ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: വരുന്ന അധ്യയന വര്‍ഷം മുതല്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നിലപാടില്‍ ഉറച്ച് മന്ത്രി സി. രവീന്ദ്രനാഥ്. ഇതുസംബന്ധിച്ച നിര്‍ദേശം ഇന്നുചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ ഡയരക്ടറേറ്റുകളുടെ ലയനം സംബന്ധിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുന്നോടിയായി അധ്യാപക, അനധ്യാപക സംഘടനകളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി നിലപാട് ആവര്‍ത്തിച്ചത്.
അതേസമയം ചര്‍ച്ചയില്‍ സമവായമുണ്ടായില്ല. ലയന ഉത്തരവ് പുറത്തിറങ്ങിയാല്‍ ഉടന്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പുതിയ പരിഷ്‌കാരം പൊതുവിദ്യാഭ്യാസ രംഗത്തെ പാടെ തകര്‍ക്കും. ഇതുസംബന്ധിച്ച ആശങ്കകള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ മന്ത്രി ഒളിച്ചോടുന്ന സാഹചര്യത്തിലാണ് പ്രതിഷേധപരിപാടികളിലേക്ക് കടക്കുന്നത്.
പ്രവേശനോത്സവം ബഹിഷ്‌കരണം, സ്‌കൂള്‍ ബഹിഷ്‌കരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ലയനത്തില്‍ പ്രധാനമായും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇന്നലെ രാവിലെ 11 ഓടെ ആരംഭിച്ച ചര്‍ച്ചയില്‍ സംഘടനാ പ്രതിനിധികളെ മന്ത്രി അറിയിച്ചത്. നിലവിലുള്ള പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റുകളാണ് ലയിപ്പിച്ച് ഒന്നാക്കുന്നത്. ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കുന്നത് ഡയരക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡി.ജി.ഇ) എന്ന പുതിയ ഡയരക്ടറേറ്റിന് കീഴിലായിരിക്കും. മൂന്ന് ഡയരക്ടറേറ്റുകള്‍ക്ക് കീഴില്‍ പ്രത്യേകം പ്രവര്‍ത്തിക്കുന്ന പരീക്ഷാവിഭാഗങ്ങള്‍ ഒന്നാക്കി മാറ്റും. ഒരു പരീക്ഷാ കമ്മിഷണര്‍ക്ക് കീഴിലായിരിക്കും പുതിയ പരീക്ഷാ സംവിധാനം. ഹൈസ്‌കൂളുകളും ഹയര്‍സെക്കന്‍ഡറികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നിടങ്ങളില്‍ സ്‌കൂളിനെ ഒറ്റ യൂനിറ്റാക്കി പ്രിന്‍സിപ്പലിനെ സ്ഥാപന മേധാവിയും. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെ വൈസ് പ്രിന്‍സിപ്പലുമാക്കും. ഹൈസ്‌കൂളിലെ അനധ്യാപക ജീവനക്കാരും ഓഫിസും ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്‌കൂളിന്റെ ഓഫിസ് സംവിധാനമായി മാറും.
ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ഹൈസ്‌കൂളില്‍ പഠിപ്പിക്കേണ്ടി വരുമെന്ന പ്രചാരണത്തില്‍ അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുന്നതിന് പകരം രാഷ്ട്രീയ തീരുമാനം അടിച്ചേല്‍പ്പിക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനാനേതാക്കള്‍ ആരോപിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, ഡി.പി.ഐ കെ. ജീവന്‍ബാബു, പൊതുവിദ്യാഭ്യാസ അഡീ. സെക്രട്ടറി ജെസി ജോസ്, ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയരക്ടര്‍ ഡോ. പി.പി പ്രകാശന്‍ അധ്യാപക സംഘടനാ പ്രതിനിധികളായ കെ.സി ഹരികൃഷ്ണന്‍, ഹരികുമാര്‍, എന്‍. ശ്രീകുമാര്‍, ഒ.കെ ജയകൃഷ്ണന്‍, ജെയിംസ് കുര്യന്‍, സലാഹുദ്ദീന്‍, അജിത്ത്, എ.കെ സൈനുദ്ദീന്‍, സാബുജി വര്‍ഗീസ്, ജോഷി ആന്റണി, അരുണ്‍, കെ.വി ഇന്ദുലാല്‍, അബ്ദുല്‍ലത്തീഫ്, എസ്. മനോജ് തുടങ്ങി ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും 46 ഓളം സംഘടനാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."