വര്‍ഗീയ ശക്തികളെ പ്രതിരോധിക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകളുടെ അവകാശ സംരക്ഷണ പ്രശ്‌നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും അതില്‍നിന്ന് പിറകോട്ടുപോകുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പൊതുവായ അന്തരീക്ഷം ഹനിക്കാനും നവോത്ഥാന പാരമ്പര്യം അട്ടിമറിക്കാനും ഇളകിയാടിവരുന്ന വര്‍ഗീയ ശക്തികളെ ശക്തമായി പ്രതിരോധിക്കാന്‍ മുന്നില്‍നില്‍ക്കുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ അതിനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സര്‍ക്കാര്‍ വിശാസികള്‍ക്കെതിരാണെന്ന് വരുത്തിതീര്‍ക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിച്ചു. ഇതിനായി പലതരത്തില്‍ വഴിവിട്ട പ്രചാരണരീതി സ്വീകരിച്ചു. എക്കാലവും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ജനവിഭാഗം തെറ്റിദ്ധരണയുടെ ഭാഗമായി തെരഞ്ഞെടുപ്പില്‍ എതിര്‍നിലപാട് എടുത്തിട്ടുണ്ടോയെന്ന് താഴെ തട്ടിലടക്കം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കേരളം തീവ്രവാദ ഭീഷണി നേരിടുന്ന സമയത്ത് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവയെ കൂടെകൂട്ടിയ യുഡിഎഫ് നിലപാട് ശരിയായോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ധൃതി കാണിച്ചുവെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഒരു തിടുക്കവും കാട്ടിയിട്ടില്ല. സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ആര് മുഖ്യമന്ത്രിയായാലും നടപ്പാക്കാന്‍ ബാധ്യസ്ഥനാണ്. ഈ വിഷയം തങ്ങള്‍ കൈകാര്യം ചെയ്തത് പാളിപ്പോയെന്നും ചിലര്‍ പറയുന്നു. എവിടെയാണ് പാളിയത്? സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തോ? വിധിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ശബരിമല ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ സംസ്ഥാന സര്‍ക്കാരിന് തടയാനാകുമോ? അങ്ങനെ തടഞ്ഞാല്‍ കോടതി വിധി നിരാകരിക്കലും കോടതിയലക്ഷ്യവുമാകില്ലേ എന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ വിശ്വാസത്തിനെതിരാണെന്ന് പറഞ്ഞ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ തെരഞ്ഞെടുപ്പില്‍ ശ്രമം നടന്നു. ഇതിനായി ചില സന്യാസ വേഷധാരികള്‍ വരെ രംഗത്തിറങ്ങി. സ്വാമി ചിതാനന്ദപുരി രണ്ടിടത്തൊഴികെ ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ പറഞ്ഞത് ഇതിന് തെളിവാണ്. എന്നാല്‍ സര്‍ക്കാര്‍ വിശ്വാസത്തിനോ വിശ്വാസികള്‍ക്കോ എതിരല്ല. ഏതൊരാള്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാം. അവര്‍ക്കു സംരക്ഷണം നല്‍കല്‍ സര്‍ക്കാരിന്റെ നയമാണ്.
മോഡിയെ തടയാന്‍ കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കാന്‍ കഴിയൂ എന്നു വിശ്വസിച്ച ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് വോട്ടു ചെയ്തു. എന്നാല്‍ തങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ആ പാവങ്ങള്‍ തിരിച്ചറിഞ്ഞു. അത് എത്ര വലിയ തിരിച്ചറിവാണെന്ന് യുഡിഎഫിന് താമസിയാതെ ബോധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."