അവസരം നല്‍കിയിട്ടും തിരികെ പ്രവേശിച്ചില്ല: അനധികൃതമായി വിട്ടുനിന്ന 432 ജീവനക്കാരെ ആരോഗ്യവകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നിന്ന ആരോഗ്യ വകുപ്പിലെ 432 ജീവനക്കാരെ പിരിച്ചുവിട്ടു. 385 ഡോക്ടര്‍മാരേയും 47 മറ്റ് ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. പലതവണ അവസരം നല്‍കിയിട്ടും ഇവര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. അനധികൃതമായി അവധിയില്‍ തുടരുന്നവരെ കണ്ടെത്താന്‍ കര്‍ശന നടപടി തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാല്‍ തന്നെയാണ് ഇച്ഛാശക്തിയോടെ കര്‍ശനമായ നടപടി സ്വീകരിച്ചത്.
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ആരോഗ്യ വകുപ്പിലെ
ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു,ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."