയവരെ ഐ.ജി ഭീഷണിപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തം സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഒരു ഐ.ജി ഫോറന്‍സിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോറന്‍സിക് വിഭാഗത്തിന്റെ അടുത്ത റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ അത് കോടതിയില്‍ പോകരുതെന്ന് ഐ.ജി. നിര്‍ദേശിച്ചതായും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പൊലിസ് ആസ്ഥാനത്തെ ഒരു ഐ.ജി ഫോറന്‍സിക് വകുപ്പിലെ ഉന്നതോദ്യോഗസ്ഥന്മാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇത് അസാധാരണമായ നടപടിയാണ്. തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ഐ.ജി കണക്കറ്റ് ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ചെന്നിത്തല പറഞ്ഞു.
ഫോറന്‍സിക് പരിശോധന നടത്താന്‍ ആരാണ് പഠിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പൊലിസ് ഹെഡ്ക്വാട്ടേഴ്‌സില്‍ ഐ.ജി വാങ്ങിവച്ചു. രണ്ടാമത്തെ കെമിക്കല്‍ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ അത് കോടതിയില്‍ എത്തരുതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ഐ.ജി നിര്‍ദേശം നല്‍കിയത്. ഫോറന്‍സിക് ഉദ്യേഗസ്ഥരെ വിളിച്ചുവരുത്താന്‍ ഐ.ജിക്ക് ആരാണ് അധികാരം കൊടുത്തതെന്നും ആരുടെ നിര്‍ദേശപ്രകാരമാണ് ഐ.ജി പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല ചോദിച്ചു. ഐ.ജിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെളിവ് നശിപ്പിച്ച് ഈ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെടുകയാണ്.
ഫോറന്‍സിക് കണ്ടെത്തല്‍ അട്ടിമറിക്കുന്നതിനായി ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയുമാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്്. ഡി.ജി.പി റാങ്കുള്ള ഉദ്യോഗസ്ഥനെ ഫോറന്‍സിക് വിഭാഗത്തില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി സര്‍ക്കാരിന് കത്തെഴുതിയിരിക്കുകയാണ്. ഇതും അട്ടിമറിയാണ്.
അതിനാല്‍ ഡി.ജി.പി.യുടെ കത്ത് സര്‍ക്കാര്‍ തള്ളിക്കളയണം. ഫോറന്‍സിക് ഡയറക്ടര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയതില്‍ എന്തെങ്കിലും ഭീഷണിയുണ്ടോയെന്നത് പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഫൊറന്‍സിക് ഡയറക്ടര്‍ക്ക് മേല്‍ സമ്മര്‍ദമില്ലെന്ന് പൊലിസ്
തിരുവനന്തപുരം: സ്വയം വിരമിക്കാന്‍ ഫോറന്‍സിക് ലബോറട്ടറി ഡയറക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദമില്ലെന്ന് പൊലിസ്. വ്യക്തിപരമായ കാരണങ്ങളാല്‍ സര്‍വിസില്‍ നിന്ന് സ്വയം വിരമിക്കാന്‍ അനുമതി തേടി ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍, സംസ്ഥാന പൊലിസ് മേധാവിക്ക് അപേക്ഷ നല്‍കിയത്. സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടാകുന്നതിന് രണ്ട് മാസം മുന്‍പാണിത്. പിന്നീട് ഇദ്ദേഹം വിരമിക്കല്‍ അപേക്ഷ പിന്‍വലിക്കുകയും സര്‍വിസില്‍ തുടരുവാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. സ്വയം വിരമിക്കണമെന്ന് ഏതെങ്കിലും ഓഫിസര്‍ ഫോറന്‍സിക് ലബോറട്ടറി ഡയറക്ടറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പൊലിസ് മീഡിയ സെന്റര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."