ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കണമെന്ന് എ.എ.പി
ലഖ്‌നൗ: പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തര്‍പ്രദേശ് നാലായി വിഭജിക്കണമെന്ന് ആംആദ്മി പാര്‍ട്ടി. നേരത്തെതന്നെ ഈ ആവശ്യം ഉന്നയിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വിഭജനം ആവശ്യപ്പെട്ട് ആംആദ്മിയും രംഗത്തെത്തിയത്. വിസ്തൃതിയിലും ജനസംഖ്യയിലും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനം ഭരിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് നാലായി വിഭജിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നതെന്ന് ആംആദ്മി പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും അവര്‍ അറിയിച്ചു.
80 ലോക്‌സഭാ സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഏറ്റവും വലിയ സംസ്ഥാനം എന്ന നിലയിലും ജനസംഖ്യയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് യു.പി. ഒരു രാജ്യത്തിന് തുല്യമായ ജനസംഖ്യയാണ് ഈ സംസ്ഥാനത്തുള്ളത്. ഇത്തരമൊരു സംസ്ഥാനത്ത് ഭരണം നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് തിരിച്ചറിയേണ്ടതുണ്ടെന്ന് ആംആദ്മി വക്താവ് സഞ്ജയ് സിങ് പറഞ്ഞു.
കൃത്യമായ ഭരണ നിര്‍വഹണത്തിനും വികസനത്തിനും ചെറിയ സംസ്ഥാനങ്ങള്‍ അനിവാര്യമാണ്. ഇതിനായി ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കുകയാണ് വേണ്ടത്. ഔധ്, ബുന്ദേല്‍ഖണ്ഡ്, പൂര്‍വാഞ്ചല്‍, പശ്ചിമ യു.പി എന്നിങ്ങനെ ഉത്തര്‍പ്രദേശിനെ വിഭജിക്കണം. ഇത് നടപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടി പാര്‍ട്ടി ഉടന്‍ തീരുമാനിക്കുമെന്ന് പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
2007ല്‍ മായാവതി മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനം നാലായി വിഭജിക്കണമെന്ന പ്രമേയം ആദ്യമായി നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രമേയത്തെ കോണ്‍ഗ്രസും ബി.ജെ.പിയും അനുകൂലിക്കുകയും ചെയ്തിരുന്നു. പിന്നീട് സമാജ് വാദി പാര്‍ട്ടി അധികാരത്തിലെത്തിയതോടെ ആവശ്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
ഇപ്പോള്‍ വീണ്ടും വിഭജന ആവശ്യം ശക്തമാക്കാനാണ് എ.എ.പിയുടെ തീരുമാനം. ക്രമസമാധാന രംഗത്തെ പരിതാപകരമായ അവസ്ഥ, വികസന പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന കെടുകാര്യസ്ഥത, സ്‌കൂളുകള്‍, റോഡുകള്‍, ആശുപത്രികള്‍ എന്നിവയുടെ കുറവ് എന്നിവ ഉത്തര്‍പ്രദേശിനെ ഏറ്റവും മോശമായ സംസ്ഥാനമായി മാറ്റുകയാണ്. എന്നാല്‍ യു.പി നാല് സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടാല്‍ വന്‍വികസനത്തിലേക്ക് വഴിവയ്ക്കും.
സംസ്ഥാനം വിഭജിക്കണമെന്നത് ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. ഇതിനായി ജനങ്ങള്‍ക്കൊപ്പം നിന്ന് സമ്മര്‍ദം ചെലുത്താന്‍ പാര്‍ട്ടി ഒരുക്കമാണെന്നും അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.
എന്‍.ഡി.എ അധികാരത്തിലുള്ളപ്പോഴാണ് ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ വിഭജിച്ച് ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്. പ്രമുഖ പാര്‍ട്ടികള്‍ക്കൊപ്പം രാഷ്ട്രീയ ലോക്ദള്‍, ബുന്ദേല്‍കണ്ഡ് കോണ്‍ഗ്രസ്, ജന്‍ക്രാന്തി പാര്‍ട്ടി, രാഷ്ട്രീയ ലോക് മഞ്ച്, പീസ് പാര്‍ട്ടി എന്നിവരും യു.പിയുടെ വിഭജനം ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."