ഹാപ്പൂരിലെ ആള്‍ക്കൂട്ടക്കൊല; അധിക കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കണമെന്ന ഹരജി തള്ളി
ന്യൂഡല്‍ഹി: ഹാപ്പൂരിലെ പശുക്കൊലക്കേസില്‍ അധിക കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇരകളിലൊരാളായ സമയുദ്ദീന്‍ സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിംകോടതി അവധിക്കാല ബെഞ്ച് തള്ളി.
കേസില്‍ കൂടുതല്‍ സാക്ഷികളോ തെളിവുകളോ ഉണ്ടെങ്കില്‍ ഹരജിക്കാരന് വിചാരണക്കോടതിയില്‍ ഹാജരാക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി. കേസിലെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് 63കാരനായ സമയുദ്ദീന്‍ സുപ്രിംകോടതിയെ സമീപിച്ചത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപ്പൂര്‍ പിലാക്കുവയില്‍ 2018 ജൂണ്‍ 18ന് 45കാരനായ കാസി ഖുറേഷിയാണ് ആള്‍ക്കൂട്ടക്കൊലക്കിരയായത്. കാലിക്കച്ചവടക്കാനായ കാസിമിനെ ഇടപാടുകാരനെന്ന വ്യാജേന വിളിച്ചുവരുത്തി മര്‍ദിച്ചുകൊല്ലുകയായിരുന്നു.
കാസിമിനെ കൊലപ്പെടുത്തുന്നത് കണ്ടുവന്ന സമയുദ്ദീനെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇരുകൈകളും തല്ലിയൊടിക്കപ്പെടുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്ത സമയുദ്ദീന്‍ ഇപ്പോഴും ചികിത്സയിലാണ്. സാധാരണ തര്‍ക്കത്തിന്റെ പേരിലുള്ള കൊലയായാണ് കേസ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്.
റോഡിലുണ്ടായ സാധാരണ തര്‍ക്കമാണ് ഒരാളുടെ കൊലക്ക് കാരണമായതെന്നായിരുന്നു സുപ്രിംകോടതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയാറായിരുന്നില്ല.
തുടര്‍ന്ന് അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര പ്രത്യേക അന്വേഷണം നടത്തി സുപ്രിംകോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മീററ്റ് പോലിസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെ പ്രതികളില്‍ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുന്നത് എന്‍.ഡി.ടി.വി പുറത്തുവിട്ടു.
രണ്ടു പേരെയും അക്രമിച്ചതും മരണാസന്നനായ കാസിം വെള്ളം ചോദിച്ചപ്പോള്‍ അതുപോലും കൊടുത്തില്ലെന്നുമായിരുന്നു പ്രതികളില്‍ രണ്ടുപേരുടെ വെളിപ്പെടുത്തല്‍. ഇതോടെയാണ് സമയുദ്ദീന്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."