ബ്രോഡ്‌വേയിലെ തീപിടിത്തം: കാരണം ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട്് സര്‍ക്യൂട്ട്
കൊച്ചി: തിങ്കളാഴ്ച ബ്രോഡ്‌വേയിലുണ്ടായ തീ പിടിത്തത്തിന് കാരണം ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഗ്‌നി സുരക്ഷാ വിഭാഗം ജില്ലാ കലക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആദ്യം തീയുണ്ടായത് കെ.സി പപ്പു ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിന്റെ മുകള്‍ നിലയിലാണ്. ഇവിടെയുണ്ടായിരുന്ന ജനറേറ്ററില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായിട്ടുള്ളതെന്നാണ് അഗ്‌നിസുരക്ഷാ സേനയുടെ കണ്ടെത്തല്‍.
വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടമാണ് ഇത്. ഇവിടങ്ങളിലെ വയറിങ്ങിനും ഏറെ പഴക്കമുണ്ട്. എളുപ്പത്തില്‍ കത്തുന്ന നൂലും മറ്റുമായിരുന്നു ഇവിടെ സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ തീ വളരെ പെട്ടന്ന് പടര്‍ന്ന് പിടിക്കുകയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഏറെ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ബ്രോഡ്‌വേയില്‍ അഗ്‌നിബാധയ്ക്ക് കൂടുതല്‍ സാധ്യതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളിലാണ് വ്യാപാര സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ ജില്ലാഭരണകൂടം ഇടപെടണമെന്നും മര്‍ഗരേഖ അടിയന്തരമായി തയാറാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. തീപിടിത്തമുണ്ടായ സ്ഥലത്ത് ബോംബ് സ്‌ക്വാഡും വൈദ്യുതി വകുപ്പും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. തീപിടിത്തവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അട്ടിമറികള്‍ നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പരിശോധിക്കുക.
തിങ്കളാഴ്ച രാവിലെയാണ് ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറില്‍ തീ പിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അപകടത്തിലുണ്ടായത്. അതേസമയം ബ്രോഡ്‌വേയില്‍ അഗ്‌നി സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."