വേണ്ടത് കേരള മോഡല്‍ മുന്നണി
രണ്ടു മാസത്തില്‍ കൂടുതല്‍ നീണ്ടുനിന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി, 17ാം ലോക്‌സഭയുടെ ചിത്രം വ്യക്തമായി. രാജ്യത്തിന്റെ അടുത്ത അഞ്ചു വര്‍ഷം കൂടി വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്ന സൂചനയാണ് മെയ് 23ലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ മതനിരപേക്ഷ കക്ഷികള്‍ കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന സൂചന കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.
എന്നാല്‍, കേരളവും തമിഴ്‌നാടും ആന്ധ്രപ്രദേശും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ശുഭസൂചനയാണ് നല്‍കുന്നത്. രാജ്യത്തെ വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും പ്രബുദ്ധരായ ജനങ്ങള്‍ വര്‍ഗീയതയ്ക്കും വിഭാഗീയ ചിന്തകള്‍ക്കും അതീതമായി ഉയര്‍ന്നു ചിന്തിക്കുന്നു എന്നത് ഏറെ പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. കേരളവും തമിഴ്‌നാടും രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ കക്ഷികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ നല്ല ഒരു പാഠമാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും വലിയ മതനിരപേക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഈ സംസ്ഥാനങ്ങളില്‍ കൈക്കൊണ്ട നിലപാട് ഏറെ ആശാവഹവും വന്‍ വിജയവുമായിട്ടുണ്ട്. ഈ രീതി ഭാവിയില്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും പരീക്ഷിക്കാവുന്നതാണ്.
തട്ടിക്കൂട്ട് മുന്നണി ബന്ധങ്ങള്‍ക്കപ്പുറം വ്യവസ്ഥാപിതമായ രീതിയില്‍ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി മാതൃകയിലുള്ള മുന്നണി സംവിധാനങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം. ഇത്തരത്തിലുള്ള ഒരു സംവിധാനത്തിന്റെ വിജയം കൂടിയാണ് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം. കന്യാകുമാരിയില്‍ ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയെ വരെ പരാജയപ്പെടുത്തിയാണ് ഡി.എം.കെ- കോണ്‍ഗ്രസ്- മുസ്്‌ലിം ലീഗ് സഖ്യം തമിഴ്‌നാട്ടില്‍ വിജയക്കൊടി പാറിച്ചത്.
ഇക്കുറി ഡല്‍ഹിയില്‍ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമാണ് മുന്നണി സംബന്ധമായ ചര്‍ച്ചകള്‍ നടന്നത്. ദേശീയ തലത്തില്‍ ഒരു മുന്നണി പ്രഖ്യാപിച്ചത് വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ്. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും പാടില്ലെന്ന പിടിവാശിയുണ്ടായിരുന്ന സി.പി.എമ്മിന്റെ വരെ മാനം കാത്തത് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസും ലീഗും ഉള്‍പെടുന്ന മുന്നണി സംവിധാനമാണെന്ന കാര്യം ആ പാര്‍ട്ടിക്കും ഒരു പാഠമാണ്. ചിത്രം മറിച്ചായിരുന്നുവെങ്കില്‍ 17ാം ലോക്‌സഭയില്‍ ഒരംഗം മാത്രമായി ഇടതുപക്ഷം ചരിത്രപരമായ പരാജയം ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. മുസ്്‌ലിം ലീഗ് പ്രതിനിധികളില്ലാത്ത ലോക്‌സഭയായിരിക്കും ഇക്കുറി എന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ പിണറായി വിജയന്റെ പാര്‍ട്ടിക്ക് രണ്ടംഗങ്ങളെ തമിഴ്‌നാട്ടില്‍ നിന്ന് വിജയിപ്പിക്കാന്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തകരുടെ കൂടി അധ്വാനം വേണ്ടിവന്നു എന്നത് ആ പാര്‍ട്ടി മറക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിനെ മൂക്കില്‍ വലിക്കാന്‍ നടന്ന സി.പി.എം ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ലീഗിന്റെ ഏഴയലത്ത് പോലും എത്തിയിട്ടില്ലെന്ന കാര്യവും ഓര്‍ക്കുന്നത് നന്നാവും.
