ഭൂജലനിരപ്പ് താഴ്ന്നുതന്നെ
മലപ്പുറം: ഇടയ്ക്കുപെയ്ത മഴ ചൂടിനു ചെറിയൊരാശ്വാസമായെങ്കിലും ജില്ലയില്‍ ജലലഭ്യതയുടെ തോതില്‍ വലിയ മാറ്റമൊന്നും സൃഷ്ടിച്ചില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തിരുന്നു. എന്നാല്‍, ജനസംഖ്യ അധികമായതിനാല്‍ ജില്ലയില്‍ ജല ഉപഭോഗം നിയന്ത്രണാതീതമാണ്.
കാലവര്‍ഷം വൈകുന്നതു ഭൂജലനിരപ്പില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വലിയൊരളവില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ജില്ലയില്‍ പെരിന്തല്‍മണ്ണ, തിരൂരങ്ങാടി ഭാഗങ്ങളിലാണ് ഭൂജലനിരപ്പ് ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗങ്ങളിലാണ് കൂടുതല്‍ വരള്‍ച്ച ബാധിച്ച കിണറുകളും കണ്ടെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിര്‍മിച്ച 58 നിരീക്ഷണ കിണറുകളുടെ അടിസ്ഥാനത്തിലാണ് ഭൂജലനിരപ്പ് കണക്കാക്കപ്പെടുന്നത്.
ഓരോ മാസവും ആദ്യവാരത്തിലാണ് നിരീക്ഷണം നടത്തുക. പൈപ്പ്, ഷവര്‍, ടോയ്‌ലറ്റ് ഫ്‌ളഷ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും കുടിവെള്ളമുപയോഗിച്ചു വാഹനങ്ങളും മറ്റും കഴുകുന്നതു നിര്‍ത്തണമെന്നുമാണ് ഭൂജല സംരക്ഷണത്തിനായി വകുപ്പ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. പ്രധാനമായും കൃഷിയാവശ്യത്തിനും മറ്റുമായി അമിതമായുള്ള പമ്പിങ്, കെട്ടിട നിര്‍മാണം, മറ്റു വ്യവസായങ്ങള്‍ എന്നിവ മുഖേനയാണ് ഭൂജലം കൂടുതലായും നഷ്ടമാകുന്നത്. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ കുഴല്‍ക്കിണറുകളെക്കുറിച്ച് ചിന്തിക്കാവൂവെന്നും ആറു മാസത്തിനിടയില്‍ ഒരു സ്വകാര്യ കുഴല്‍ക്കിണറിനുപോലും വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നും എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ എ. അനിതാ നായര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള കുടിവെള്ള പദ്ധതികള്‍ക്കു മാത്രമാണ് വകുപ്പ് ഊന്നല്‍നല്‍കുന്നത്. വിദ്യാര്‍ഥികളടക്കമുള്ള പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ ഭൂജല വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. ഭൂജല സംഭരണത്തിന്റെ പ്രധാന സ്രോതസായ മഴവെള്ള സംഭരണി നിര്‍മാണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്വന്തമായി കിണറുകളുള്ള ആറു പൊതുവിദ്യാലയങ്ങള്‍ക്കു മഴവെള്ള സംഭരണി നിര്‍മിച്ചുനല്‍കാന്‍ ജില്ലാ ഭൂജല വകുപ്പിന് സാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."