പരീക്ഷയിലെ ആള്‍മാറാട്ടം: രണ്ട് അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
മുക്കം: നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ സംഭവത്തില്‍ പ്രതികളായ രണ്ട് അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കേസിലെ രണ്ടും മൂന്നും പ്രതികളായ നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ നിഷാദ് വി.മുഹമ്മദിന്റെയും ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.കെ ഫൈസലിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.
ഒന്നാം പ്രതിയായ നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.റസിയയുടെ ജാമ്യാപേക്ഷയില്‍ വാദം ഇന്നലെ പൂര്‍ത്തിയായി. ഇന്ന് വിധി പറയും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അധ്യാപകര്‍ ഇന്ന് കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
അധ്യാപകര്‍ക്കെതിരേ കേസെടുത്ത് മൂന്നാഴ്ചയോളമായിട്ടും അറസ്റ്റ് ചെയ്യാനാവാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അധ്യാപകരുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. സംഭവശേഷം ഒളിവില്‍ കഴിയുന്ന പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയിട്ടില്ലന്നാണ് സൂചന. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയെ തുടര്‍ന്ന് അധ്യാപകര്‍ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അധ്യാപകരെ അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമേ കുട്ടികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ എവിടെയെന്നത് സംബന്ധിച്ച് വ്യക്തത വരൂ. ഇത് കണ്ടെടുക്കാനുള്ള ശ്രമവും പൊലിസ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്.പി, താമരശ്ശേരി ഡിവൈ.എസ്.പി എന്നിവരുടെ മേല്‍നോട്ടത്തില്‍ മുക്കം സി.ഐ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം ഇന്നലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ അധ്യാപകന്‍ ഉത്തരക്കടലാസില്‍ തിരുത്തല്‍ വരുത്തിയ രണ്ട് വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവച്ചു. ഈ വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതേണ്ടി വരുമെന്നും ജൂലൈ മാസത്തിലോ ഓഗസ്റ്റിലോ നടക്കുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ അതിനുവേണ്ട സൗകര്യമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."