കേന്ദ്ര നടപടി രാജ്യത്തിന്റെ ഭാവി അപകടപ്പെടുത്തുന്നത്: ഖാദര്‍ മൊയ്തീന്‍
മലപ്പുറം: ഇന്ത്യയുടെ ഭാവിയെ അപകടപ്പെടുത്തുന്ന നടപടികളാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചെതെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് ദുരിതാശ്വാസ ഫണ്ട് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം രാജ്യത്തെ പിറകോട്ട് കൊണ്ടുപോയിരിക്കുന്നു. എല്ലാവരും വിലക്കയറ്റത്തിന്റെ ദുരിതം പേറുകയാണ്. പെട്രോള്‍ വില വര്‍ധന താങ്ങാനാവുന്നതിലുമപ്പുറമാണ്. പട്ടേല്‍ പ്രതിമയ്ക്ക് 6,000 കോടി രൂപ ചെലവഴിക്കുന്നവര്‍ പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തെ അവഗണിക്കുകയാണ്. ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും രാജ്യത്തെ ജനത അടുത്ത തെരഞ്ഞെടുപ്പില്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ പരാജയം വരാന്‍ പോവുന്ന മാറ്റത്തിന്റെ സൂചനകളാണ്. ബി.ജെ.പി പോയി പുതിയ ഇന്ത്യ നിലവില്‍ വന്നാല്‍ പുതിയ മന്ത്രിസഭയില്‍ മുസ്‌ലിം ലീഗിന്റെ പ്രാതിനിധ്യമുണ്ടാവും. പാര്‍ട്ടി ശക്തമായ കേരളത്തിലും തമിഴ്‌നാട്ടിലും യഥാക്രമം കോണ്‍ഗ്രസും ഡി.എം.കെയും നയിക്കുന്ന മുന്നണികളില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ സമാഹരണ പദ്ധതികളിലൂടെ സ്വരൂപിച്ച ആദ്യ ഗഡുവായ 55 ലക്ഷം രൂപ പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി, മുസ്‌ലിംലീഗ് തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം മുഹമ്മദ് അബൂബക്കര്‍ എം.എല്‍.എ, ട്രഷറര്‍ എം.എസ്.എ ഷാജഹാന്‍, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എന്‍.എ കരീം തുടങ്ങിയവര്‍ ഫണ്ട് കൈമാറ്റ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."