മാവോയിസ്റ്റ് മുരളീധരന്‍ കണ്ണമ്പള്ളിക്ക് ജാമ്യം നല്‍കിയ വിധി സുപ്രിം കോടതി ശരിവച്ചു: മഹാരാഷ്ട്ര സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി
ന്യൂഡല്‍ഹി: നിരോധിത സംഘടനയില്‍ അംഗമാണെന്ന ഒറ്റക്കാരണത്താല്‍ ഒരാള്‍ ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയായെന്ന് അനുമാനിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മലയാളിയായ മാവോയിസ്റ്റ് അനുഭാവിയും സൈദ്ധാന്തികനുമായ മുരളീധരന്‍ കണ്ണമ്പള്ളിക്ക് ജാമ്യം നല്‍കിയ ബോംബെ ഹൈക്കോടതി നടപടി സുപ്രിംകോടതി ശരിവച്ചു.
ജാമ്യം ചോദ്യം ചെയ്തു മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. നിലവിലുള്ള ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ യാതൊരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര, എം.ആര്‍ ഷാ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു.
2015ല്‍ പൂനെയിലാണ് മുരളീധരനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ പ്രകാരം നിരോധിക്കപ്പെട്ട സി.പി.ഐ(മാവോയിസ്റ്റ്)സംഘടനയിലെ അംഗമാണെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ചില മാവോയിസ്റ്റ് സാഹിത്യങ്ങള്‍ മുരളീധരനില്‍ നിന്ന് കണ്ടെടുത്തതായും പോലിസ് അറിയിച്ചിരുന്നു. അതേ വര്‍ഷം ഒക്ടോബറില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി ജഡ്ജി നിതിന്‍ ഡബ്ല്യൂ. സാംബറെ പോലിസ് ഹാജരാക്കിയ തെളിവുകള്‍ പ്രതിക്കെതിരേ യു.എ.പി.എയുടെ 20ാംവകുപ്പ് ചുമത്താന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി. ജീവപര്യന്തം തടവു വിധിക്കാവുന്നതാണ് യു.എ.പി.എ 20ാം വകുപ്പ്.
പ്രതി ഏതെങ്കിലും കുറ്റം ചെയ്തതായി ആരോപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുരളീധരന് ജാമ്യം അനുവദിച്ചു. പ്രതി ഭീകരപ്രവര്‍ത്തനം നടത്തിയതിന് തെളിവ് ലഭിക്കാത്ത കാലത്തോളം യു.എ.പി.എയുടെ 20ാം വകുപ്പ് നിലനില്‍ക്കില്ലെന്നും മാവോവാദി സംഘടനയില്‍ അംഗമാണെന്നത് കൊണ്ടുമാത്രം കുറ്റക്കരനാവില്ല. ഈ വകുപ്പ് പ്രകാരം ഒരാള്‍ക്കെതിരേ കുറ്റം ചുമത്തണമെങ്കില്‍ അയാള്‍ നേരിട്ട് ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയായെന്നതിന് തെളിവ് വേണം. അതില്ലാത്ത സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുകയാണെന്നും ഹൈക്കോടതി പറഞ്ഞു.
ഈ വിധിയാണ് സുപ്രിംകോടതിയും ഇന്നലെ ശരിവച്ചത്. ജാമ്യം ലഭിക്കുമ്പോള്‍ മൂന്നര വര്‍ഷം ജയിലില്‍ പൂര്‍ത്തിയാക്കിയിരുന്നു മുരളീധരന്‍. ഹൈക്കോടതി ജാമ്യം നല്‍കിയെങ്കിലും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയ പശ്ചാത്തലത്തില്‍ മുരളീധരനെ മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതി അനുമതിയോടെ ജയിലില്‍ തന്നെ പാര്‍പ്പിക്കുകയായികുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."