ആല്‍വാറിലെ കൂട്ടബലാത്സംഗ ഇരക്ക് പൊലിസ് കോണ്‍സ്റ്റബിളായി നിയമനം
ജയ്പുര്‍: ഡല്‍ഹിക്കടുത്തുള്ള രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ട കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതിക്ക് പൊലിസ് കോണ്‍സ്റ്റബിളായി നിയമനം. ഇതുസംബന്ധിച്ച് രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് ഇറക്കി. യുവതിക്ക് ഉടന്‍ തന്നെ നിയമന ഉത്തരവ് കിട്ടുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് അറിയിച്ചു.
ഏപ്രില്‍ 26 നായിരുന്നു യുവതി ലൈംഗിക ആക്രമണത്തിനിരയായത്. ബന്ധുവിന്റെ വിവാഹചടങ്ങിന് വസ്ത്രങ്ങള്‍ വാങ്ങാനായി ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകുമ്പോള്‍ അഞ്ചംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കിയ ശേഷം അദ്ദേഹത്തെ ആയുധംചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. അക്രമികള്‍ മൂന്നുമണിക്കൂറോളം സമയമാണ് യുവതിയെ ലൈംഗിക ആക്രമണത്തിന് ഇരയാക്കിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ദമ്പതികളുടെ കയ്യിലുണ്ടായിരുന്ന 2000 രൂപയും മൊബൈല്‍ ഫോണും സംഘം തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തനാകാന്‍ സമയമെടുത്തതിനാല്‍ നാലുദിവസത്തിന് ശേഷമാണ് ദമ്പതികള്‍ പൊലിസില്‍ പരാതി നല്‍കിയത്.
പ്രതികളുടെ ജാതി, രാഷ്ട്രീയ ബന്ധങ്ങള്‍ കാരണം അന്വേഷണത്തില്‍ പൊലിസ് ഉദാസീനത കാണിച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇരകളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചത് സംഭവത്തിന് വന്‍ രാഷ്ട്രീയ പ്രധാന്യം കൈവരികയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."