കേരളത്തിലെ 20 സീറ്റില്‍ 19ലും വിജയിച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ നേട്ടം യു.ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും രാജ്യത്തെ ജനാധിപത്യം തന്നെ അപകടത്തിലായ സമയത്ത് കോണ്‍ഗ്രസിനൊപ്പം നിന്ന് സംസ്ഥാനത്തെ ജനാധിപത്യ വിശ്വാസികള്‍ കാണിച്ച രാഷ്ട്രീയ പ്രബുദ്ധതയുടെയും വിജയമാണ്. ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ മതനിരപേക്ഷ കക്ഷികള്‍ ഭിന്നിച്ചു നിന്നതില്‍ നിന്നാണ് ബി.ജെ.പി നേട്ടം കൊയ്തത്. പരമത വിദ്വാഷംപടര്‍ത്തിയും ഇത്രയും കാലം നാം അഭിമാനിച്ചിരുന്ന രാജ്യത്തിന്റെ ജാതി, മത, ഭാഷാ, സംസ്‌കാര വൈവിധ്യങ്ങളെ വരെ വിദ്വാഷ പ്രകടനത്തിനുള്ള ആയുധമാക്കിയുമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിജയം നേടിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലയാളിയെ രാജ്യസ്‌നേഹിയായി കാണുന്ന സ്ഥാനാര്‍ഥിയെപ്പോലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് വിജയിപ്പിക്കാന്‍ ബി.ജെ.പിക്കു സാധിച്ചത് ഇതിന്റെ വ്യക്തമായ തെളിവാണ്. ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തി ഗാന്ധി ഘാതകന്റെ മനസ്സ് രാജ്യത്ത് വളര്‍ത്തി എടുക്കുന്നതില്‍ ബി.ജെ.പി വിജയിക്കുന്നു എന്നത് ഏറെ അപകടകരമാണ്.
ഇക്കുറി ബി.ജെ.പി വിജയം നേടിയ സംസ്ഥാനങ്ങളില്‍ പൊതുവായ മറ്റു ചില സമാനതകള്‍ കണ്ടില്ലെന്ന് നടിക്കരുത്. താല്‍ക്കാലികമായ നേട്ടങ്ങള്‍ക്കു വേണ്ടിയും മതേതര കക്ഷികളിലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും കഴിഞ്ഞ കാലങ്ങളില്‍ ബി.ജെ.പിയുടെ സഖ്യ കക്ഷികളാവുകയോ ബി.ജെ.പിയുമായി സഹകരിക്കുകയോ ചെയ്ത പാര്‍ട്ടികളെ ഇക്കുറി ജനം വിശ്വാസത്തിലെടുത്തില്ലെന്ന് കാണാനാവും. ഇക്കുറി ശക്തമായ ബി.ജെ.പി വിരുദ്ധ നിലപാട് എടുത്ത ആന്ധ്രപ്രദേശിലെ ടി.ഡി.പി, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്കും ബി.ജെ.പി മുന്നണിയുടെ ഘടകകക്ഷിയായി നിന്ന തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെയ്ക്കും ഈ തെരഞ്ഞെടുപ്പില്‍ നഷ്ടമുണ്ടായി.
പശ്ചിമ ബംഗാളില്‍ ബി.ജെ.പി രണ്ടു സീറ്റില്‍ നിന്ന് രണ്ടക്ക സീറ്റിലേക്ക് ഉയര്‍ന്നത് നേരത്തെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിനായി ബി.ജെ.പിയുമായി കൂട്ടുകൂടുക വഴി തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി അത്ര തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന മാനസികാവസ്ഥ സൃഷ്ടിച്ചത് മൂലമാണെന്ന് അനുമാനിക്കാവുന്നതാണ്. അതേസമയം, കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗമായി നാലു വര്‍ഷത്തോളം പ്രവര്‍ത്തിച്ച ടി.ഡി.പിക്ക് ആന്ധ്രയില്‍ തിരിച്ചടി ലഭിച്ചത് മതേതര കക്ഷികളുടെ മതനിരപേക്ഷ നിലപാടുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമാകുന്നതിന്റെ ഭാഗമായി കാണേണ്ടതുണ്ട്. ജമ്മു കശ്മിരില്‍ പി.ഡി.പിക്കു നേരിടേണ്ടി വന്നതും സമാനമായ അനുഭവമാണ്.
ഇന്നലെകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കേരള മോഡല്‍ മുന്നണി സംവിധാനം രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇന്നു തന്നെ തുടക്കമിടണം. ഇതൊരു സ്ഥിരം സംവിധാനമായിരിക്കുകയും രാജ്യത്തിന്റെ പൈതൃകവും താല്‍പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന എല്ലാ കക്ഷികളെയും ഉള്‍ക്കൊള്ളാന്‍ ഈ മുന്നണിക്കാവുകയും വേണം.
കൂടാതെ, കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം അടിത്തട്ടു മുതല്‍ ശക്തമാക്കുക എന്നുള്ളതും അനിവാര്യമാണ്. അടിത്തട്ടിലുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാനും ഇന്ത്യക്ക് വേണ്ടി ജനങ്ങള്‍ക്ക് ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാനും സാധിക്കുകയുള്ളൂ. അതിനാവട്ടെ ഇനിയുള്ള നാളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."