ആറളത്തെ ചുള്ളിക്കൊമ്പനെ തളച്ചു
ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും വനാതിര്‍ത്തി പ്രദേശങ്ങളിലും നിരവധി അക്രമങ്ങള്‍ നടത്തുകയും നാല് പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്ത ചുള്ളിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടി. വനപാലകരും മയക്ക്‌വെടി വിദ്ഗധന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയും ചേര്‍ന്ന് ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ചുള്ളിക്കൊമ്പനെ തളച്ചത്.
ബ്ലോക്ക് മൂന്നില്‍ നിന്ന് ഇന്നലെ ഉച്ചക്ക് 12.30ന് ആദ്യ മയക്ക്‌വെടി നല്‍കിയെങ്കിലും പാഞ്ഞടുത്ത രണ്ട് കാട്ടാനകള്‍ ചുള്ളിക്കൊമ്പന് സംരക്ഷണം നല്‍കിയതിനാല്‍ നീക്കം വിജയിച്ചില്ല. ഈ ആനകളെ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി തുരത്തിയ ശേഷം ഉച്ചകഴിഞ്ഞ് രണ്ടരയോടെ രണ്ടാമത്തെ മയക്ക്‌വെടി നല്‍കി. മൂന്ന് കുങ്കിയാനകകളുടെ സഹായത്തോടെ ചുള്ളിക്കൊമ്പനെ ഉള്‍വനത്തില്‍ നിന്ന് റോഡിലേക്ക് നടത്തുമ്പോള്‍ ഫാമിലും പരിസരത്തും ഉണ്ടായ കനത്ത കാറ്റിലും മഴയിലും നീക്കം വീണ്ടും തടസപെട്ടു. തല്‍ക്കാലികമായി ചുള്ളിക്കൊമ്പനെ തളച്ച മരവും കാറ്റില്‍ കടപുഴകി. പിന്നീട് മഴ കുറഞ്ഞപ്പോള്‍ കുങ്കിയാനകളുടെ സഹായത്തോടെ റോഡിലെത്തിച്ചു. ഇവിടെ നിന്ന് ലോറിയില്‍ കയറ്റിയാണ് വളയംചാലില്‍ എത്തിച്ചത്. ഇന്നലെ എട്ടോടെയാണ് ആനയെ പിടികൂടി ലോറിയില്‍ കയറ്റി വളയംചാലില്‍ പ്രത്യേകം തയാറാക്കിയ കൂട്ടിലെത്തിക്കാനായത്. ഇവിടെ നിന്നു ആനയെ കുങ്കിയാനകളുടെ സഹായത്തോടെ മെരുക്കിയ ആനയെ കോടനാട് ആന വളര്‍ത്ത് കേന്ദ്രത്തിലേക്ക് മാറ്റും.
പ്രത്യേകം തയാറാക്കിയ ആനക്കൂട്ടിലേക്കു വെടിയേറ്റ ചുള്ളികൊമ്പനെ മാറ്റുന്നതിനായി പരിശീലനം സിദ്ധിച്ച മൂന്ന് കുങ്കിയാനകളെ കഴിഞ്ഞ രണ്ട് ദിവസമായി ഫാമില്‍ എത്തിച്ചിരുന്നു. മോഴയുള്‍പ്പെടെ പതിനഞ്ചോളം കാട്ടാനകളാണ് ജനവാസ മേഖലയില്‍ വിഹരിക്കുന്നത്. ചുള്ളിക്കൊമ്പനെ ഇന്നലെ പിടിക്കുമ്പോഴും ഈ ആനയാണോ ഇത്രയും ജീവനെടുത്തതെന്ന കാര്യത്തില്‍ വനം വകുപ്പിന് ഉറപ്പില്ലന്നാണ് ആദിവാസികളും ജനപ്രതിനിധികളും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."