വയോജനസദനം മേട്രന്റെ മരണം; ആരോപണ വിധേയനായ ജില്ലാ ഓഫിസറെ സ്ഥലംമാറ്റി
കണ്ണൂര്‍: അഴീക്കോട്ടെ സര്‍ക്കാര്‍ വയോജന സദനത്തിലെ മേട്രന്‍ ജ്യോത്സ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കവെ ആരോപണ വിധേയനായ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫിസറെ സ്ഥലംമാറ്റി. ജില്ലാ ഓഫിസറായ പവിത്രന്‍ തൈക്കണ്ടിയെയാണു കോഴിക്കോട്ടേക്കു സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പകരം ജില്ലാ ഓഫിസറെ നിയമിക്കാത്തതിനാല്‍ ഓഫിസ് സൂപ്രണ്ട് പി.പി നാരായണനു അധികചുമതല നല്‍കി. ജ്യോത്സ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് വളപട്ടണം പൊലിസ് ഇന്‍സ്‌പെക്ടര്‍ എം. കൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുത്തിരുന്നു.
ആരോപണ വിധേയനായ ജില്ലാ ഓഫിസര്‍ മുന്‍പ് സ്ഥാപനത്തിലെ സൂപ്രണ്ടായതു മുതല്‍ തുടരുന്ന വ്യക്തിവിരോധമാണു മേട്രന്റെ സസ്‌പെന്‍ഷന്‍ നടപടിയെന്നും പരാതിയുണ്ട്. ജ്യോത്സ്‌നയോടു വിശദീകരണം പോലും തേടാതെ നടത്തിയ സസ്‌പെന്‍ഷന്‍ നടപടി സര്‍വിസ് ചട്ടലംഘനമാണെന്നും കുടുംബം ആരോപിക്കുന്നു. അന്തേവാസികളോടും സ്ഥാപനത്തോടും കൂറുകാണിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയുടെ അത്മഹത്യയിലേക്ക് നയിച്ച സാഹചര്യം അന്വേഷിച്ച് പരാതിയില്‍ പറയുന്ന മുഴുവന്‍ പേര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നാണു ജ്യോത്സ്‌നയുടെ ഭര്‍ത്താവ് മുരളീധരന്‍ പൊലിസില്‍ നല്‍കിയ പരാതിയിലെ ആവശ്യം.
കഴിഞ്ഞ എട്ടിനാണു സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജ്യോത്സ്‌നയെ സസ്‌പെന്‍ഡ് ചെയ്തത്. വയോജന സദനത്തില്‍ അവശതയിലുള്ള അന്തേവാസിയെ പരിചരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സസ്‌പെന്‍ഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."