ജാവലിന്‍ ത്രോയില്‍ ലോക റെക്കാര്‍ഡോടെ സ്വര്‍ണം; ചരിത്രമെഴുതി നീരജ് ചോപ്ര
ബൈഗോഷ്‌സ്: ഇന്ത്യന്‍ കൗമാര താരം നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ ലോക റെക്കാര്‍ഡോടെ സ്വര്‍ണം നേടി പുതിയ ചരിത്രമെഴുതി. പോളണ്ടിലെ ബൈഗോഷ്‌സില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിലാണ് നീരജിന്റെ പ്രകടനം. നീരജിന്റെ ജാവലിന്‍ 86.48 മീറ്റര്‍ ദൂരം താണ്ടിയാണ് റെക്കോര്‍ഡിന്റെ മുഴക്കം ആദ്യമായി ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ കേള്‍പ്പിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്‌ലറ്റ് ലോക റെക്കോര്‍ഡ് ഭേദിക്കുന്നത്. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ അത്‌ലറ്റ് നേടുന്ന ആദ്യ സ്വര്‍ണമെന്ന പെരുമയും നീരജിന്റെ ഈ പ്രകടനത്തിനു സ്വന്തം. ലാത്വിയയുടെ സിഗിസ്മുണ്ട്‌സ് സിര്‍മയിസ് 2011ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇന്ത്യന്‍ താരത്തിനു മുന്നില്‍ വഴി മാറിയത്. ദക്ഷിണാഫ്രിക്കയുടെ ജൊഹാന്‍ ഗ്രോബ്ലറിനാണ് (80.59 മീ.) വെള്ളി. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് (79.65 മീ.)വെങ്കലം നേടി.
ആദ്യ ശ്രമത്തില്‍ നീരജ് രണ്ടാം സ്ഥാനത്തായിരുന്നു. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ താരം 79. 66 മീറ്റര്‍ ദൂരമാണ് എറിഞ്ഞിട്ടത്. ദക്ഷിണാഫ്രിക്കന്‍ താരം ജൊഹാന്‍ ഗ്രോബ്ലര്‍ ആദ്യവട്ടം 80.59 മീറ്റര്‍ കടന്നു ഒന്നാമതായി. എന്നാല്‍ തന്റെ രണ്ടാം ശ്രമത്തില്‍ റെക്കോര്‍ഡ് നോട്ടത്തിലേക്കാണ് നീരജ് ജാവലിന്‍ പായിച്ചത്. 2011ല്‍ ലാത്വിയയുടെ സിഗിസ്മുണ്ട്‌സ് സിര്‍മയിസ് സ്ഥാപിച്ച (84.69) റെക്കോര്‍ഡായിരുന്നു ഇതുവരെ ഈയിനത്തിലെ മികച്ച ദൂരം. മൂന്നാം അവസരത്തില്‍ 78.36 ദൂരം പിന്നിടാന്‍ നീരജിനു സാധിച്ചെങ്കിലും നാലാം അവസരം ഫൗളില്‍ അവസാനിച്ചു. രണ്ടാം സ്ഥാനം നേടിയ ദക്ഷിണാഫ്രിക്കന്‍ താരം രണ്ടാം ശ്രമത്തില്‍ 69.01 ദൂരവും മൂന്നാം ശ്രമത്തില്‍ 75.16മാണ് എറിഞ്ഞത്.
ഹരിയാനയിലെ ഖന്ദ്രയെന്ന ഗ്രാമമാണ് നീരജിന്റെ സ്വദേശം.
അണ്ടര്‍ 20 ലോക മീറ്റിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. നേരത്തെ വനിതാ ഡിസ്‌കസ് ത്രോ താരങ്ങളായ സീമ ആന്റില്‍, നവജീത് കൗര്‍ ധില്ലന്‍ എന്നിവര്‍ നേടിയ വെങ്കലമായിരുന്നു ഇന്ത്യന്‍ സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."