ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുമെന്ന സൂചന നല്‍കി സഊദി
വാഷിങ്ടണ്‍: അയല്‍ രാജ്യമായ ഖത്തറിനെതിരേ മൂന്നുവര്‍ഷമായി തുടരുന്ന ഉപരോധം പിന്‍വലിച്ചേക്കാമെന്ന സൂചന നല്‍കി സഊദി വിദേശകാര്യമന്ത്രി.
വാഷിങ്ടണില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇക്കാര്യം അറിയിച്ചത്.
പരിഹാരം കാണാമെന്ന് ഞങ്ങള്‍ യു.എസിന് ഉറപ്പുകൊടുത്തിട്ടുണ്ട്. ഖത്തറിലെ സഹോദരങ്ങളുമായി ബന്ധം തുടരാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവര്‍ക്കും താല്‍പര്യമുണ്ടെന്നാണ് കരുതുന്നത്.
എന്നാല്‍ നാലു രാജ്യങ്ങള്‍ക്കുമുള്ള സുരക്ഷാ ആശങ്ക ദൂരീകരിക്കേണ്ടതുണ്ട്. സമീപ ഭാവിയില്‍ അതിനൊരു വഴി തെളിയുമെന്നാണ് കരുതുന്നത്- അദ്ദേഹം വ്യക്തമാക്കി.
2017ലാണ് സഊദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവ ഖത്തറുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങള്‍ റദ്ദാക്കുകയും കര-വായു-ജല ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തത്. ഖത്തര്‍ ഭീകരതയ്ക്ക് പിന്തുണ നല്‍കുകയും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ഇത്. പൊതു ശത്രുവായ ഇറാനോട് ഖത്തറിന് അടുത്ത ബന്ധമാണെന്നതും ഒരു കാരണമായി.
നേരത്തെ പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം ബലികഴിച്ചുള്ള ഒത്തുതീര്‍പ്പിനു തയാറല്ലെന്നും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ ഥാനി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."